Image

റിക്രൂട്ട്മെന്‍റ് തട്ടിപ്പ് ഒഴിവാക്കാന്‍ ഇ- മൈഗ്രേറ്റ് സംവിധാനം

Published on 02 July, 2015
റിക്രൂട്ട്മെന്‍റ് തട്ടിപ്പ് ഒഴിവാക്കാന്‍ ഇ- മൈഗ്രേറ്റ് സംവിധാനം
അബൂദബി: റിക്രൂട്ട്മെന്‍റ് തട്ടിപ്പ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-മൈഗ്രേറ്റ് സംവിധാനത്തില്‍ യു.എ.ഇയില്‍ നിന്ന് നിരവധി തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50 മുതല്‍ 150 വരെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിച്ചു. 20 മുതല്‍ 50 വരെ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ജൂലൈ 31 വരെ സമയമുണ്ട്. 20ല്‍ താഴെ തൊഴിലാളികളുള്ളവര്‍ക്ക് ആഗസ്റ്റ് 31വരെയും.

ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ 250ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 18 കമ്പനികളെക്കുറിച്ച പരിശോധന പൂര്‍ത്തിയായി. ബ്ളൂ കോളര്‍ തൊഴിലാളികളെയും നഴ്സുമാരെയും ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇ- മൈഗ്രേറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ദാതാക്കള്‍  www.emigrate.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷകള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പരിശോധിക്കും. തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യുകയോ ഏജന്‍റുമാര്‍ വഴി നിയമിക്കുകയോ ചെയ്യാം.

ഓരോ ഇനം തൊഴിലുകള്‍ സംബന്ധിച്ച നിബന്ധനകള്‍ തൊഴില്‍ദാതാക്കള്‍ വ്യക്തമാക്കിയിരിക്കണം.
താല്‍ക്കാലിക തൊഴില്‍ കരാറായി ഈ നിബന്ധനകള്‍ പരിഗണിക്കും. റിക്രൂട്ട്മെന്‍റ് സമയത്ത് യഥാര്‍ഥ തൊഴില്‍ കരാറില്‍ ഒപ്പുവെക്കും. നേരിട്ട് റിക്രൂട്ട്മെന്‍റ് ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മിറ്റിനായി വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാം.

വിദേശത്തേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റും ഇതേ വെബ്സൈറ്റിലൂടെയാണ്. നഴ്സുമാരെ ആവശ്യമുള്ള തൊഴില്‍ദാതാക്കള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റ്സ് (ഒഡെപെക്), ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഒ.എം.സി.എല്‍) എന്നീ ഏജന്‍സികള്‍ വഴിയായിരിക്കും നിയമനം.
നഴ്സുമാരില്‍ നിന്ന് യാതൊരു ഫീസും ഈടാക്കില്ല. തൊഴില്‍ദാതാക്കളും നഴ്സുമാരില്‍ നിന്ന് പണം ഈടാക്കാന്‍ പാടില്ല.

യു.എ.ഇയിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും തുടരുകയാണ്. ഇതുവരെ 40,000ഓളം പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. രജിസ്ട്രേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സമ്മാനമായി നല്‍കാനുള്ള പദ്ധതി ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കും.

ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ക്യാമ്പുകളിലടക്കം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 
  http://indembassyuae.org എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് നീത ഭൂഷണ്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി മുഹമ്മദ് ശാഹിദ് ആലവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക