Image

സ്വകാര്യ ഫോട്ടോകള്‍ പരസ്യമാക്കിയ കേസില്‍ അര മില്യന്‍ നഷ്ടപരിഹാരം: മലയാളി അറ്റോര്‍ണി നേടിക്കൊടുത്ത വിജയം

Published on 10 March, 2014
സ്വകാര്യ ഫോട്ടോകള്‍ പരസ്യമാക്കിയ കേസില്‍ അര മില്യന്‍ നഷ്ടപരിഹാരം: മലയാളി അറ്റോര്‍ണി നേടിക്കൊടുത്ത വിജയം
ഹൂസ്റ്ററ്റണ്‍ : തീവ്ര പ്രണയത്തിനിടക്ക് കാമുകി സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ കാമുകനു കൈമാറി. 16 വയസ്സില്‍ തുടങ്ങിയ പ്രണയം ഏഴു വര്‍ഷം നീണ്ടു നിന്നു. അതു കഴിഞ്ഞപ്പോള്‍ അവര്‍ പിണങ്ങി. പ്രതികാര ദാഹിയായ കാമുകന്‍ കാമുകിയുടെ സ്വകാര്യ ഫോട്ടോകളും വീഡിയോയും യൂ ട്യൂബിലിട്ടു. ഓരോ ദിവസവും അത് ഇത്ര പേര്‍ വീതം കണ്ടുവെന്നു ആ കശ്മലന്‍ മുന്‍ കാമുകിക്കു റിപ്പോര്‍ട്ടും നല്‍കിക്കൊണ്ടിരുന്നു. കാമുകനെതിരെ യുവതി ടെക്‌സസ് പോലീസില്‍ പരാതി നല്‍കി. പക്ഷെ കാമുകനെതിരെ കേസെടുക്കാന്‍ നിയമമില്ല. റിവഞ്ച് പോണ്‍ (പ്രതികാരത്തിനുള്ള അശ്ലീലം പ്രദര്‍ശിപ്പിക്കല്‍) കുറ്റമല്ല. ഫസ്റ്റ് അമന്‍ഡ്മന്റ് പ്രകാരമുള്ള സംസാര സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണത്! ന്യൂജേഴ്‌സി, കാലിഫോര്‍ണിയ എന്നീ സ്റ്റേറ്റുകളില്‍ മാത്രമാണു അതു കുറ്റം.
എങ്കില്‍ പിന്നെ കാമുകനെതിരെ നഷ്ടപരിഹാരത്തിനു സിവില്‍ കേസ് കൊടുക്കാനായി കാമുകിയുടെ ശ്രമം. പക്ഷെ ഒരൊറ്റ അറ്റോര്‍ണിയും കേസ് സ്വീകരിക്കുന്നില്ല. കാരണം കാമുകന്‍  നിയമം ലംഘിച്ചു എന്നു കാട്ടാനില്ലല്ലൊ.

അവസാനം ആ സ്ത്രീ ഹൂസ്റ്റണില്‍ അറ്റോര്‍ണി കോട്ടയം സ്വദേശിയായ ജോസഫ് മാത്യൂവിനെ സമീപിച്ചു. മൂന്നു വര്‍ഷം മുന്‍പ് സ്വന്തം ഓഫീസ് തുടങ്ങിയ ജോസഫ് മാത്യൂ കേസ് ഏറ്റെടുത്തു.
Harris കൗണ്ടി ജൂറി കാമുകനെതിരെ വിധിച്ചു. അര മില്യണ്‍ ഡോളര്‍ കാമുകിക്കു നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി.

ഇതു ടെക്‌സസിലെ നീതിന്യായ രംഗത്തു ചരിത്രമായി. അതിനു പുറമെ ഈ പ്രശ്‌നത്തില്‍ പുതിയ നിയമം കൊണ്ടു വരണമെന്ന് ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചു. അറ്റോര്‍ണി ജോസഫ് മാത്യൂവിനു സന്തോഷം. കേസ് വിജയിക്കുകയും അര മില്യന്റെ വിധി നേടുകയും ചെയ്തത് നിസ്സാര കാര്യമല്ല. അതിനു പുറമെ നിയമ മാറ്റവും പരിഗണയില്‍.

ഒരു കാര്യം കൂടി. കാമുകനും കാമുകിയും ഇന്ത്യാക്കാരല്ല. തന്റെ കക്ഷിയുടെ പേരു പുറത്തറിയാതിരിക്കാന്‍ കേസ് രേഖകളെല്ലാം കോടതിയെക്കൊണ്ട് മുദ്ര വയ്പിച്ചിരിക്കുകയാണ്. കേസ് ഏറ്റത് ശരിക്കുള്ള അറ്റോര്‍ണി ഫീസ് ലഭിച്ചിട്ടല്ല. നഷ്ടപരിഹാരം നല്‍കാന്‍ കാമുകനു കെല്‍പുണ്ടോ എന്നു ഉറപ്പില്ല. അവര്‍ക്ക് അപ്പീല്‍ കൊടുക്കാന്‍ അവസരമുണ്ട്.
റിവഞ്ച് പോണിനെതിരെ കേസ് എടുക്കാന്‍ നിയമം വന്നാല്‍ അതു വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് പേടിക്കുന്നവരുണ്ട്. എന്നാല്‍ വളരെ വ്യക്തമായും ഏറ്റവും കുറച്ചു വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയും നിയമം ഉണ്ടാവുന്നതാണ് നല്ലതെന്നു ജോസഫ് മാത്യൂവിന്റെ നിലപാട്. ഇത്തരം സംഭവങ്ങള്‍ ചിലപ്പോള്‍ ആത്മഹത്യയില്‍ പോലും എത്തിയെന്നിരിക്കാം. ഒരാളെ വിശ്വസിച്ചാണ് ഇത്തരം ഫോട്ടോ നല്‍കുന്നത്. ഫോട്ടോ - വീഡിയോ ഉടനെ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞാണ് ഈ സ്ത്രീ നല്‍കിയതെന്നു പറയുന്നു.

എന്തായാലും ഇതില്‍ വിശ്വാസ വഞ്ചനയുടെ പ്രശ്‌നമുണ്ടെന്നു ജോസഫ് മാത്യൂ ചൂണ്ടിക്കാട്ടുന്നു. ഒരു കടയില്‍ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കുന്നത് ആ ഒരു ചാര്‍ജ് മാത്രം അവര്‍ ഈടാക്കും എന്നു വിശ്വസിച്ചാണ്. അതു വീണ്ടും ചാര്‍ജ് ചെയ്താല്‍ കുറ്റമായി.
അതുപോലെ ഒരു കുട്ടിയെ സ്‌ക്കൂളില്‍ വിടുന്നത്. അവിടെ കുട്ടിയുടെ ഫോട്ടോ എടുക്കുകയോ ഇന്റര്‍നെറ്റില്‍ ഇടുകയോ ചെയ്താല്‍ എന്തായിരിക്കും പ്രതികരണം? ഇത്തരം കേസുകള്‍ വാദിച്ചു ജയിക്കുക എളുപ്പമല്ല. കക്ഷിക്ക് ശാരീരികമായോ ധനപരമായോ എന്തെങ്കിലും നഷ്ടം വന്നു എന്നു ചൂണ്ടിക്കാണിക്കാനില്ല. ആകെ പറയാനുള്ളത് മാനസിക വേദനയാണ്. അത് ജൂറിയെ കാണിക്കാനാവില്ലല്ലൊ. സിവില്‍ കേസ് കൊടുക്കുക വിഷമകരവും ഏറെ പണച്ചിലവ് വരുന്നതുമാണ്. ക്രമിനല്‍ കേസ് ആകുമ്പോള്‍ സര്‍ക്കാര്‍ തന്നെ വാദിയാകും. അതിനാലാണ് ഇടുങ്ങിയ വ്യാഖ്യാനത്തോടു കൂടിയാണെങ്കിലും നിയമം വേണമെന്ന് ജോസഫ് മാത്യൂ നിര്‍ദ്ദേശിക്കുന്നത്.

ഇരുപതാം വയസ്സില്‍ 1999 ല്‍ അമേരിക്കയിലെത്തിയെ ജോസഫ് മാത്യൂ നാലു വര്‍ഷം മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഇക്കണോമിക്‌സ് ബിരുദമെടുത്തു ബാങ്കിംഗ് രംഗത്തു പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് സൗത്ത് ടെക്‌സസ് കോളജ് ഓഫ് ലോയില്‍ ചേര്‍ന്നത്. അവിടെ ഹണ്ടിംഗ് ആന്‍ഡ് റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. മോക്ക് ട്രയലില്‍ കോളജിനെ പ്രതിനിധീകരിച്ചു. പ്രസംഗത്തിനും സമ്മാനം നേടി.

ഇന്ത്യന്‍ സുപ്രീം കോര്‍ട്ട് ജസ്റ്റീസായിരുന്ന സിറിയക് ജോസഫിന്റെയും അമേരിക്കയിലെ ജഡ്ജിമാരുടെയും കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു.

കല്‍ക്കട്ടയിലും താമസിച്ചിട്ടുള്ള ജോസഫ് മാത്യൂവിന് മലയാളത്തിനു പുറമെ, ഹിന്ദി, ഉര്‍ദു, മന്‍ഡരിന്‍(ചൈനീസ്) ഭാഷകളും അറിയാം. ഭാഷയോ ഉച്ചാരണമോ(അക്‌സന്റ്) അറ്റോര്‍ണിയാകുന്നതില്‍ നിന്നു പിന്തിരിപ്പിക്കേണ്ട കാര്യമില്ലെന്നാണു ജോസഫ് മാത്യൂവിന്റെ പക്ഷം.


സ്വകാര്യ ഫോട്ടോകള്‍ പരസ്യമാക്കിയ കേസില്‍ അര മില്യന്‍ നഷ്ടപരിഹാരം: മലയാളി അറ്റോര്‍ണി നേടിക്കൊടുത്ത വിജയം
Joseph Mathew.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക