ഹരിദ്വാര്‍: മലയാള ചലച്ചിത്ര നടി ഭാമയ്ക്ക് ഗംഗാ നദിയില്‍ വീണ് പരിക്കേറ്റു. പുണ്യനഗരമായ ഹരിദ്വാറില്‍ കന്നഡ ചിത്രമായ അംബരയുടെ ഷൂട്ടിംഗിനിടയിലാണ് ഭാമ ഗംഗയില്‍ വീണത്. വീഴ്ചയില്‍ കൈമുട്ടിന്റെ ചിരട്ടയ്ക്ക് പൊട്ടല്‍ വീണു.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. മൃതദേഹമായി ഗംഗാ നദിയിലൂടെ ഒഴുകി നടക്കുന്ന രംഗത്തിന്റെ ചിത്രീകരണമായിരുന്നു നടന്നത്. രംഗം ഡമ്മികൊണ്ട് ചിത്രീകരിച്ചെങ്കിലും തൃപ്തിയാകാത്തതിനാല്‍ ഭാമ സ്വയം രംഗം ചിത്രീകരിക്കാനായി നദിയിലിറങ്ങി. ബെല്‍റ്റും കയറുമുപയോഗിച്ച് കരയില്‍ നില്ക്കുന്നവര് ഭാമയെ പിടിച്ചിരുന്നുവെങ്കിലും ശക്തമായ ഒഴുക്കില്‍ നിയന്ത്രണം വിട്ട ഭാമ പാറക്കെട്ടില്‍ ചെന്നിടിക്കുകയായിരുന്നു. നായികയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണ്.