Image

തത്വമസി (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 01 March, 2016
തത്വമസി (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
തിരുരവംപോലെയീ, വിപിനത്തിനിടയിലൂ­
ടൊഴുകിയെത്തുന്നിളമരുവിതന്‍ പ്രിയസ്വരം
സാന്ത്വനം പകരുവാനുണരുന്ന മലരുപോ­
ലരികെനിന്‍ സ്മിതകാല വദനമാം വാസരം

പരിപാവനാരാമ സാമ്യമെന്‍ പാരിനെ­
പരിപാലനം ചെയ്­തുണര്‍ത്തുന്നുദാരകം
തവ നന്മയറിയാതഹന്തയാല്‍ മര്‍ത്യകം
പരിണമിച്ചീടുന്നുലകിതില്‍ പലവിധം.

വിണ്ണിലൂടല്ല! നിന്‍ സഞ്ചാരമെന്നിവര്‍­
ക്കാരോതിയേകിടാനിന്നെന്‍ ദയാനിധേ,
ഹസ്തങ്ങള്‍ നീട്ടിത്തുണയ്­പ്പു നീ, യല്ലാതെ
ദുഃഖങ്ങള്‍ പകരുന്നതില്ലെന്നുടയതേ.

നിന്നെയളക്കുവാനാകുന്നതില്ല! സുര­
സ്‌നേഹിതരാം പാമരന്‍മാര്‍ക്കൊരിക്കലും
കാത്തു വയ്ക്കുന്നു കരുതലില്‍ കൈകളാ­
ലാമോദ നാളം കെടാതവര്‍ക്കുള്ളിലും!

ചേറില്‍നിന്നഴകാര്‍ന്നയംബുജങ്ങള്‍ നിര­
ത്തുന്നതു, മലിവാലുലകുണര്‍ത്തുന്നതും
പാടേമറന്നു! പടു ചിന്തകള്‍ക്കൊത്തു ചേര്‍­
ന്നുലയു, ന്നരികെ നീയെന്നറിയാതെയും!

സ്വസ്ഥമേയല്ലെന്ന തോന്നലാണിതരര്‍ക്കു
ഹൃത്തിലായുളളതെന്നറിയുന്നുവെങ്കിലും
ഭക്ത വര്‍ണ്ണങ്ങള്‍ ചേര്‍ത്തെഴുതുന്നു ചിന്തയില്‍
പൊന്‍തൂവല്‍ കൊണ്ടു നീയാരമ്യ പുലരികള്‍.

മഹിതമാണെല്ലാം; മറക്കുന്നു വെറുതെയീ­
ജന്മവുമെന്ന പോല്‍ ധരയിതില്‍ ചിര ജനം
നിറയുന്നു ചുറ്റിലും തിരുനാമമൊരുപോലെ­
യെന്നുണര്‍ത്തുന്നുപരിയടിയന്റെ ഹൃത്തടം.

സ്തുതിമാത്രമോതിടുന്നനുമാത്ര, യറിവിതേന്‍
സ്മൃതിയിലൂടിഴചേര്‍ന്നിരിപ്പെന്നുമെന്‍വിഭോ
കരുണ തന്‍ ദീപം തിരിച്ചൊന്നു; വേഗേനെ
മനനവുമൊന്നായ്‌­ത്തെളിക്കെന്‍ മഹാപ്രഭോ.
തത്വമസി (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
വിദ്യാധരൻ 2016-03-01 08:02:31
നാം ഏതൊന്നിനെ പുറത്തു തിരയുന്ന അത് നമ്മളിൽ കുടികൊള്ളുന്നു എന്നറിയുമ്പോൾ ഈ വാഴ് വിനെ അഹാങ്കാര രഹിതമായി (തവ നന്മയറിയാതെ ആഹന്തയാൽ മർത്ത്യകം പരിണമിച്ചിടുന്നുലകതിൽ പലവിധം)   നമ്മൾക്ക് ആസ്വദിക്കാൻ കഴിയും.  തിരുരവം പോലെ വിപിനത്തിലൂടെ ഒഴുകി വരുന്ന ചെറു അരുവിയും മലരു പോലെ പൊട്ടിവിടരുന്ന  പ്രാഭാതവും എല്ലാം ഈ ചൈതന്യത്തിന്റെ പ്രകാശനംതന്നെ.  ചൈതന്യം അതിന്റെ ആലയമായ മന്ദിരത്തിൽ സൃഷ്ടിയുടെ പെരുമാറ്റചട്ടങ്ങളെ അനുസരിച്ച് നീങ്ങുമ്പോൾ, മനുഷ്യന്റെ ഒടുങ്ങാത്ത തൃഷ്ണ ദുഃഖത്തിന് കാരണമായി ഭാവിക്കുന്നു (ഹസ്തങ്ങൾ നീട്ടി തുണപ്പു നീയല്ലാതെ ദുഃഖങ്ങൾ പകരുന്നതില്ലെന്നുടയതെ ).   സ്വർഗ്ഗത്തെക്കുറിച്ച് എല്ലാം അറിയാം എന്ന് വാദിക്കുന്ന പാമരന്മാർക്കു പോലും നിന്നെ അളക്കുവാൻ ആകുന്നില്ല (നിന്നെ അളക്കുവാനാകുന്നില്ല സുരസ്നേഹിതരാം പാമാർന്മാർക്കും ) എന്നതിന്റെ തെളിവാണ് ഇന്ന് ലോകത്ത് നടമാടുന്ന മത തീവ്രവാദവും ആശയകുഴപ്പങ്ങളും കുഴാമറിച്ചിലുകളും.  അഹം ബ്രഹ്മാസ്മി  എന്ന് നാം തിരിച്ചറിയുമ്പോൾ അഖിലം  ബ്രഹ്മാസ്മി എന്ന് നമ്മൾക്ക് തിരിച്ചറിയാൻ കഴിയു.

സാധാരണ ജീവിതാനുഭവങ്ങൾക്ക് അപ്പുറത്തേക്ക്   നമ്മെ കൂട്ടികൊണ്ടുപോയി കവി നമ്മൾക്ക് ഒരു വിശ്വദർശനം നല്കുന്നു.  വാക്കുകളെ നറുംപാലിൽ നീരെന്ന പോലെ കവി കോർത്തിണക്കി ചിന്തിക്കും തോറും രുചി പകരത്തക്ക  രീതിയിൽ മനോഹരമായ ഒരു കവിത അനുവാചകർക്കായി നല്കിയിരിക്കുന്നു .  കവിക്ക് ഈ വായനക്കാരന്റെ കൂപ്പ്കൈ..
Ninan Mathullah 2016-03-01 13:24:24
Very good poem. Our understanding can be different. God live within us, no doubt. Still creation is different from creator.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക