Image

ഒഴുകിയൊഴുകി..(കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 29 October, 2016
ഒഴുകിയൊഴുകി..(കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
കുളിരരുവിപോലൊഴുകിവന്നെന്റെയുളളിലാ
യൊരുഗ്രാമ്യകാവ്യം രചിയ്ക്ക! മലയാളമേ
ചിരരുചിര, ചിന്താമലരുകള്‍ക്കുളളില്‍ നിന്‍
സ്മരണാമരന്ദം പകരുകെന്‍ പുണ്യമേ
നവമകള്‍മുകുളങ്ങള്‍ക്കെങ്കിലും നുകരുവാ
നേകുനീ, കനിവോടെയതിരമ്യതീരമേ,
പടികടന്നരികെയിന്നണയുമീ; പുലരിപോല്‍
നരജാതരുണരട്ടെ! സുരസാമ്യഭാവമേ
തെളിവാര്‍ന്നതലമുറകള്‍വന്നു മുറിയാതെ
യാലപിച്ചഴകേറ്റിടട്ടെനിന്‍ മൊഴികളെ:
പുലരൊളിക്കിടയിലൂടൊഴുകുമീവരികളില്‍
തിരുരവ സാന്നിദ്ധ്യമറിയുന്നപാരതേ!

കവിതതന്‍കതിരായിനില്‍ക്കുവാ;നനുദിനം
കനിവിന്നിതരചിത്തങ്ങളുണര്‍ന്നിടാന്‍
മിഴികളില്‍പുതുവെളിച്ചംതെളിയിച്ചു പൊന്‍
കിരണങ്ങളലിവോടെപകരുന്ന ദര്‍ശനം
കാലമീ, ധരണിപോലതിസൗമ്യമായ് പുതിയ
കവിതയായതിമധുരമാലപിച്ചീടിനാല്‍
ശുഭസ്മിതാംബരമേറെ മിഴിവോടെയീ,ശ്യാമ
യവനിക ത്വരിതമുയര്‍ത്തുമീവേളയില്‍
പതിവുപോലടിയന്നു പകരുന്നു മനതാരില്‍
ഗ്രാമീണയീണങ്ങളിഴചേര്‍ന്നതേന്മൊഴി
വെറുതെയൊന്നാലപിച്ചീടവേ; ചൊടികളില്‍
കരുതിവയ്ക്കുന്നുടന്‍ ഗ്രാമീണരെന്മൊഴി.

നിറവാര്‍ന്നമനസ്സുകള്‍ കാവ്യശകലങ്ങളാല്‍
പാരിന്‍ പരിപാവനാരാമമൊന്നിതില്‍
ഇഴപിരിയാതകം കാത്തുകൊണ്ടൊരുമതന്‍
സ്വരമലര്‍മാത്രംവിരിയിച്ച മഹിയിതില്‍
തണലായിനിന്നുണര്‍വ്വേകിയോരന്‍പാര്‍ന്നു
മഹിതാലയങ്ങള്‍ പണിയിച്ചിടങ്ങളില്‍
കരുതലിന്‍ വഴികള്‍ത്തെളിച്ചിരുന്നതിബലര്‍
പുലര്‍കാലമായലങ്കാരങ്ങളായ് ചിലര്‍
നിശ്ചയം! നല്‍ക്കാവ്യശുഭചിന്തയാല്‍സുതര്‍
കനിവിന്നരുവികളായലഞ്ഞുലകിതില്‍
നീളേതെളിഞ്ഞൊഴുകിയതിലേറെ ചിന്തകള്‍
താഴിട്ടുപൂട്ടിയില്ലകതാരിന്‍ മിഴിയിതള്‍.

സ്ഥിതിമാറിയിപ്പൊഴാനിഴല്‍മാത്രമാകയാല്‍
മിഴിതെളിച്ചീടാന്‍കുറിച്ചിടുന്നെന്‍മൊഴി
കരുതിനിന്നീടുകിന്നിവിടെയെന്നോതുവോര്‍
തേടുന്നു;പുതിയദീപങ്ങള്‍തന്‍നിറചിരി
സ്മരണയില്‍മാത്രമൊതുങ്ങാതെ,ന്നോണമേ
യുണര്‍ന്നുയര്‍ന്നീടട്ടെയരുമതന്‍പൂവിളി
കാവ്യാങ്കണത്തില്‍ തളിര്‍ത്തമുകുളങ്ങളാല്‍
പകരട്ടെയപരഹൃദയങ്ങളില്‍ പുലരൊളി
രുചിക്കുന്നമാത്രയിലൊരിക്കലെന്‍ കൈരളി
തിരക്കീടുമീ,ലളിത കാവ്യപൊരുളിന്‍വഴി
പുഴതഴുകിയൊഴുകീടുമെന്നപോല്‍കൗമുദി;
പകരുമന്നകതാരിലെന്‍രമ്യതേന്‍മൊഴി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക