Image

ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികള്‍ക്ക്‌ ശാശ്വത പരിഹാരം ഇരട്ട പൗരത്വം (തോമസ്‌ കൂവള്ളൂര്‍)

Published on 07 October, 2014
ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികള്‍ക്ക്‌ ശാശ്വത പരിഹാരം ഇരട്ട പൗരത്വം (തോമസ്‌ കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്‌: ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസി സമൂഹത്തിന്‌ ഒരിക്കലും മറക്കാനാവാത്ത അനേകം സ്‌മരണകള്‍ സൃഷ്‌ടിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വച്ച്‌ നടത്തിയ പ്രസംഗം ഇന്ത്യാക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഒന്നായിരുന്നു എന്ന്‌ അദ്ദേഹത്തിന്റെ എതിരാളികള്‍ വരെ സമ്മതിച്ചു കഴിഞ്ഞു. പ്രസ്‌തുത യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള അസുലഭാവസരം ഈ ലേഖകനും ലഭിച്ചു.

നരേന്ദ്രമോദിയുടെ അന്നത്തെ പ്രസംഗത്തിലെ പ്രധാനപ്പെട്ട ഒരു വിഷയം പി.ഐ.ഒ.കാര്‍ഡ്‌ ഉള്ളവര്‍ക്ക്‌ ഇനി ഇന്ത്യലിലേയ്‌ക്ക്‌ പോകാന്‍ ആജീവനാന്ത വിസ ലഭിക്കും എന്നുള്ളതും, അവര്‍ ഇന്ത്യയില്‍ തങ്ങുമ്പോള്‍ പോലീസില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ട ആവശ്യമില്ല എന്നുള്ളതും ആയിരുന്നു. നേരത്തെ പി.ഐ.ഒ.കാര്‍ഡ്‌ 15 വര്‍ഷത്തേക്കായിരുന്നു നല്‍കിയിരുന്നത്‌ . പിന്നീട്‌ കഴിഞ്ഞ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ്‌ അത്‌ 10 വര്‍ഷത്തേയ്‌ക്കുകൂടി നീട്ടാനും തീരുമാനിച്ചിരുന്നു. ഇനിയും അത്‌ നീട്ടുന്നതില്‍ കാര്യമില്ലെന്നും ആജീവനാന്തം തന്നെ ആക്കിത്തന്നേക്കാം എന്നും ഇക്കാര്യത്തിനായി തന്റെ അടുക്കല്‍ ചെന്നവരോട്‌ അദ്ദേഹം പറഞ്ഞു. എന്നുതന്നെയല്ല, പി.ഐ.ഒ.കാര്‍ഡ്‌ ഉടമകള്‍ ഇനി ഇന്ത്യയില്‍ തങ്ങാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക്‌ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നുള്ള നിയമം കൂടി എടുത്തുകളഞ്ഞേക്കാമെന്നു വരെ അദ്ദേഹം പറഞ്ഞു. അതും പരസ്യമായി.

മുന്‍കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിന്റെ കാലത്ത്‌ 180 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ തങ്ങണമെന്നുണ്ടെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്നുള്ള നിയമവും ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മുന്‍കാല ഗവണ്‍മെന്റിന്റെ എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രി ഒറ്റ ദിവസം കൊണ്ട്‌ എടുത്തു മാറ്റണമെന്നു പറഞ്ഞപ്പോള്‍ പലരും നെറ്റി ചുളിച്ചു. അതു വെറും വാചകക്കസര്‍ത്തു മാത്രമാണ്‌- നടക്കുകയില്ല എന്നു തന്നെ ചിലര്‍ തറപ്പിച്ചു പറഞ്ഞത്‌ ഞാന്‍ ഓര്‍ക്കുന്നു.

ഏതായാലും നരേന്ദ്രമോദി വാക്കും പ്രവര്‍ത്തിയും ഒരു പോലെ കൊണ്ടുപോകാന്‍ കഴിവുള്ള ശക്തനായ ഒരു പ്രധാനമന്ത്രി ആണെന്ന്‌ അദ്ദേഹം നാട്ടിലെത്തിയ ഉടനെ ഉള്ള വാര്‍ത്തകളില്‍ നിന്നും കാണാനിടയായി. നിമിഷനേരംകൊണ്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു എന്നുള്ള വാര്‍ത്ത മാദ്ധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ മഹാനായ മോദിയെ എങ്ങിനെ സ്‌തുതിക്കാതിരിക്കും.

വാസ്‌തവത്തില്‍ പ്രധാനമന്ത്രി എന്തുകൊണ്ട്‌ പി.ഐ.ഒ. ക്കാരെ മാത്രം അനുഗ്രഹിച്ചു എന്ന്‌ ഈ ലേഖകനും ചിന്തിക്കാതിരുന്നില്ല. പിന്നീടാണ്‌ മനസ്സിലാക്കിയത്‌ പി.ഐ.ഒ കാര്‍ഡുള്ള അമേരിക്കയിലെ ചില മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയിരുന്നെന്നും അവരുടെ നിവേദനം മുമ്പോട്ടു വെച്ചപ്പോള്‍ അവരെ ഞെട്ടിക്കുന്ന വിധത്തില്‍ ആജീവനാന്ത വിസാ അനുവദിച്ചുകൊടുക്കുകയാണുണ്ടായതെന്നും.

ഏറെക്കുറെ 40 ലക്ഷത്തോളം ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികള്‍ അമേരിക്കയില്‍ ഉണ്ടെന്നാണ്‌ കണക്ക്‌. അതില്‍ പി.ഐ.ഒ കാര്‍ഡ്‌ ഉള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. അതും 40 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വന്നിട്ടുള്ള കോണ്‍ഗ്രസ്‌ ഗവണ്‍മെന്റില്‍ പിടിപാടുണ്ടായിരുന്നവര്‍.

1999 മാര്‍ച്ചിലാണ്‌ അന്നത്തെ കേന്ദ്രഗവണ്‍മെന്റ്‌ പി.ഐ.ഒ കാര്‍ഡ്‌ എന്ന സംവിധാനം ഏര്‍പ്പെടുത്തിയത്‌. ഏതായാലും പി.ഐ.ഒ കാര്‍ഡുള്ളവര്‍ രക്ഷപ്പെട്ടു.

ഇനി ഒ.സി .ഐ കാര്‍ഡുള്ളവര്‍ എന്തു ചെയ്യും. പ്രധാനമന്ത്രിയെ കാണാന്‍ പോയ ഈ മൂപ്പന്മാര്‍ എന്നേ ഒ.സി.ഐ.ക്കാരുടെയും , അതുപോലെ തന്നെ അമേരിക്കന്‍ പൗരത്വം എടുത്ത ബഹുഭൂരിപക്ഷം പ്രവാസികളുടെയും അവരുടെ മക്കളുടെയും കാര്യം സൂചിപ്പിക്കാന്‍ വിട്ടുപോയത്‌. ചിലര്‍ മാത്രം മുടുക്കരായാല്‍ മതിയോ ?

ഇതിനിടെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ പര്യടനത്തിനു മുമ്പേ തന്നെ ഇരട്ട പൗരത്വത്തിനുവേണ്ടിയുള്ള ഒരു കാമ്പയില്‍ നടക്കുകയുണ്ടായി. ഈ വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. 2011- ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ വിദേശികളായ ഗുജറാത്തികള്‍ക്ക്‌ ഇരട്ടപൗരത്വം ലഭിക്കുന്നതിനുവേണ്ടി അന്നത്തെ യു.പി.എ ഗവണ്‍മെന്റിന്റെ മുമ്പാകെ ശക്തമായ ഒരു കാമ്പയിനിലൂടെ ആവശ്യപ്പെട്ട ആളുമാണ്‌ നമ്മുടെ പ്രധാനമന്ത്രി എന്നുള്ള കാര്യം ഇവിടെ ഓര്‌മ്മിക്കുന്നതു നന്നായിരിക്കും. മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വച്ച്‌ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ മഹാത്മാഗാന്ധി ഒരു എന്‍.ആര്‍.ഐ ആയിരുന്നുവെന്നും അദ്ദേഹത്തെപ്പോലെ തന്നെ എല്ലാ എന്‍.ആര്‍.ഐക്കാരെയും കരുതുന്നതായിരിക്കും എന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചവര്‍ക്കെല്ലാം പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആശ്വസദായകമാണ്‌. എന്നുതന്നെയല്ല, ഇരട്ട പൗരത്വത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹത്തോട്‌ ഇരട്ട പൗരത്വം വേണമെന്ന്‌ പ്രവാസികളായ നാം ആവശ്യപ്പെട്ടാന്‍ തീര്‍ച്ചയായും ആ അപേക്ഷ നിരസിക്കുമെന്നു തോന്നുന്നില്ല.

ഏതായാലും നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നേടത്തോളം കാലം പ്രവാസികളായ നമ്മോട്‌ അമേരിക്കന്‍ പൗരത്വം സറണ്ടര്‍ ചെയ്യാന്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റോ പറയാന്‍ തയ്യാറാകുമെന്ന്‌ ആരും കരുതേണ്ടതില്ല. എങ്കില്‍ പോലും ഒ.സി .ഐ കാര്‍ഡ്‌ എടുത്ത ബഹുഭൂരിപക്ഷം ഇന്ത്യക്കാരെക്കൊണ്ട്‌ സിറ്റിസണ്‍ഷിപ്പ്‌ സറണ്ടര്‍ ചെയ്യിച്ച മുന്‍ യു.പി.എ ഗവണ്‍മെന്റിന്റെ ഹീനമായ നയം എടുത്തുമാറ്റാനും, ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പിനോടൊപ്പം തന്നെ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പും നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള ന്യായമായ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിന്‌ ഇന്ത്യന്‍ ഭരണഘടനയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ പ്രധാനമന്ത്രിയോട്‌ നാം ആവശ്യപ്പെടേണ്ടതാണ്‌. തീര്‍ച്ചയായും നമ്മുടെ അപേക്ഷ അദ്ദേഹം സ്വീകരിക്കാതിരിക്കില്ല.

ചുരുക്കത്തില്‍, ഇന്ത്യയില്‍ ജനിച്ച, ഇന്ത്യക്കാരായ നമുക്ക്‌, പി.ഐ.ഒ കാര്‍ഡോ, ഒ.സി.ഐ കാര്‍ഡോ അല്ല ആവശ്യം - നമ്മുടെ ഇന്ത്യന്‍ പൗരത്വം, അത്‌ നമ്മുടെ ജന്മാവകാശമാണ്‌. മുന്‍ യു.പി.എ ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍കൊണ്ട്‌ നമ്മളില്‍ പലര്‍ക്കും അതു നഷ്‌ടപ്പെട്ടു പോയിരിക്കുന്നു. അതു തിരികെ ലഭിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം വളരെ കഷ്‌ടപ്പെട്ടു നാം നേടിയെടുത്ത അമേരിക്കന്‍ പൗരത്വവും മറ്റ്‌ അനേകം രാജ്യക്കാരെപ്പോലെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനും നമുക്കു കഴിയണം. എങ്കില്‍ മാത്രമേ ഇന്ത്യയിലും, വിദേശത്തും, തലയെടുപ്പോടെ നിവര്‍ന്നു നില്‍ക്കുന്നതിന്‌ നമുക്കും വരും തലമുറയ്‌ക്കും കഴിയുകയുള്ളൂ. ഇരട്ട പൗരത്വം ഒന്നു മാത്രമാണ്‌ ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികളായ നമ്മെ സംബന്ധിച്ചേടത്തോളം നമ്മുടെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം . അതു മനസ്സിലാക്കിക്കൊണ്ട്‌ ഇരട്ട പൗരത്വത്തിനുവേണ്ടി ശ്രമിക്കുന്നവരോടൊപ്പം അവര്‍ ആരുതന്നെയായാലും , യോജിച്ചു പ്രവര്‍ത്തിക്കുക. വിജയം നിശ്ചയം.

ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികള്‍ക്ക്‌ ശാശ്വത പരിഹാരം ഇരട്ട പൗരത്വം (തോമസ്‌ കൂവള്ളൂര്‍)
Join WhatsApp News
keralite 2014-10-07 08:46:48
This is illogical. write with facts. There are lakhs of PIOs. This is nonesense
ഓ സി മത്തായി 2014-10-07 10:07:33
ഇവിടെ ഒരാൾ അഭിപ്രായം പറഞ്ഞരിക്കുന്നതുപോലെ, അവ്യക്തമായ ഒരു ലേഖനമാണിത്. മോഡി ഒരു അഭിപ്രായം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ഒരു ലേഖനം എഴുതിവിടുന്നത് ജനങ്ങളെ കൂടുതൽ കുഴപ്പിക്കാനെ ഉപയോഗിക്കുകയുള്ളൂ. നിജാവസ്ഥ ആദ്യം മനസിലാക്കുക എന്നിട്ട് കാര്യങ്ങൾ എഴുതി പിടിപ്പിക്കുക. വെറുതെ ഞങ്ങളെ ഇട്ടു കറക്കാതെ. പീ ഓ കാർഡു, ഓ സി കാർഡു, ഇരട്ട പൌരത്വ കാർഡു, റേഷൻ കാർഡു, ഗ്രീൻ കാർഡു. ക്രെഡിറ്റ് കാർഡു, അങ്ങനെ ച്ന്തിയുടെ ഒരു വശത്തുള്ള പോക്കെറ്റ് കരടു കേറ്റി വീർത്തിരിക്കുന്ന കണ്ടു ഭാര്യ ഹെർണിയയാണെന്ന് പറഞ്ഞു ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തുടങ്ങിയതാ. നിങ്ങൾ ന്യുയോര്ക്ക്കാര്ക്ക് എന്തിനെ കേടാ? അറിയാം വയ്യാഞ്ഞിട്ടു ചോദിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക