Image

മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)

Published on 26 June, 2014
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
ബ്രസീലിന്റെ വെറുമൊരു പ്രവിശ്യയാണെങ്കിലും `ആമസോണാസ്‌' എന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന ആമസോണിന്‌ ഇന്ത്യയുടെ അത്ര വലുപ്പമുണ്ട്‌. ലോകത്തിലെ ഏറ്റം നീളം കൂടിയ നദിയായ ആമസോണ്‍ ഭീകരമായ കാടുകളിലൂടെ വളഞ്ഞു പുളഞ്ഞ്‌ ഒഴുകുന്നു. മൂടല്‍ മഞ്ഞില്ലെങ്കില്‍ അനാക്കോണ്ട സര്‍പ്പത്തെപോലെ നദി നീല റിബണായി ചുറ്റി കിടക്കുന്നത്‌ വിമാനത്തിലിരുന്ന്‌ കാണാം.

``വിമാനത്തിലല്ലാതെ അവിടെ എങ്ങനെ ചെന്നു പറ്റാണ്‌? മനോഹരമായ ഹൈവേകള്‍കൊണ്ട്‌ വേള്‍ഡ്‌ കപ്പ്‌ നഗരങ്ങളായ സാവോ പോളോ, റിയോ ഡി ജനീറോ, പോര്‍ത്തോ അലീഗ്രോ, തലസ്ഥാനമായ ബ്രസീലിയ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആമസോണാസിന്റെ തലസ്ഥാനമായ മനോസ്‌ ഒളിംപിക്‌സ്‌ നഗരമായ റിയോ ഡി ജനീറോയില്‍നിന്ന്‌ 2849 കിലോമീറ്റര്‍ അകലെയാണ്‌. അങ്ങോട്ട്‌ ഹൈവേകളെന്നല്ല നല്ല റോഡുപോലുമില്ല. അഥവാ റോഡുവഴി പോയാല്‍ എത്താന്‍ ഒരാഴ്‌ച എങ്കിലും പിടിക്കും. റിയോയില്‍ നിന്ന്‌ വിമാനത്തില്‍ നാലു മണിക്കൂര്‍ യാത്ര'' - പലതവണ ബ്രസീലില്‍ പോയി വന്ന എം. ജി. സര്‍വ്വകലാശാല കെമിക്കല്‍ സയന്‍സ്‌ പ്രൊഫസര്‍ സാബു തോമസ്‌ പറയുന്നു.

റബ്ബര്‍ ഉള്‍പ്പെടുന്ന പോളിമര്‍ സയന്‍സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനം സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സ്‌ ആണെന്ന്‌ അഭിമാനപൂര്‍വം പറയുന്ന ഡോ. സാബുവിന്റെ മേശപ്പുറത്ത്‌ ആമസോണില്‍നിന്ന്‌ കൊണ്ടുവന്ന പിരാനാ മത്സ്യത്തിന്റെ ഒരു രൂപം പേപ്പര്‍ വെയ്‌റ്റ്‌ പോലെ വെച്ചിട്ടുണ്ട്‌. മുതിര്‍ന്ന മനുഷ്യനെപോലും മിനിറ്റുകള്‍ക്കകം വാളിന്റെ മൂര്‍ച്ചയുള്ള അരിപ്പല്ലുകള്‍ കൊണ്ട്‌ കടിച്ചു മുറിച്ച്‌ കശാപ്പു ചെയ്യാന്‍ കെല്‍പ്പുള്ള മീനാണ്‌ പിരാന.

``കോടികള്‍ (27 കോടി ഡോളര്‍ = 1620 കോടി രൂപ) മുടക്കി ഉണ്ടാക്കിയ ഈ പക്ഷിക്കൂട്‌ ആര്‍ക്കുവേണം! വേള്‍ഡ്‌ കപ്പ്‌ കഴിഞ്ഞാല്‍ അവിടെ ആര്‌ കളിക്കാന്‍ പോകുന്നു?'' എന്നാണ്‌ മനോസിലെ പുതിയ സ്റ്റേഡിയത്തെപ്പറ്റി നാട്ടുകാര്‍ ചോദിക്കുന്നത്‌. ഇവിടെ ഒരാശുപത്രിയോ വിദ്യാലയമോ റോഡോ പണിയാന്‍ ആ തുക ഉപയോഗിച്ചിരുന്നെങ്കില്‍ എന്തെങ്കിലും പ്രയോജനം കിട്ടുമായിരുന്നു. ഇത്‌ ഞങ്ങളുടെ മേല്‍ ഫെഡറല്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച ഒരു വെള്ളാനയാണ്‌! - നാട്ടുകാര്‍ പറയുന്നു. പക്ഷേ, ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന ആമസോണാസിലേക്ക്‌ ടൂറിസ്റ്റുകളെ എത്തിക്കാന്‍ ഈ സ്റ്റേഡിയം സഹായിക്കും എന്നാണ്‌ പ്രസിഡന്റ്‌ ദില്‍മാ റൂസഫി്‌നു പോലും അഭിപ്രായം.

എങ്ങനെ ശരിയാകുമെന്ന്‌ കണ്ടറിയണം. ഒന്നാമത്‌ `പരിഷ്‌കൃത'ലോകത്തിന്റെ ഒരറ്റത്ത്‌ ഏകാന്തവാസത്തിലാണ്‌ ആമസോണാസ്‌. ന്യൂഡല്‍ഹിയില്‍നിന്ന്‌ 16694 കിലോമീറ്റര്‍ അകലെ. മെല്‍ബണില്‍ നിന്നും അത്രതന്നെ ദൂരം. ടോക്കിയോയില്‍നിന്ന്‌ 15871 കിലോമീറ്റര്‍. ബെയ്‌ജിങ്ങ്‌ ആകട്ടെ 15912 കിലോമീറ്റര്‍ അകലെ. ഇന്ത്യയില്‍നിന്ന്‌ എട്ടര മണിക്കൂര്‍ പിന്നിലാണ്‌ ആമസോണ്‍, റിയോയില്‍ നിന്നുതന്നെ ഒരു മണിക്കൂര്‍ പിറകിലുള്ള ടൈം സോണിലാണ്‌ അവര്‍. അമേരിക്കയില്‍നിന്നുപോലും ആയിരക്കണക്കിന്‌ കിലോമീറ്റര്‍ അകലം.

``ഒരുപക്ഷേ, അതാണ്‌ ആമസോണിന്റെ പ്രത്യേകത. ഇന്ത്യയോളം വലുപ്പമുള്ള ഒരു വനമേഖല. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സാമ്രാജ്യമാണ്‌ അവിടം. നമ്മുടെ നീലഗിരി ജൈവസമ്പത്തിന്റെ ആയിരക്കണക്കിന്‌ ഇരട്ടി വരുന്ന ജൈവ വൈവിധ്യം. സൈലന്റ്‌ വാലിയുടെ പതിനായിരകണക്കിന്‌ ഇരട്ടി'' - ഡോ. സാബു വിശദീകരിക്കുന്നു.

മനോസില്‍ രണ്ട്‌ സര്‍വ്വകലാശാലകളുണ്ട്‌ - ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ആമസോണാസ്‌ (യുഫാം), യൂണിവേഴ്‌സിറ്റാസ്‌ എസ്റ്റാഡിയോ ആമസോണാസ്‌ (യുഇഎ) രണ്ടും റബ്ബര്‍ ഉള്‍പ്പെടുന്ന പോളിമര്‍ സയന്‍സില്‍ ഗവേഷണം നടത്തുന്നവയാണ്‌. റബ്ബറില്‍ അവര്‍ പിന്നോക്കം പോയെങ്കിലും.

``പക്ഷേ, ബ്രസീലിലെ ജനങ്ങള്‍ വളരെ ഫ്രണ്ട്‌ലി ആണ്‌. അവരുടെ സര്‍വ്വകലാശാലകളും ലാബുകളും ലോകത്തിലെ ഏത്‌ മികച്ചവയോടും കിടപിടിക്കാന്‍ മത്സരിക്കുന്നവയാണ്‌.'' - ഡോ. സാബു പറഞ്ഞു. അവിടുത്തെ പ്രൊഫസ്സര്‍മാരോടൊപ്പം ആമസോണിലെ നഷ്‌ടസ്വപ്‌നമായ റബ്ബര്‍ തോട്ടങ്ങള്‍ കാണാന്‍പോയ കഥ അദ്ദേഹം ഓര്‍മ്മിച്ചു.

19-ാം നൂറ്റാണ്ടില്‍ ആമസോണിലെ കാടുകളില്‍ മുറ്റി വളര്‍ന്നിരുന്ന വന്യ വൃക്ഷമായിരുന്നു റബ്ബര്‍. അതിന്റെ കറ ഊറ്റിയെടുത്താല്‍ സവിശേഷ സ്വഭാവമുള്ള പലതും നിര്‍മ്മിക്കാനാവുമെന്ന്‌ അമേരിക്കക്കാരാണ്‌ കണ്ടുപിടിച്ചത്‌. അവിടുത്തെ ചാള്‍സ്‌ ഗുഡ്‌ ഇയര്‍ റബ്ബറില്‍ സള്‍ഫര്‍ ചേര്‍ത്താല്‍ വാഹനങ്ങളും വിമാനങ്ങളും ഓടിക്കാന്‍ വേണ്ട ടയര്‍ ഉണ്ടാക്കാമെന്ന്‌ കണ്ടുപിടിച്ചു. രണ്ടാംലോകമഹായുദ്ധകാലത്ത്‌ അങ്ങിനെ റബ്ബറിന്‌ ഡിമാന്‍ഡായി.

``മനോസ്‌ വളര്‍ന്നു. യൂറോപ്പിലെന്നല്ല റിയോയില്‍ പോലും കറന്റു വരുന്നതിനു മുമ്പ്‌ ഇലക്‌ട്രിക്‌ ലൈറ്റ്‌ എത്തിയ മേഖലയാണ്‌ ആമസോണാസ്‌. അന്ന്‌ അവര്‍ ഉണ്ടാക്കിയ ടൗണ്‍ ഹാള്‍ കാണണം! നൂറ്റാണ്ടു കഴിഞ്ഞിട്ടും ലോകത്തിലെ ഏതൊരു മണിമന്ദിരത്തോടും കിടപിടിക്കുന്നത്‌! റബ്ബര്‍ കയറ്റുമതി ചെയ്യാന്‍ കോടികള്‍ മുടക്കി റെയില്‍വെ ലൈന്‍ വരെ അവരുണ്ടാക്കി.

പക്ഷേ, യൂറോപ്യന്മാര്‍ അവരെ പറ്റിച്ചു. റബ്ബര്‍ കുരു അവര്‍ ഏഷ്യയിലേക്ക്‌ ഒളിച്ചു കടത്തി. മലേഷ്യയിലും തായ്‌ലന്റിലും ഇന്തോനേഷ്യയിലും ശ്രീലങ്കയിലും ഒടുവില്‍ കേരളത്തിലും റബ്ബര്‍ തഴച്ചു വളര്‍ന്നു. ആമസോണിനെക്കാള്‍ കുറഞ്ഞ ചിലവില്‍ റബ്ബര്‍ കിട്ടുമെന്നായപ്പോള്‍ മനോസിന്റെ നടുവൊടിഞ്ഞു. തോട്ടങ്ങളില്‍ അടിമപ്പണിക്കായി യൂറോപ്യന്മാര്‍ അടിച്ചു കൊണ്ടുവന്ന `ഇന്ത്യന്‍' വംശജരായ ആയിരക്കണക്കിന്‌ ആളുകള്‍ പട്ടിണി കൊണ്ട്‌ മരിച്ചു. ആയിരങ്ങള്‍ ഒളിച്ചോടി. അവശേഷിച്ചവരുടെ പിന്‍തലമുറക്കാര്‍ ഇന്നും അവിടെ റബ്ബര്‍ ടാപ്പു ചെയ്‌തു ജീവിക്കുന്നു.

ഒരുകാലത്ത്‌ ലോകത്തിലെ ഏറ്റവും വലിയ റബ്ബര്‍ ഉല്‌പാദക രാജ്യമായിരുന്നു ബ്രസീല്‍. ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിക്ക്‌ അവിടെ വന്‍കിട തോട്ടങ്ങളും ഫാക്‌ടറികളും ഉണ്ടായിരുന്നു. ബ്രസീലിന്റെ സമ്പദ്‌സ്രോതസ്സായിരുന്നു മനോസ്‌. പക്ഷേ, അതെല്ലാം ഓര്‍മ്മയുടെ പഴന്താളുകളിലായി. തായ്‌ലന്റ്‌, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ്‌ ഇന്ന്‌ ലോകത്തിലെ 70% റബ്ബറും ഉല്‌പാദിപ്പിക്കുന്നത്‌. ആദ്യത്തെ 10 രാജ്യങ്ങളുടെ പട്ടികയില്‍പോലും ബ്രസീല്‍ ഇന്നില്ല.

``ഒരുകാലത്ത്‌ റബ്ബര്‍ കൃഷി ചെയ്യാന്‍ പരിചയ സമ്പന്നരായ കേരളീയരെ ബ്രസീലില്‍ കുടിയിരുത്താന്‍ പരിപാടിയുണ്ടായിരുന്നില്ലേ?''

``ശരിയാണ്‌. പക്ഷേ, ഇന്ന്‌ ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള ബ്രസീലില്‍ ആയിരക്കണക്കിന്‌ ഏക്കര്‍ സ്ഥലം വളച്ചെടുത്ത്‌ വന്‍കിട തോട്ടങ്ങള്‍ ഉണ്ടാക്കുകയാണു വേണ്ടത.്‌ ലക്ഷക്കണക്കിന്‌ ഡോളര്‍ മുടക്കേണ്ടിവരാം. ഇനിയുള്ളകാലം സംഘടിതമായേ അതു ചെയ്യാന്‍ ഒക്കൂ. ഏതായാലും കപ്പയും ചക്കയും കോപ്പയും പിഞ്ഞാണവും കപ്പളങ്ങയും കശുവണ്ടിയും ഉള്ള ബ്രസീല്‍ കേരളീയര്‍ക്ക്‌ അന്യമായിരിക്കുകയില്ല'' - ഡോ. സാബു അഭിപ്രായപ്പെടുന്നു.

പോളിമര്‍ ഗവേഷണവുമായി ലോകമാസകലം സഞ്ചരിക്കുന്ന ആളാണ്‌ സാബു. പോളണ്ടില്‍പോയി വന്നതേയുള്ളൂ. അടുത്ത ദിവസം ദക്ഷിണാഫ്രിക്കക്ക്‌ പോകുന്നു. അതിനിടെ `ഫ്രാക്‌ചര്‍ 2014' എന്ന പേരില്‍ ഒരാഗോള കോണ്‍ഫറന്‍സ്‌ കോട്ടയത്ത്‌ സംഘടിപ്പിക്കുന്ന തിരക്കിലാണ്‌. ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്ന്‌ പ്രതിനിധികളെത്തും. സാബു ഇതിനകം 65 ഡോക്‌ടറല്‍ ബിരുദധാരികളെ സൃഷ്‌ടിച്ചിട്ടുണ്ട്‌. അവരില്‍ പലരും ലോകത്തിന്റെ വിവിധ മേഖലകളില്‍ വലിയ ഉദ്യോഗങ്ങള്‍ വഹിക്കുന്നു.

`` ഏതു ഭീമന്‍ ഡ്രീം ലൈനര്‍ വിമാനമാണെങ്കിലും കാലക്രമേണ അവയുടെ ഘടകങ്ങളില്‍ നേരിയ വിള്ളലുകള്‍ ഉണ്ടാകും. അതിനെതിരായി നാനോ ടെക്‌നോളജിയുടെ സഹായത്തോടെ പുതിയ പോളിമര്‍ ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ്‌ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
മനോസിലെ സ്റ്റേഡിയം. ഇന്‍സെറ്റില്‍ ഡോ. സാബു തോമസ്‌ മനോസ്‌ സര്‍വകലാശാലയില്‍.
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
ആമസോണിന്റെ അകത്തളത്തില്‍.
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
ആമസോണിലെ ഒരു ആദിവാസി കുടുംബം.
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
മനോസിലെ തെരുവോരത്ത്‌ യാചകന്‍.
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
മനോസ്‌ സ്റ്റേഡിയത്തിലെ സുന്ദരിമാര്‍. ഇന്‍സെറ്റ്‌: പ്രസിഡന്റ്‌ ദില്‍മ
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
ആമസോണ്‍ നദി അനാക്കോണ്ട സര്‍പ്പത്തെപോലെ
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
ഡോ.സാബുവിന്റെ മേശപ്പുറത്ത്‌ പിരാന മത്സ്യം.
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
ആമസോണിലെ ഒരു റബ്ബര്‍ ടാപ്പര്‍
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
റബ്ബര്‍ ടാപ്പര്‍ കുടുംബം.
മനോസ്‌ സ്റ്റേഡിയം ഒരു വെള്ളാന, പക്ഷെ ആമസോണാസ്‌ റബ്ബറിന്റെ നഷ്‌ടസ്വര്‍ഗം (കുര്യന്‍ പാമ്പാടി)
സാബു ബ്രസീലില്‍ സഹപ്രവര്‍ത്തകയോടൊത്ത്‌.
Join WhatsApp News
Truth man 2014-06-27 17:41:21
Very nice  . I have got more about Brazil 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക