Image

നോമ്പുകാല ചിന്തകള്‍-7 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)

Published on 03 March, 2016
നോമ്പുകാല ചിന്തകള്‍-7 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)
നോമ്പുദിനങ്ങളില്‍ കൂടുതല്‍ വായിക്കുക. കൂടുതല്‍ ചിന്തിക്കുക - കൂടുതല്‍ പ്രാര്‍ത്ഥിക്കുക. അപ്പോള്‍ നമുക്ക് അനുസരണത്തിന്റെ അതിരുകള്‍ കാണാന്‍ കഴിയും. മനുഷ്യജീവിതത്തിന്റെ കാഴ്ചപാടുകള്‍ ദൈവം പലപ്പോഴും കാട്ടിത്തരുന്നുണ്ട്. വേദത്തിലെ ജ്ഞാനപുസ്തകം നിങ്ങള്‍ വായിച്ചിട്ടില്ലെ. ദിവ്യജ്ഞാനവും നിര്‍ദ്ദേശങ്ങളും അനുസരിക്കാത്തവന്റെ പേരാണ് വിഡ്ഢി. ദൈവത്തെ അറിയണോ നാം അവനെ ഭയപ്പെടണം. ദൈവഭയമാണ് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആരംഭം. സങ്കീര്‍ത്തനങ്ങള്‍ പ്രസരിപ്പിക്കുന്ന പൊതുവികാരം തന്നെ ദൈവഭയമാണ്. എത്ര അടുക്കുന്നുവോ - നമുക്ക് അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ വ്യക്തമാകും. കൂടുതല്‍ ദൈവവുമായി അടുക്കുന്ന കാലം നോമ്പുകാലമാക്കുക. വരും നാളുകള്‍ കൂടുതല്‍ വ്യക്തതയോടെ കാണാനാവും.

ലളിതജീവിതത്തെക്കുറിച്ച് നോമ്പുദിനങ്ങളില്‍ ചിന്തിക്കുന്നത് പ്രയോജനകരമാണ്. എന്താണ് ലളിത ജീവിതരീതിയും സമീപനവും. ലാളിത്യത്തിന്റെ പരിധി എവിടം വരെ. പ്രത്യേക ഭക്ഷണക്രമമോ, വിരുന്നുകളോടും വിഭവങ്ങളോടും വിട പറയുകയോ, ഒക്കെ ആകാം. ഇതിലും പ്രധാനം നാം നമുക്ക് താല്പര്യമുള്ള പ്രലോഭനങ്ങളോട് എത്ര ദൂരം പാലിക്കുന്നു എന്ന് കൂടി ചിന്തിക്കണം. ഇപ്രകാരമൊരു ചിന്ത തന്നെ വലിയ കാര്യം. യേശു ഭൂമിയിലെ ഹൃസ്വ ജീവിതത്തില്‍ അതു കാട്ടിതന്നു. പട്ടിണി പരിശീലിച്ചില്ലെങ്കില്‍, കല്ലുകള്‍ അപ്പമാകുന്ന പ്രലോഭനത്തില്‍ നാം വീണുപോകുമത്രെ. പട്ടിണി ശീലിക്കാത്തവന്‍ എങ്ങനെയാണ് ഭൂമിയിലെ ദരിദ്രനെ തൃപ്തനാക്കുക. നിന്റെ കൈവശമുള്ളതുകൊണ്ട് - സമൂഹത്തിന് തൃപ്തി വരുത്തുവാന്‍ കഴിയും. നല്‍കാനുള്ള നന്മ വറ്റിപോകാതിരുന്നാല്‍ മതി. എപ്പോഴാണ് നമ്മിലെ കരുണ കല്ലിച്ച് പോയത് - എവിടെ വെച്ചാണ് നമുക്ക് മരവിപ്പ് അനുഭവപ്പെട്ടത് - ആത്മവിശ്വാസം കൂടാരമടിച്ചിരിക്കുന്ന മനസ്സില്‍ - മാനസാന്തരം സംഭവിക്കാന്‍ - നോമ്പുദിനങ്ങളില്‍ ആഗ്രഹിക്കുക.

മതചിന്തയിലും സമീപനത്തിലും യേശു കലര്‍ത്തിയ ലാളിത്തം - അതി മനോഹരമായിരുന്നില്ലെ. തന്റെ മുന്നില്‍ - ""മിഴിപുട്ടാതിരുന്ന മനുഷ്യരോട്, ബുദ്ധിമാനു മനസ്സിലാകാത്ത സ്വര്‍ഗ്ഗരാജ്യ രഹസ്യം ഉപമകളായി പറയുക. മരപ്പണിക്കാരന്‍ മീന്‍ പിടുത്തക്കാര്‍ക്ക് കഥ പറഞ്ഞ് കൊടുത്ത്, അവസാനം മുക്കുവര്‍ അവനുവേണ്ടി മരിച്ചുപോലും. ഈ മഹത്വം ഭൂമിയില്‍ എവിടെയാണ് നിങ്ങള്‍ കേട്ടിട്ടുള്ളത്.

സ്ത്രീപീഡനവും മതപീഡനവും മാത്രം വാര്‍ത്തയാകുന്ന ഈ സമയങ്ങളില്‍ സാക്ഷികളുമായി - കല്പന ലംഘനം നടത്തിയവളെ കല്ലെറിയാന്‍ കൊണ്ടുവന്നപ്പോള്‍ - കര്‍ത്താവ് ഒരു ക്രമപ്രശ്‌നമുന്നയിക്കുന്നു. പാപത്തിന്റെ പേരില്‍ കല്ലെറിയാന്‍ പാപിക്ക് കഴിയുമോ - പരീശനും സാദുക്യനും - കല്ലെറിയാന്‍ ആരോഗ്യം മതിയെന്ന് വിശ്വസിച്ച കാലത്ത്, കല്ലെറിയാന്‍ മാനസിക ആരോഗ്യം വേണമെന്ന് അവിടുന്ന് പറയുന്നു. പാപമില്ലാത്ത മനസ്സ് - ആരോഗ്യമുള്ള മനസ്സ് അമിത ഭാഷണം അകറ്റിയ മനസ്സ്, നോമ്പിന്റെ മൗനത്തില്‍, മുറിവാക്കുകളില്‍, നമുക്ക് അവനുമായി - ഹൃദയം തുറക്കാം.
നോമ്പുകാല ചിന്തകള്‍-7 (ദീപം ബൈബിള്‍ സ്റ്റഡി: ഇ.­വി.­പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക