Image

വാനിഷിംഗ് പോയിന്റ് (ഡി. ബാബു പോള്‍)

Published on 02 March, 2016
വാനിഷിംഗ് പോയിന്റ് (ഡി. ബാബു പോള്‍)
മനുഷ്യന്‍ അന്വേഷകനാണ്. അന്വേഷണം അസ്തമിക്കുന്നത് അന്ത്യശ്വാസം ചരിത്രമാവുമ്പോഴാണ്. പിറന്നുവീഴുന്ന ശിശു കരയുന്നു. അത് അന്വേഷണത്തിന്റെ ഭാഗമാണ്. അതുവരെ അനുഭവിച്ചിരുന്ന അല്ലലില്ലാത്ത അസ്തിത്വത്തില്‍ നിന്ന് താന്‍ എങ്ങനെ ഇവിടെയെത്തി, ഇത് എവിടെയാണ്. എന്നൊക്കെയുള്ള അന്വേഷണം അവിടെ തുടങ്ങുന്നു.

രണ്ടുതരത്തില്‍ മനുഷ്യന് ഇതിന് ഉത്തരം ലഭിക്കാം. ഒന്ന് സ്വന്തം അനുഭവത്തില്‍ നിന്ന്. മറ്റേത് അന്യരുടെ അനുഭവത്തെക്കുറിച്ചുള്ള ആര്‍ജ്ജിതവിജ്ഞാനത്തില്‍ നിന്ന്. ചുട്ടുപഴുത്തിരിക്കുന്ന കനലില്‍ തൊട്ടാല്‍ പൊള്ളും. തൊട്ടുനോക്കി അത് കണ്ടെത്താം. നേരത്തെ തൊട്ടുനോക്കിയവര്‍ "പൊള്ളും' എന്നു പറയുന്നത് വിശ്വസിച്ചാലും അത് കണ്ടെത്താം.

ഭൗതീക ലോകത്തില്‍ ഇത്രയും മതി. എന്നാല്‍ ബൗദ്ധികലോകത്തില്‍ അതു പോരാ. അതിന് വേറെ ഒരു മാനംകൂടിയുണ്ട് അതിവിടെ. എന്തുകൊണ്ടു പൊള്ളുന്നു എന്ന അന്വേഷണം തീര്‍ക്കുന്നതാണ് ആ മാനം.

അവിടെ പല ഉത്തരങ്ങള്‍ ഉണ്ടാകാം. കനലിന്റെ ചൂട് പ്രസാരണം ചെയ്യപ്പെടുന്നതുകൊണ്ടാണ് പൊള്ളുന്നത് എന്ന് ഊര്‍ജതന്ത്രം പറയും. തൊടുന്ന ജീവിയുടെ തൊലി കനലിന്റെ ചൂട് താങ്ങാന്‍ അപ്രാപ്തമാകുന്നതിനിലാണ് പൊള്ളുന്നത് എന്ന് ജീവതന്ത്രം പറയുന്നു.

അതായത് അന്വേഷണത്തിന് അന്തമില്ല. ഉത്തരങ്ങള്‍ക്ക് ഐക്യരൂപ്യവുമില്ല. ഈ പുസ്തകം കുറെ അന്വേഷണങ്ങളും അതിന് അഭീ നല്‍കുന്ന മറുപടികളുമാണ്. ഈ മറുപടികള്‍ ഒന്നും അവസാനവാക്കല്ല. അവസാനം വരെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന വാക്കുകളുടെ സമുച്ചയമാണ്. ആരാണീ അഭി? അതും അന്വേഷിക്കേണ്ടിയീരിക്കുന്നു! പ്രസാധകര്‍ ഒന്നും പറയുന്നില്ല. അതാണ് അന്വേഷണത്തെ അനന്തമാക്കുന്നത്. നേതി, നേതി. ഇതല്ല. ഇതല്ല. ഇതൊന്നുമല്ല. ഒടുവില്‍ നാം എത്തുന്നിടത്ത് എല്ലാം പൂര്‍ണ്ണമാണെങ്കില്‍ പൂര്‍ണ്ണത്തില്‍ നിന്ന് അപൂര്‍ണ്ണത ഉണ്ടാവുകയില്ല എന്നും അപൂര്‍ണ്ണത അപൂര്‍ണ്ണമല്ല എന്നും വ്യക്തമാകും. അവിടെയാണ് ആചാര്യന്മാര്‍ "പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം പൂര്‍ണ്ണാല്‍ പൂര്‍ണ്ണമുദച്യേതേ പൂര്‍ണ്ണസ്വപൂര്‍ണ്ണമാദയ പൂര്‍ണ്ണമേവാവശിഷ്യതേ' എന്നു പറയുന്നത്. കരയില്ലാതിരിക്കുന്നതിന് കരകവിയാനുമാവില്ല. ഗൂഢം ബ്രഹ്മ തദിദം വോ ബ്രവീമി: എന്ന് ആര്‍ക്കും പറയാനുമാവുകയില്ല. കാരണം ഗൂഢസത്യം നിര്‍വ്വചനാധിഷ്ഠിതമായി തന്നെ ഗൂഢമത്രേ.

ഓരോ ഉത്തരവും ഒരു ചൂണ്ടുപലകയാണ്. ഇതാ, ഇതിലെ അന്വേഷണം തുടരുക എന്നാണ് ആ പലകയില്‍ എഴുതിയിട്ടുള്ളത്.

ആരും എവിടെയും എത്തിച്ചേരുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഓരോ എത്തിച്ചേരലും ഓരോ പുറപ്പെടലാകുന്നു. എവരി അറൈവല്‍ ഈസ് എ ഡിപ്പാര്‍ച്ചര്‍.

പാതകളില്ലാത്ത പീഠഭൂമി എന്നി ജിദ്ദ കൃഷ്ണമൂര്‍ത്തിയും, എങ്ങോട്ടും തിരിവാന്‍ ആവശ്യമില്ലാത്ത താഴ്‌വര എന്ന് യെഹസ്‌ക്കേലും വിവരിക്കുന്ന അവസ്ഥ സംജാതമായാല്‍ ശേഷം നദിക്ക് അക്കരെയും ഇക്കരെയും ജീവവൃക്ഷം ഉണ്ട്, അത് പന്ത്രണ്ട് വിധം ഫലം കായിച്ച് മാസംതോറും അതത് ഫലംകൊടുക്കുന്നു എന്ന് തിരിച്ചറിയാനാവും. "പിന്നെ രാത്രി ഉണ്ടാകയില്ല. ദൈവമായ കര്‍ത്താവ് അവരുടെ മേല്‍ പ്രകാശിക്കുന്നതുകൊണ്ട് വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവര്‍ക്ക് ആവശ്യമില്ല' (വെളിപാടു പുസ്തകം , 22 :5). "ഉദയേ സവിതാ രക്ത:രക്താശ്ചാസ്തമയേ തഥാ സമ്പത്തൗ ച വിപത്തൗച മഹതാമേകരൂപതാ' എന്നു ഭാരതീയ സുഭാഷിതവും പറയുന്നുണ്ടല്ലോ. സൂര്യന്‍ ഉദയത്തിലും അസ്തമയത്തിലും രക്തവര്‍ണ്ണനാണ്; മഹാന്മാര്‍ക്ക് സമ്പത്തിലും വിപത്തിലും ഒരേ ഭാവം ആയിരിക്കും. ആ മഹത്വത്തിന്റെ സാക്ഷാത്കാരമാവട്ടെ സമാന്തര രേഖകള്‍ കൂട്ടിമുട്ടുന്ന അസ്തമയ ബിന്ദുവോളം ദൂരത്താണ് താനും. അപ്രാപ്യമായ ഗണിത സങ്കല്‍പമാണ് അസ്തമയബിന്ദു; വാനിഷിംഗ് പോയിന്റ്; സമാന്തര രേഖകളുടെ സംഗമബിന്ദു.

"ബന്ധനത്തിന്റെ രഹസ്യം, മോചനത്തിന്റേയും' എന്ന കൃതി വായിച്ചുകഴിഞ്ഞപ്പോള്‍ ആ അസ്തമയ ബിന്ദുവാണ് എന്നെ മോഹിപ്പിക്കുന്നത്. അമ്പിളിയമ്മാവന്റെ കുമ്പിളിലെന്തുണ്ട് എന്ന അന്വേഷണം തുടരുക തന്നെ; അസ്തമയ ബിന്ദുവോളം. അകലെയാണ് അസ്തമയബിന്ദു; ഒരിക്കലും എത്തിച്ചേരാനാവാത്തത്ര അകലെ; എങ്കിലും അന്വേഷണം തുടരാതെ വയ്യ. (അഭീയുടെ ഉത്തരങ്ങള്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് നോവേഡ്‌സ് പ്രസ്, കൊച്ചി 18. nowordspress@gmail.com
വാനിഷിംഗ് പോയിന്റ് (ഡി. ബാബു പോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക