Image

ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഐ.എസ് പ്രഹേളിക

Madhyamam Published on 03 July, 2015
ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഐ.എസ് പ്രഹേളിക
വന്‍കരകളും ദേശാതിരുകളും ഭേദിച്ച് ആക്രമണപരമ്പരകളുമായി മുന്നോട്ടുകുതിക്കുന്ന ‘ഇസ്ലാമിക് സ്റ്റേറ്റ്’ (ഐ.എസ്) എന്ന തീവ്രവാദ സായുധ മിലിഷ്യയെ എങ്ങനെ പിടിച്ചുകെട്ടണമെന്നറിയാതെ വന്‍ ശക്തികള്‍പോലും പകച്ചുനില്‍ക്കുന്ന കാഴ്ച ഉത്തരംകിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 2014 ജൂണ്‍ 29ന് ‘സ്ഥാനാരോഹണം’ ചെയ്യപ്പെട്ട ഐ.എസ് ‘ഖലീഫ’ അബൂബക്കര്‍ ബഗ്ദാദിയുടെ വാഴ്ച രണ്ടാംവര്‍ഷത്തിലേക്ക് കടന്നതോടെ ആക്രമണങ്ങളും കടന്നുകയറ്റവും വര്‍ധിച്ചിരിക്കുകയാണ് എന്നതിന്‍െറ തെളിവാണ് ഫ്രാന്‍സിലും കുവൈത്തിലും തുനീഷ്യയിലും ഏറ്റവുമൊടുവിലായി ഈജിപ്തിലെ സീനായിയിലും വന്‍ ആളപായങ്ങള്‍ വരുത്തിവെച്ച് നടത്തിയ ആക്രമണങ്ങള്‍. ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും ഒരുപോലെ തങ്ങള്‍ക്ക് പ്രഹരങ്ങള്‍ ഏല്‍പിക്കാന്‍ കഴിയുമെന്ന് തെളിയിക്കുക മാത്രമല്ല, പെട്ടെന്നൊരു വ്യാഖ്യാനം നല്‍കാന്‍ സാധിക്കാത്തവിധം ‘ടാര്‍ഗറ്റുകള്‍’ തെരഞ്ഞെടുക്കുന്നതില്‍ കാണിക്കുന്ന വിരുത് ഈ രംഗത്തെ വിദഗ്ധരെ പോലും സ്തബ്ധരാക്കുന്നു.
‘അദ്ദൗലത്തുല്‍ ഇസ്ലാമിയ്യ ഫില്‍ഇറാഖി വശ്ശാം’ (ദാഇശ്) എന്ന അറബി ചുരുക്കപ്പേരില്‍ ഒരു വര്‍ഷം മുമ്പ് രംഗപ്രവേശം ചെയ്ത ‘ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലിവന്‍റ്’ (ഐ.എസ്.എസ്) ലോക ശ്രദ്ധയില്‍ വരുന്നത് ഇറാഖിലെ മൂസില്‍ പിടിച്ചടക്കിയതോടെയാണ്. ശിയാ നേതാവും ഏകാധിപതിയുമായ നൂരി മാലികി, സുന്നി വിഭാഗത്തോട് കാട്ടുന്ന വിവേചനത്തിനും അനീതിക്കുമെതിരെ രംഗത്തുവന്ന സുന്നി മിലിഷ്യ എന്ന നിലയില്‍ ഒരു താല്‍ക്കാലിക പ്രതിഭാസമായേ ലോകം ആദ്യം അതിനെ കണ്ടിരുന്നുള്ളൂ. സദ്ദാമാനന്തര ഇറാഖില്‍ ഭരണ-സൈനിക നേതൃത്വത്തില്‍നിന്ന് പൂര്‍ണമായും അകറ്റിനിര്‍ത്തപ്പെട്ട സുന്നികളുടെ സ്വാഭാവിക പ്രതികരണമായി വിലയിരുത്തിയ രാഷ്ട്രീയ നിരീക്ഷകര്‍, സൈനികമായോ രാഷ്ട്രീയമായോ നിഷ്പ്രയാസം നേരിടാനാവുന്ന ശക്തിയായാണ് ഈ വിഭാഗത്തെ കണ്ടത്. എന്നാല്‍, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്, ഗ്രൂപ്പിന്‍െറ നേതാവ് അബൂബക്കര്‍ അല്‍ബഗ്ദാദി ‘ഖലീഫ’യായി സ്വയം അവരോധിതമാവുക മാത്രമല്ല, പ്രവര്‍ത്തനമണ്ഡലം അതിദ്രുതം വ്യാപിപ്പിക്കുകയുമായിരുന്നു. ഇന്ന് ഇറാഖിലും സിറിയയിലും ലിബിയയിലും എന്തിന്, അഫ്ഗാനിസ്താനില്‍പോലും വലിയൊരു ഭൂപ്രദേശം ഇവരുടെ അധീനതയിലാണ്. മൂസിലിന് പുറമെ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയുടെ ആസ്ഥാനമായ റമാദിയിലും അധികാരമുറപ്പിച്ചിരിക്കുന്നു. സിറിയയിലെ പൗരാണികനഗരമായ പല്‍മീറ പിടിച്ചെടുത്തതോടെ രാജ്യത്തിന്‍െറ വടക്ക്, പടിഞ്ഞാറന്‍ മേഖലയിലെ ആധിപത്യം ആര്‍ക്കും ചോദ്യംചെയ്യപ്പെടാന്‍ കഴിയാത്തവിധം ഉറപ്പിച്ചിരിക്കയാണ്. പശ്ചിമേഷ്യയിലെ 40 പട്ടണങ്ങളും നഗരങ്ങളും ഇവരുടെ നിയന്ത്രണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാവിപോരാട്ടങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞാല്‍ ഏതാനും വര്‍ഷത്തിനുള്ളില്‍ മറ്റു രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുമാറ് ഇക്കൂട്ടര്‍ മേഖലയിലെ ഒരു ശക്തിയായി മാറിക്കൂടായ്കയില്ല എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഐ.എസിന് മുന്നില്‍ അല്‍ഖാഇദ ഒന്നുമല്ളെന്നും നേതൃപരമായും തന്ത്രപരമായും സാമ്പത്തികമായും ആയുധപരമായും സ്വയംപര്യാപ്തമായ ഈ സായുധസംഘത്തിന് പിന്നില്‍ ഏതൊക്കെയോ ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഇവരെക്കുറിച്ച് ആഴത്തില്‍ പഠിച്ചവര്‍ നല്‍കുന്ന മുന്നറിയിപ്പ്. കബന്ധങ്ങള്‍ കുന്നുകൂട്ടുന്നതിലും ചോരച്ചാലുകള്‍ സൃഷ്ടിക്കുന്നതിലും ഇവര്‍ കാട്ടുന്ന ആവേശം വന്‍ ശക്തികളെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. യു.എസിലെ റാന്‍റ് കോര്‍പറേഷന്‍െറ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം എണ്ണക്കള്ളക്കടത്തിലൂടെ 100 ദശലക്ഷം ഡോളറും നിര്‍ബന്ധ പിരിവ് വഴി 600 ദശലക്ഷം ഡോളറും ബാങ്കുകള്‍ വഴി 600 ദശലക്ഷം ഡോളറും ഐ.എസിന്‍െറ ഖജനാവിലേക്ക് ഒഴുകിയിട്ടുണ്ടത്രെ.
രണ്ട് ലോകയുദ്ധ കാലങ്ങളില്‍ നിലനിന്നതിനേക്കാള്‍ സ്ഫോടനാത്മകമാണ് പശ്ചിമേഷ്യയും ഉത്തരാഫ്രിക്കയുമിന്ന്. ഇറാഖ്, സിറിയ, ലിബിയ എന്നീ രാഷ്ട്രങ്ങള്‍, സത്യസന്ധമായി പറഞ്ഞാല്‍ ഭൂപടത്തില്‍ മാത്രമാണ്  അവശേഷിക്കുന്നത്. മേഖലയിലെ സാമ്പത്തിക കരുത്തരായ ജി.സി.സി രാജ്യങ്ങള്‍ അസമാധാനത്തിന്‍െറ കരിനിഴലിലുമാണ്. സദ്ദാം ഹുസൈനെയും മുഅമ്മര്‍ ഖദ്ദാഫിയെയും അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെയും നിഷ്കാസനം ചെയ്യാന്‍ ഏകപക്ഷീയ സൈനിക അധിനിവേശം നടത്തിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള വന്‍ ശക്തികള്‍ എന്തുകൊണ്ട് ഐ.എസിനെ ഫലപ്രദമായി നേരിടാന്‍ തന്ത്രങ്ങളാവിഷ്കരിക്കുന്നില്ല എന്ന ചോദ്യത്തിന് പ്രസിഡന്‍റ് ഒബാമയില്‍നിന്നുപോലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഐ.എസിനെ നേരിടുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതായി റിപ്പബ്ളിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയിന്‍ ഈയിടെ കുറ്റസമ്മതം നടത്തുകയുണ്ടായി. നൂരി അല്‍മാലികിന് പകരം പ്രതിഷ്ഠിച്ച ഹൈദര്‍ അലി ആബിദിന് ഈ ദിശയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ളെന്ന് എല്ലാവരും അംഗീകരിക്കുന്നു. ഭരണത്തിലും സൈന്യത്തിലുമുള്ള സുന്നികളുടെ ഭാഗഭാഗിത്തം ഉറപ്പിക്കുകയും ഗോത്രത്തലവന്മാര്‍ക്ക് യഥേഷ്ടം ആയുധങ്ങള്‍ നല്‍കി അവരെ തീവ്രവാദികളെ നേരിടുന്നതില്‍ സുസജ്ജമാക്കുകയും മാത്രമാണ് പോംവഴിയെന്ന് ബ്രിട്ടനും ഫ്രാന്‍സുമൊക്കെ ഉപദേശിക്കുകയാണ്. എന്നാല്‍, ഇത്തരമൊരു നീക്കം ഐ.എസിന് മാത്രമേ ഗുണം ചെയ്യുള്ളൂവെന്ന് നിഷ്പക്ഷമതികള്‍ താക്കീത് നല്‍കുന്നു.
ആരൊക്കെ നിഷേധിച്ചാലും ശരി, ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഉത്തരം കിട്ടാത്ത പ്രഹേളികയുടെ പിറവിയും വളര്‍ച്ചയും വ്യാപനവും അധിനിവേശ, സാമ്രാജ്യത്വ ശക്തികളുടെ പിഴച്ച നയനിലപാടുകളുടെ അനന്തരഫലമാണ്. ലോകത്തിലെ സമ്പന്നമായ ഒരു ഭൂവിഭാഗത്തെയും നാഗരികതയുടെ കളിത്തൊട്ടിലായ ജനപഥങ്ങളെയും സര്‍വനാശത്തിലേക്ക് വലിച്ചെറിഞ്ഞ് ലോക യജമാനന്മാര്‍ ഇന്ന് കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അഭിനവ താര്‍ത്താരികളുടെ സ്ഥാനമായിരിക്കും ചരിത്രം അവര്‍ക്ക് നീക്കിവെക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക