മോഷണ സംഘത്തിന്റെ കഥ പറയുന്ന ഐഡിയല്‍ കപ്പിള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്
പുരോഗമിക്കുന്നു. അലി അക്ബര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രത്തില്‍
വിനീത്, പുതുമുഖനായിക ലക്ഷ്മി മേനോന് എന്നിവര്‍ നായികാ നായകന്മാരാകുന്നു.
തമിഴ് നടന് നാസര്‍, പോപ്പ് ഗായിക ഉഷാ ഉതുപ്പ്, കലാഭവന്‍ ഷാജോണ്‍, കലിംഗ
ശശി, പ്രവീണ്‍ പ്രേം, മധു അഞ്ചല്‍, ശാരംഗദേവ് എന്നിവരും ശ്രദ്ധേയമായ വേഷം കൈകാര്യം
ചെയ്യുന്നു.
തിരുട്ട് രാജയുടെ മോഷണസംഘത്തില്‍ മൂന്നു ചെറുപ്പക്കാരുണ്ട്.
ഗണേശ്, പുട്ടുവാസു, നീര്‍ക്കോലി എന്നിവരുമായി തിരുട്ടുരാജ് നടത്തിയ മോഷണങ്ങള്‍
ചില്ലറയല്ല. പക്ഷേ, ഇപ്പോള്‍ അതെല്ലാം നിര്‍ത്തി നല്ല മനുഷ്യനായി ജീവിക്കാന്‍
ശ്രമിക്കുകയാണ്. അവസാനനിമിഷം മരിക്കാന്‍ നേരത്ത് ഭാര്യയ്ക്ക് കൊടുത്ത വാക്കാണ്
ഇനി ഒരിക്കലും മോഷ്ടിക്കില്ലെന്ന്. അന്നുതൊട്ട് തിരുട്ടുരാജും കൂട്ടരും മോഷണം
നടത്തിയിട്ടില്ല.
റിയാലിറ്റി ഷോയില്‍ ഐഡിയല്‍ കപ്പിളായി തെരഞ്ഞെടുത്ത
നമ്പ്യാരും ഭാര്യ സോഫിയയും കോടീശ്വരന്മാരാണ്. സോഫിയായെ തട്ടിക്കൊണ്ടുവന്ന്
നമ്പ്യാരോട് മോചനദ്രവ്യം കൊണ്ടുവരാന്‍ ആവശ്യപ്പെടാമെന്നു നിശ്ചയിച്ച് വളരെ
തന്ത്രപൂര്‍വം എല്ലാവരും ചേര്‍ന്ന് സോഫിയയെ തട്ടിക്കൊണ്ടുവരുന്നു. തുടര്‍ന്ന്
അവരുടെ ജീവിതത്തിലുണ്ടായ രസകരമായ മുഹൂര്‍ത്തങ്ങളാണ് ഐഡിയല്‍ കപ്പിള്‍ എന്ന
ചിത്രത്തില്‍ അലി അക്ബര്‍ ദൃശ്യവത്കരിക്കുന്നത്.
തിരുട്ടുരാജ് ആയി
തിലകനും ഗണേശായി വിനീതും അഭിനയിക്കുമ്പോള്‍ ശാന്തിയായി എത്തുന്നത് ലക്ഷ്മി
മേനോനാണ്. നമ്പ്യാരായി നാസറും സോഫിയയായി ഉഷാ ഉതുപ്പും
അഭിനയിക്കുന്നു.
സുധീര്‍ അമ്പലപ്പാട്, അലി അക്ബര്‍ എന്നിവര്‍ ചേര്‍ന്ന്
എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് ജിത്തു ബാസ് ആണ്. ഛായാഗ്രഹണം- ബിനോയ്,
പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റര്‍- അലി അക്ബര്‍, അസോസിയേറ്റ്
ഡയറക്ടര്‍- വിനോദ് ഭഗവതി, രാജേഷ് അടൂര്‍, സഹസംവിധാനം- എ.കെ. രജിലേഷ്, പ്രൊഡ.
കണ്ട്രോളര്- സക്കീര്‍ ഹുസൈന്, പ്രൊഡ. ഡിസൈനര്‍- ലൂസിയാമ്മ.
എ.എസ്.
ദിനേശ്.