Image

സി.പി.ഐയെ സ്വാഗതം ചെയ്ത് വീക്ഷണം മുഖപ്രസംഗം

Published on 02 July, 2015
സി.പി.ഐയെ സ്വാഗതം ചെയ്ത് വീക്ഷണം മുഖപ്രസംഗം

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം അനേകം ഗുണപാഠങ്ങളോടൊപ്പം ചില മുന്നറിയിപ്പുകളും നല്‍കുന്നു. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും ജീവനില്‍ കൊതിയുള്ളവര്‍ രക്ഷപ്പെടൂ എന്ന അപകടമുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലത്തിലെ കൂട്ടമണിയടിയിലൂടെ പ്രതിധ്വനിക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 തെരഞ്ഞെടുപ്പുകള്‍ തോറ്റ ഇടതു മുന്നണിയും സി.പി.എമ്മും ഇനിയൊരു തെരഞ്ഞെടുപ്പ് ജയിക്കാനാവാത്തവിധം ദുര്‍ബലപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനായിരിക്കില്ല; രണ്ടാം സ്ഥാനം നിലനിര്‍ത്താനായിരിക്കും അവരുടെ പോരാട്ടം.

സി.പി.എമ്മില്‍ നിന്നും വിജയത്തിന്‍റെ ബാറ്റണ്‍ തട്ടിയെടുക്കാനുള്ള ഓട്ടത്തില്‍ ബി.ജെ.പി അവരുടെ പിന്നില്‍ കൈയ്യത്തെും ദൂരത്ത് എത്തിയിരിക്കുന്നു. ആ അവസ്ഥയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപോലെ കേരളത്തിലും ഇടതുമുന്നണി കപ്പല്‍ച്ചേദത്തെ അഭിമുഖീകരിക്കുകയാണ്. മുങ്ങുന്ന കപ്പലില്‍ കിടന്നു വെള്ളം കുടിച്ചു ചാവാതെ രക്ഷപ്പെടാനുള്ള മുന്നറിയിപ്പാണ് അരുവിക്കര നല്‍കുന്നത്. സി.പി.എമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ കപ്പലില്‍ നിന്നും രക്ഷപ്പെടേണ്ടതാണ്. സി.പി.എം നേതാക്കളെപോലെ വാക്കുകളില്‍ വിഷം ചീറ്റാത്തവരും ശരീരഭാഷയില്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കാത്തവരുമാണ് സി.പി.ഐക്കാര്‍. 1969 മുതല്‍ 10 വര്‍ഷക്കാലം കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസില്‍ സൂക്ഷിക്കുന്നവരാണ് സി.പി.ഐക്കാര്‍.

വലുപ്പചെറുപ്പമില്ലാത്ത, സമത്വത്തോടെയുള്ള ഐക്യമുന്നണി സംസ്കാരം ആവോളം ആസ്വദിച്ച അക്കാലം സി.പി.ഐക്ക് വിസ്മരിക്കാനാവില്ല. മുന്നണിയില്‍ രണ്ടാം കക്ഷിയായിരുന്നിട്ടും രണ്ടു തവണ മുഖ്യമന്ത്രിസ്ഥാനം സി. അച്യുതമേനോനും പി.കെ വാസുദേവന്‍ നായര്‍ക്കും നല്‍കുന്നതില്‍ കോണ്‍ഗ്രസിന് വൈമുഖ്യമുണ്ടായിരുന്നില്ല. സി. അച്യുതമേനോന്‍റെ ഭരണനാളുകള്‍ സി.പി.ഐയുടെ പുഷ്കല കാലവും കേരള വികസനത്തിന്‍റെ സുവര്‍ണകാലവുമായിരുന്നു. മരിച്ചാല്‍ ശവം മറവ് ചെയ്യാന്‍ ആറടി മണ്ണുപോലും ഇല്ലാത്ത ലക്ഷക്കണക്കിന് ഭൂരഹിതരെ ഭൂമിക്കുടമകളാക്കി മാറ്റിയത് അച്യുതമേനോന്‍ സര്‍ക്കാരിന്‍റെ മികച്ച നേട്ടമായിരുന്നു.

തലചായ്ക്കാന്‍ ഇടമില്ലാത്ത ലക്ഷക്കണക്കിന് പാവങ്ങളെ ആവാസ സ്ഥലത്തിനുടമകളാക്കിയ എം.എന്‍ ഗോവിന്ദന്‍ നായരുടെ ലക്ഷം വീട് പദ്ധതി വിസ്മരിക്കാനാവില്ല. കേരളത്തിന്‍റെ വ്യവസായ വികസനത്തെ ത്വരിതപ്പെടുത്തിയ ടി.വി തോമസിന്‍റെ "ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്" എന്ന ആശയം ആ കാലത്തിന്‍റെ വരദാനമായിരുന്നു. അഭിമാനകരമായ  അത്തരം നേട്ടങ്ങളുടെ പൈതൃകം ഉപേക്ഷിച്ചു കൊണ്ടാണ് ഇ.എം.എസിന്‍റെ "ക്ളീന്‍ സ്റ്റേറ്റ്" സിദ്ധാന്തത്തിന് പിന്നാലെ സി.പി.ഐ പോയത്. കുരങ്ങന്‍റെ ഹൃദയം കൈക്കലാക്കാന്‍ ശ്രമിച്ച മുതലയെപ്പോലെ സി.പി.ഐയില്‍ നിന്നും മുഖ്യമന്ത്രിസ്ഥാനം തട്ടിപ്പറിക്കുകയായിരുന്നു സി.പി.എമ്മിന്‍റെ ലക്ഷ്യം. ഹൃദയം വൃക്ഷക്കൊമ്പിലാണെന്നു പറഞ്ഞു മുതലയെ കബളിപ്പിച്ചു രക്ഷപ്പെട്ട കുരങ്ങന്‍റെ കൗശലം പാവം സി.പി.ഐക്കാര്‍ക്ക് ഇല്ലാതെ പോയി.

വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം താലത്തിലാക്കി ഇ.എം.എസിന്‍റെ പാദത്തില്‍ വെച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതില്‍ വലിയ ത്യാഗം സഹിച്ച സി.പി.ഐക്ക് മതിയായ പരിഗണന സി.പി.എമ്മില്‍ നിന്ന് ലഭിച്ചില്ല. കോണ്‍ഗ്രസ് മുന്നണിയില്‍ കിരീടം ധരിച്ചു തിളങ്ങിയ ആ ശിരസില്‍ സി.പി.എം വെച്ചുകൊടുത്തത് അവജ്ഞയുടെയും അവഗണനയുടെയും കുപ്പക്കൊട്ടകളായിരുന്നു. സി.പി.എം ആധിപത്യത്തിന്‍റെ നുകഭാരം പേറി മൂന്നര പതിറ്റാണ്ടുകളായി ഇടതുമുന്നണിയില്‍ ഭൃത്യവേല ചെയ്യേണ്ടി വന്ന സി.പി.ഐയുടെ വളര്‍ച്ച മുരടിച്ചു. തിന്നും കുടിച്ചും കൂത്താടിയും സി.പി.എം തടിച്ചു കൊഴുത്തപ്പോള്‍ സി.പി.ഐ എല്ലും തോലുമായി അകാല വാര്‍ധക്യത്തിലേക്കെറിയപ്പെട്ടു. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവുന്നതുപോലെ സി.പി.ഐ ചീഞ്ഞു സി.പി.എം വളര്‍ന്നു.

ഒരു നാഴിയില്‍ മറ്റൊരു നാഴി കൊള്ളില്ളെന്ന സത്യം തിരിച്ചറിയാന്‍ സി.പി.ഐയ്ക്ക് സാധിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയം സി.പി.എമ്മിന് അധികാരം പിടിക്കാനുള്ള കുറുക്കുവഴിയാണെന്ന് ഇനിയെങ്കിലും സി.പി.ഐ തിരിച്ചറിയണം. തിരുവായ്ക്ക് എതിര്‍ വാ ഇല്ലാത്ത സി.പി.എം നയത്തില്‍ ജനാധിപത്യം നേരത്തെ തന്നെ വിച്ഛേദിക്കപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധമായ ആശയത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇടതുപക്ഷം എന്ന ആശയവും സി.പി.എം ഉപേക്ഷിച്ചിരിക്കയാണ്. പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത കോര്‍പ്പറേറ്റ് ദല്ലാളന്മാരുടെ കൂട്ടായ്മ മാത്രമാണിന്ന് സി.പി.എം. ശുദ്ധമായ ഇടതുപക്ഷ വിചാരങ്ങളും പതിതപക്ഷ വികാരങ്ങളും മതനിരപേക്ഷ ദര്‍ശനങ്ങളും സംരക്ഷിക്കണമെങ്കില്‍ സി.പി.എമ്മിന്‍റെ കളങ്കിത ബന്ധത്തില്‍ നിന്നും സി.പി.ഐ പുറത്ത് ചാടണം. തെലങ്കാനയിലെയും ബിഹാറിലെയും സി.പി.ഐ അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി സൗഹാര്‍ദ്ദം പങ്കിടുന്നു.

ആധുനിക കേരള വികസന ചരിത്രത്തില്‍ അച്യുതമേനോന്‍ കൊത്തിവെച്ച വികസന കാലത്തിന്‍റെ പൈതൃകം സി.പി.ഐ ഏറ്റുവാങ്ങണം. പൂര്‍വകാലത്തിന്‍റെ അഭിമാനസ്മൃതികളുമായി ആര്‍.എസ്.പി തിരിച്ചുവന്നെങ്കില്‍ എന്തുകൊണ്ട് സി.പി.ഐക്കും ആ മാര്‍ഗം സ്വീകരിച്ചുകൂടാ?  അരുവിക്കരയില്‍ മുഴങ്ങുന്ന മരണമണി ഇടതുമുന്നണിയുടെ സര്‍വനാശത്തിന്‍റെ മുന്നറിയിപ്പാണെന്ന് തിരിച്ചറിയാനുള്ള വിവേകം സി.പി.ഐക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക