Image

കര്‍ഷക ആത്മഹത്യകളുടെ മറവില്‍ രാഷ്ട്രീയ വെല്ലുവിളികള്‍ വേദനാജനകം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 21 November, 2011
കര്‍ഷക ആത്മഹത്യകളുടെ മറവില്‍ രാഷ്ട്രീയ വെല്ലുവിളികള്‍ വേദനാജനകം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കോഴിക്കോട്: കടക്കെണിയും കൃഷിനാശവും വിലയിടിവും മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും, ഒട്ടനവധി കര്‍ഷക കുടുംബങ്ങള്‍ സാമ്പത്തികമായി തകരുകയും ചെയ്തിരിക്കുമ്പോള്‍ ഭരണപ്രതിപക്ഷ മുന്നണികളും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന പരസ്പര ആക്ഷേപങ്ങളും വെല്ലുവിളികളും വേദനാജനകവും ജനകീയപ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.

ആറ് മാസം മുമ്പുവരെ കേരളം ഭരിച്ചവരും ഇപ്പോള്‍ ഭരിക്കുന്നവരും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലാത്തവരല്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പഠനസംഘങ്ങള്‍ കഴിഞ്ഞ നാളുകളില്‍ കാര്‍ഷിക ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച് സമര്‍പ്പിച്ച പദ്ധതികളും പാക്കേജുകളും പ്രായോഗിക തലത്തിലെത്തിക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ വിവിധ രാഷ്ട്രീയ മുന്നണികള്‍ നടത്തുന്ന വയനാട്ടിലെ കര്‍ഷക സന്ദര്‍ശനവും കാര്‍ഷിക മേഖലയുടെ സമഗ്രവികസന വാഗ്ദാനങ്ങളും രാഷ്ട്രീയ അടവുനയത്തിനപ്പുറം, ജനക്ഷേമം ലക്ഷ്യംവച്ചുള്ളതല്ലന്ന് വ്യക്തമാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഇന്നിന്റെ മാത്രം പ്രത്യേകതയല്ലെന്നിരിക്കെ, ദീര്‍ഘവീക്ഷണത്തോടുകൂടി കര്‍ഷക ക്ഷേമപദ്ധതികള്‍ ഉദ്യോഗസ്ഥതലങ്ങളിലൂടെ നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. അസംഘടിതരായ കര്‍ഷകസമൂഹത്തെ വോട്ടുബാങ്കായി മാത്രം കാണുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ എക്കാലത്തെയും രാഷ്ട്രീയ നാടകങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നീതി ലഭിക്കുമെന്ന് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കരുതാനാവില്ലെന്നും ബഹുജനപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും കര്‍ഷക രക്ഷയ്ക്കായി ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അഡ്വ.വിസി സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.


അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ~ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക