Image

‘തൊഗാഡിയ- വെള്ളാപ്പള്ളി കൂട്ടുകെട്ട് സമൂഹം തിരിച്ചറിയണം’

Published on 02 July, 2015
 ‘തൊഗാഡിയ- വെള്ളാപ്പള്ളി കൂട്ടുകെട്ട് സമൂഹം തിരിച്ചറിയണം’

ആലപ്പുഴ: വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെ രംഗത്തുവന്ന പ്രവീണ്‍ തൊഗാഡിയക്ക് പുതിയ മുഖവും വേദിയും നല്‍കി കൈകോര്‍ക്കുന്നതിലെ ആപത്ത് കേരളസമൂഹം തിരിച്ചറിയണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ തൊഗാഡിയ കൂട്ടുകെട്ടിനെതിരെയും ബി.ജെ.പി ബന്ധത്തിനെതിരെയും രൂക്ഷമായ ഭാഷയിലാണ് പിണറായി പ്രതികരിച്ചത്. പി.കെ. ചന്ദ്രാനന്ദന്‍ അനുസ്മരണ വേദിയിലായിരുന്നു പിണറായിയുടെ മുന്നറിയിപ്പ്. തൊഗാഡിയ കടുത്ത ഹിന്ദുത്വവാദിയും ഹിന്ദു അല്ലാത്തവര്‍ നാടുവിട്ടുപോകണമെന്ന് പറയുന്നയാളുമാണ്.

ശ്രീനാരായണഗുരുവിന്‍െറ ദര്‍ശനങ്ങളെ പാടെ മറന്നുള്ള നിലപാടാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഗാഡിയയുടെ വരവിന് പ്രത്യേക ലക്ഷ്യമുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പ് കാലത്താണ് തൊഗാഡിയ എത്തിയത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയുമെല്ലാം തങ്ങളുടെ ദര്‍ശനങ്ങള്‍കൊണ്ട് കെട്ടിപ്പടുത്ത പുതിയ കേരളത്തെ തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.

ഇടത് പ്രസ്ഥാനത്തിന്‍െറ വളര്‍ച്ചയുടെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളില്‍ മുന്നില്‍ നിന്ന സമുദായത്തെ തൊഗാഡിയക്ക് മുന്നില്‍ കെട്ടാനുള്ള നീക്കം തിരിച്ചറിയണം. തൊഗാഡിയയുടെ വര്‍ഗീയകൃഷി ഗുരുദര്‍ശനത്തിന്‍െറ ചെലവില്‍ നടത്താന്‍ അനുവദിക്കരുത്. സമുദായനേതാവിന് ഇപ്പോള്‍ ഇടതുപക്ഷത്തെക്കൊണ്ട് കാര്യമായ ഗുണമില്ല. കാരണം തങ്ങള്‍ ഇപ്പോള്‍ ഭരണത്തിലില്ലല്ളോ. വിദ്യാഭ്യാസ സ്ഥാപനങ്ങളും തസ്തികകളും അനുവദിക്കാന്‍ ഇപ്പോള്‍ ഇടതുഭരണം ഇല്ലാത്തതിനാല്‍ അതിന് പറ്റിയവരുമായി വിലപേശുകയാണ്. അതൊക്കെ തിരിച്ചറിയാനുള്ള കഴിവ് സമൂഹത്തിന് നഷ്ടപ്പെടരുതെന്ന് പിണറായി പറഞ്ഞു.

അരുവിക്കരയില്‍ ബി.ജെ.പി കോണ്‍ഗ്രസിന്‍െറ ബി ടീമായിരുന്നു. ഒ. രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നിലും ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമായിരുന്നു. ബി.ജെ.പിയുമായാണ് മത്സരമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി അതിലൂടെ ന്യൂനപക്ഷ വോട്ടുകളെ ഭയപ്പെടുത്തി പെട്ടിയിലാക്കി.
പാവപ്പെട്ട കുടുംബങ്ങളില്‍ പോയി ദാരിദ്ര്യത്തെ മുതലെടുത്ത് പണം നല്‍കി. സഹതാപ തരംഗമുണ്ടാക്കി. ഒപ്പം വര്‍ഗീയത ഇളക്കിയും യു.ഡി.എഫ് വിജയംനേടി. ശബരീനാഥന് വോട്ടുചെയ്തില്ളെങ്കില്‍ രാജഗോപാലിന് ചെയ്താല്‍ മതിയെന്നുവരെ ചില കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു. പരമ്പരാഗതമായി വിജയിച്ചുവന്ന യു.ഡി.എഫിന് അത് നിലനിര്‍ത്തി എന്നല്ലാതെ കേരളത്തിന്‍െറ പൊതുമനസ്സിനെ സ്വാധീനിക്കുന്ന ഫലമല്ലത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ഒരുപോലെ താലോലിക്കുന്നത് യു.ഡി.എഫ് അല്ലാതെ ആരാണ്. ആര്‍.എസ്.എസിന് സ്വാധീനമുള്ള സര്‍ക്കാര്‍തന്നെയാണ് കേരളത്തിലുള്ളത്. ഇതേക്കുറിച്ച് സ്വയംവിമര്‍ശം നടത്താന്‍ കോണ്‍ഗ്രസ് തയാറല്ല. എല്‍.ഡി.എഫിന്‍െറ അടിത്തറ തകര്‍ന്നുവെന്ന് പറയുന്നതില്‍ അര്‍ഥമില്ളെന്നും അദ്ദേഹം പറഞ്ഞു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക