Image

മലയാള ചലച്ചിത്ര അവാര്‍ഡ്: ഒരു വെള്ളിത്തിരനോട്ടം (എ.എസ്. ശ്രീകുമാര്‍)

Published on 01 March, 2016
മലയാള ചലച്ചിത്ര അവാര്‍ഡ്: ഒരു വെള്ളിത്തിരനോട്ടം (എ.എസ്. ശ്രീകുമാര്‍)
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തെപ്പറ്റി വിശകലനം ചെയ്യുമ്പോള്‍ ''അപ്രതീക്ഷിതമായ പലതും സംഭവിച്ചു...'' എന്നായിരിക്കും ആദ്യത്തെ പ്രതികരണം. അവാര്‍ഡ് പ്രഖ്യാപനം അടുത്തുവന്ന ദിവസങ്ങളിലും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആ സംവല്‍സര സസ്‌പെന്‍സ് പൊട്ടിക്കുന്നതിന് തൊട്ടു മുമ്പും വാര്‍ത്തകളിലും ചിത്രങ്ങളിലും ഇടം നേടാതെ പോയ പല സിനിമകള്‍ക്കും വ്യക്തികള്‍ക്കുമാണ് 2015ലെ പുരസ്‌കാര ലബ്ധിക്കുള്ള ഭാഗ്യമുണ്ടായത്. എല്ലാത്തവണത്തെയും പോലെ ഏറെ പ്രതീക്ഷിച്ചിട്ടും അവാര്‍ഡ് കിട്ടാത്തതിന്റെ പേരിലുള്ള പരാതിയും പരിഭവവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ച് വിവാദമുണ്ടാക്കുന്ന രീതി ഈ നേരം വരെയുണ്ടായിട്ടില്ല. കല്ലുകടി നാളെ ഉണ്ടാവില്ല എന്ന് പറയാനുമാവില്ല.

സംവിധായകന്‍ ആര്‍. മോഹന്‍ അദ്ധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി, തങ്ങള്‍ക്ക് വലിയ പരിക്ക്  ഏല്‍ക്കാത്തവിധമാണ് കര്‍ത്തവ്യം നിര്‍വഹിച്ചിരിക്കുന്നതെന്ന് മനസിലാക്കാം. തിയേറ്ററുകള്‍ നിറഞ്ഞോടുന്ന കച്ചവട, ജനപ്രിയ സിനിമകളെയും ഒരു തിയേറ്റര്‍ പോലും കിട്ടാതെ പ്രതിസന്ധിയിലാവുന്ന സമാന്തര സിനിമകളെയും ഒരുപോലെ പരിഗണിച്ചതിനൊപ്പം യുവത്വത്തിന്റെ ശ്രേണിക്കും കാര്യമായ പ്രോത്സാഹനം ലഭിച്ചുവെന്നതില്‍ യാതൊരു സംശയവുമില്ല. പ്രധാനപ്പെട്ട ചില കാറ്റഗറികളെ കുറിച്ച് മാത്രം വിലയിരുത്തട്ടെ...

ഏറ്റവും മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ 'ഒഴിവുദിവസത്തെ കളി' എന്ന ചിത്രം ശക്തമായ സമാന്തര രാഷ്ട്രീയ സിനിമാ വിഭാഗത്തില്‍ പെട്ടതാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത പ്രസ്തുത സിനിമ തിരുവനന്തപുരത്ത് ഏതാനും മാസം മുമ്പ് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സനല്‍കുമാര്‍ ശശിധരന് തന്റെ 'ഒരാള്‍ പൊക്കത്തില്‍' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ആര്‍. ഉണ്ണിയുടെ കഥയെ ആസ്പദമാക്കിയാണ് 'ഒഴിവുദിവസത്തെ കളി' എന്ന സിനിമ തയ്യാറാക്കിയത്. ജനപ്രിയ പട്ടികയില്‍ പെടാത്ത ഈ ചിത്രം ഇതുവരെ തിയേറ്ററിലെത്തിയിട്ടില്ല. മലയാളി മധ്യവര്‍ഗത്തിന്റെ അകക്കാമ്പില്‍ അറിഞ്ഞോ അറിയാതെയോ കുടികൊള്ളുന്ന ജാതിചിന്തയെ പൊളിച്ച് പുറത്തുകൊണ്ടുവരുന്ന ഈ സിനിമയ്ക്ക് ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുല വര്‍ണവെറിയില്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലും വധശിക്ഷയ്‌ക്കെതിരെ വ്യാപകമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തിലും ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ജനപ്രിയധാരയില്‍ ഉള്‍പ്പെടാത്ത 'അമീബ'യ്ക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അംഗീകാരം. 'ഒഴിവുദിവസത്തെ കളി' പോലെ തിയേറ്ററുകള്‍ കിട്ടാതെ വിഷമിക്കുന്ന സിനിമയാണിത്. സിനിമയെടുക്കാന്‍ പണമില്ലാതെ വേദനിക്കുകയും ആളുകളില്‍ നിന്ന് പിരിവെടുത്ത് സിനിമയെടുക്കേണ്ട ഗതികേടിലാവുകയും ചെയ്ത സംവിധായകന്‍ മനോജ് കാനയാണ് 'അമീബ'യുടെ കിടയറ്റ സംവിധായകന്‍. ഈ നിര്‍മാണ തൃഷ്ണയെയും ദുരന്തമായ സിനിമാ അവസ്ഥയെയും മാനിച്ച ജൂറി അത്തരം സിനിമകളെയും അവാര്‍ഡിന്റെ ചരിത്രത്തിലേയ്ക്ക് ഹൃദയവിശാലതയോടെയും മൂല്യവത്തായ കാഴ്ചപ്പാടോടെയും കൊണ്ടുവന്നിരിക്കുന്നത് ശുഭകരമായ തുടക്കമായി കാണാം. 

ജനപ്രിയമല്ലെന്ന് മുദ്രകുത്തപ്പെടുന്ന സമാന്തര സിനിമയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രങ്ങളും ന്യൂജനറേഷന്റെ നല്ല സംരംഭങ്ങളും അംഗീകാരപ്പട്ടികയിലിടം പിടിച്ചു. ഒരു ഒരുപാടുപേര്‍ക്ക് അത്താണിയാകുന്ന വ്യവസായമെന്ന നിലയിലും അനേക ലക്ഷങ്ങളെ സ്വാധീനിക്കുന്ന കലാരൂപമെന്ന കാഴ്ചപ്പാടിലും ന്യൂജനറേഷന്‍ മുന്നേറ്റങ്ങള്‍ മലയാള സിനിമയെ ശക്തിപ്പെടുത്തുന്നുണ്ടെന്ന് നിസംശയം പറയാം. 2015ല്‍ തകര്‍ത്തു വാരിയവയാണ് 'എന്നു നിന്റെ മൊയ്തീന്‍', 'ചാര്‍ളി' എന്നീ ചിത്രങ്ങള്‍. ഈ സിനിമകളെ തൊടാതെ ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍ക്ക് മുന്നോട്ടു പോവുക പ്രയാസമായിരുന്നു. ചാര്‍ളിയിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായപ്പോള്‍ 'എന്നു നിന്റെ മൊയ്തീന്‍' മികച്ച കലാമൂല്യമുള്ള ചിത്രം എന്ന ബഹുമതി ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി. ഈ പുരസ്‌കാര ലബ്ധി ജനപ്രിയ-കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്കും നവതലമുറയില്‍പ്പെട്ട ചലച്ചിത്ര പ്രതിഭകള്‍ക്കും വലിയ പ്രോത്സാഹനമാണ്.

മികച്ച ഗായകനായ പി. ജയചന്ദ്രനെയും മികച്ച സംഗീതസംവിധായകനായ രമേശ് നാരായണനെയും മാറ്റി നിര്‍ത്തിയാല്‍ യുവാക്കളുടെ വലിയൊരു നിരയാണ് ഭൂരിഭാഗം അവാര്‍ഡുകളും വാങ്ങിക്കൂട്ടിയത്. ഡോ. ബിജു, ആര്‍.എസ് വിമല്‍, ഇക്കഴിഞ്ഞ ദിവസം അന്തരിച്ച രാജേഷ് പിള്ള, സലീം അഹമ്മദ് തുടങ്ങിയ പ്രതിഭകളെ പിന്തള്ളിക്കൊണ്ടാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായത്. അതുപോലെ തന്നെ സാധ്യതകള്‍ ഏറെ കല്‍പ്പിക്കപ്പെട്ട, മമ്മൂട്ടി (പത്തേമാരി), പൃഥ്വിരാജ് (എന്നു നിന്റെ മൊയ്തീന്‍), നിവിന്‍ പോളി (പ്രേമം), ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ മറികടന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായത്. മികച്ച നടനുവേണ്ടിയുള്ള മത്സരത്തില്‍ മമ്മൂട്ടിക്കൊപ്പം മകന്‍ ദുല്‍ഖറും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പങ്കാളിയായി എന്നത് സിനിമാ ചരിത്രത്തിലെ അത്യപൂര്‍വതയാണ്.

ചാര്‍ളിയിലെ മികച്ച പ്രകടനമാണ് ദുല്‍ഖറിനെ നടന സിംഹാസനത്തിലിരുത്തിയത്. ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് ചാര്‍ളിയെന്ന ചടുല കഥാപാത്രം. എപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്ന ചാര്‍ളിയെ ദുല്‍ഖര്‍ അനായാസമായി അഭിനയിച്ച് ഫലിപ്പിക്കുകയായിരുന്നു. തന്റെ തലമുറക്കാരായ സഹപ്രവര്‍ത്തരില്‍ നിന്ന് വേറിട്ടു നിന്നുകൊണ്ടാണ് ദുല്‍ഖര്‍ അസാമാന്യമായ അഭിനയ ശേഷി കാഴ്ചവച്ചത്. പല പുതുതലമുറ നടന്മാരെ അപേക്ഷിച്ച് പരിപക്വമായ അഭിനയം എന്ന് വിശേഷിപ്പിക്കാം.

ചാര്‍ളി, എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ വേഷപ്പകര്‍ച്ചയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം തൊപ്പിയിലെ പൊന്‍ തൂവലാക്കിയ പാര്‍വതി തൊട്ടതെല്ലാം പൊന്നാക്കിയ അഭിനേത്രിയാണ്. പാര്‍വതിക്ക് ഈ നേട്ടം ഏവരും ഉറപ്പിച്ചിരുന്നു. ചാര്‍ളിയിലായാലും മൊയ്തീനിലായാലും പാര്‍വതിയുടെ കാര്യത്തില്‍ രണ്ടു പക്ഷമുണ്ടായിരുന്നില്ല. മാത്രമല്ല പാര്‍വതിയുടെ പകര്‍ന്നാട്ടം ജൂറിക്ക് കണ്ടില്ലെന്ന് നടിക്കാനുമാവുമായിരുന്നില്ല. കാരണം കഴിഞ്ഞ വര്‍ഷം അഭിനയ പ്രതിഭ കൊണ്ട് തിരിച്ചറിയപ്പെട്ട കലാകാരിയാണ് പാര്‍വതി.

മൊയ്തീനിലെ ജയചന്ദ്രന്റെ പാട്ട്, ചിത്രം തിയേറ്ററിലെത്തും മുമ്പ് തന്നെ ആസ്വാദക ലക്ഷങ്ങള്‍ ഹൃദയത്തിലേറ്റിയതാണ്.  ചലച്ചിത്ര ഗാന ചരിത്രത്തിലെ അവഗണിക്കാനാവാത്ത സാന്നിധ്യമാണ് ജയചന്ദ്രന്‍. ഭാവഗായകനായ അദ്ദേഹത്തിന് മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിക്കുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. മികച്ച സംഗീത സംവിധായകനായ രമേശ് നാരായണനെ സംബന്ധിച്ചിടത്തോളം 2015ലെ ചലച്ചിത്ര അവാര്‍ഡ് നല്‍കുന്നത് ഇരട്ടിമധുരമാണ്. അദ്ദേഹത്തിന്റെ മകളായ മധുശ്രീ നാരായണനാണ് മികച്ച ഗായികയായിരിക്കുന്നത്. പതിനാറ് വയസ്സുള്ള മധുശ്രീ ഏറ്റവും പുതിയ തലമുറയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ്. 'ഇടവപ്പാതി'യെന്ന ചിത്രത്തിലെ ഗാനത്തിനാണ് ഈ കൊച്ചു മിടുക്കിക്ക് അവാര്‍ഡ്.

മലയാള സിനിമയുടെ ഇതപര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ വിവാദവും വെള്ളിത്തിരയിലോടുമെന്ന് കാണാം. കഴിഞ്ഞ വര്‍ഷം എണ്‍പതോളം സിനിമകള്‍ റിലീസ് ചെയ്യപ്പെട്ടു. സമീപകാലത്തെ ഒരു റെക്കോഡാണിതെന്ന് കരുതാം. ഇത്രയും ചിത്രങ്ങളില്‍ നിന്ന് മത്സരത്തിനെത്തിയവ പല കാര്യങ്ങളിലും മികച്ചു നിന്നു. നല്ല ചിത്രങ്ങളുടെ വലിയ പട്ടിക തന്നെയുണ്ടായിരുന്നു. അതില്‍ മികച്ചവ കണ്ടെത്തുകയെന്നത് ജൂറിക്ക് വെല്ലുവിളി ആയിരുന്നിരിക്കണം. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി എല്ലാ തലങ്ങളെയും പക്ഷപാതിത്വമില്ലാതെ സ്പര്‍ശിച്ചു പോയി എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ അവാര്‍ഡ് കൊതിച്ചിട്ട് കിട്ടാത്തവരുടെ  ദുഖവും നിരാശയും പരാതിയും പ്രതിഷേധവുമൊക്കെ ഉയരുക സ്വാഭാവികം.

പ്രശസ്ത താരം ജോയ് മാത്യു തന്നെ ആദ്യം വെടി പൊട്ടിച്ച് രംഗത്തെത്തി. 'മോഹവലയം' എന്ന ചിത്രത്തിന് ഒട്ടേറെ അവാര്‍ഡുകള്‍ കിട്ടേണ്ടതായിരുന്നുവെന്നാണ് ജോയ് മാത്യു പറയുന്നത്. മോഹവലയത്തിലെ തന്റെ പ്രകടനത്തിന് താന്‍ പ്രതീക്ഷിച്ചത് മികച്ച നടനുള്ള പുരസ്‌കാരമായിരുന്നുവെന്ന് ജോയ് പറഞ്ഞു. എന്നാല്‍, ജൂറി ചെയര്‍മാന്‍ തന്നെ പ്രത്യേകം പരാമര്‍ശിച്ചത് ഗതികേടു കൊണ്ടാണെന്നും ജോയ് വിമര്‍ശിക്കുന്നു. മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതില്‍ പരാതിയൊന്നുമില്ല. ദുല്‍ഖര്‍ സല്‍മാന്‍ ആ അവാര്‍ഡ് അര്‍ഹിക്കുന്നതാണെന്നും ജോയ് മാത്യു പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സിനിമാ സംരഭങ്ങളെ തിയേറ്ററിനകത്തും പുറത്തും അടയാളപ്പെടുത്തി കാഴ്ചയ്ക്ക് മുന്നിലെത്തിയ സിനിമകളെ അളന്നുതൂക്കിക്കൊണ്ടുള്ള, സാധാരണ പ്രേക്ഷകരുടെ ആസ്വാദന വിശപ്പിനെ തൃപ്തിപ്പെടുത്തുന്ന അവാര്‍ഡ് നിര്‍ണയമായിരുന്നു ഇതെന്ന് പറയാം.

മലയാള ചലച്ചിത്ര അവാര്‍ഡ്: ഒരു വെള്ളിത്തിരനോട്ടം (എ.എസ്. ശ്രീകുമാര്‍)
മലയാള ചലച്ചിത്ര അവാര്‍ഡ്: ഒരു വെള്ളിത്തിരനോട്ടം (എ.എസ്. ശ്രീകുമാര്‍)
Join WhatsApp News
Observer 2016-03-01 12:11:08
മംമ്മൂട്ടിയുടെ സ്വാധീനം ഇല്ലായെന്ന് ഒരു അന്വേഷണം മൂലം തെളിയിക്കണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക