Image

ഇന്ത്യയുടെ വികസനത്തിന് ലക്ഷം കോടി ഡോളര്‍

Published on 23 December, 2011
ഇന്ത്യയുടെ വികസനത്തിന് ലക്ഷം കോടി ഡോളര്‍
കൊച്ചി: ഇന്ത്യയുടെ അടിസ്ഥാന വികസനത്തിനായി അമേരിക്കയില്‍ നിന്നും ലക്ഷം കോടി ഡോളര്‍ യു.എസ്. നിക്ഷേപം ഉണ്ടാകുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവു പറഞ്ഞു. ഇതിന്റെ ചര്‍ച്ചയ്ക്കായി 2012 മാര്‍ച്ചില്‍ അമേരിക്കന്‍ വാണിജ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ എത്തുമെന്നും അവര്‍ പറഞ്ഞു. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

വ്യാവസായിക -സാമ്പത്തിക ബന്ധമാണ് ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ നെടുംതൂണ്‍. രണ്ടു രാജ്യങ്ങളുടെ കയറ്റിറക്ക് വ്യാപാരത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വളരെ വലിയ വര്‍ദ്ധന ഉണ്ടായി. നിരവധി ഇന്‍ഡ്യന്‍ കമ്പനികള്‍ യു.എസില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഏകദേശം 65,000 ജോലി ഒഴിവുകളാണ് അമേരിക്കയിലെ ഇന്ത്യന്‍ കമ്പനികള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഭാരതത്തിന്റെ വളരെ വലിയ മുന്നേറ്റമാണ്. ഊര്‍ജ്ജം, വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യം, കൃഷി, ശാസ്ത്രം എന്നീ രംഗങ്ങളില്‍ ഇരുരാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിച്ചുവരികയാണ്.

കാര്‍ഷിക വളര്‍ച്ചയ്ക്ക്‌യു.എസ്. സഹകരണത്തോടുകൂടി 'എവര്‍ ഗ്രീന്‍ റവല്യൂഷന്‍' നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ട്. കാലവര്‍ഷ പ്രവചനത്തിന് സ്‌പെയ്‌സ് ടെക്‌നോളജി ഉപയോഗപ്പെടുത്തും. സ്ത്രീ ശാക്തീകരണത്തിനും കടല്‍ കൊള്ളയ്‌ക്കെതിരെള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. അമേരിക്കയില്‍ നിന്നും മറ്റും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതരത്തില്‍ കേരളത്തിലെ ടൂറിസ്റ്റ് മേഖലയെ ഉയര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ദീപക് എല്‍. അശ്വാനി അധ്യക്ഷനായി. കെ.സി.സി.ഐ. വനിതാ ഫോറം കണ്‍വീനര്‍ ജാസ്മിന്‍ കരിം, ജോയിന്‍റ് കണ്‍വീനര്‍ ഷീല കൊച്ചൗസേപ്പ്, കെ.സി.സി.ഐ. സെക്രട്ടറി സാവിയോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക