Image

എന്റെ കേരളം, നമ്മുടെ കേരളം ഇനി അറുപതിന്റെ നിറവില്‍

ജോര്‍ജ് തുമ്പയില്‍ Published on 31 October, 2016
എന്റെ കേരളം, നമ്മുടെ കേരളം ഇനി അറുപതിന്റെ നിറവില്‍
കേരളത്തിന് അറുപത് വയസ്സ്. ഞാന്‍ ജനിച്ച, എന്റെ പിതാമഹന്മാരൊക്കെയും ജനിച്ച, നമ്മുടെ സ്വന്തം പ്രകൃതി സുന്ദരമായ നാടേ നിനക്ക് സ്വസ്തി! ദൈവത്തിന്റെ സ്വന്തം നാടിന് അക്ഷരാര്‍ത്ഥത്തില്‍ ഷഷ്ഠിപൂര്‍ത്തി. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട കേരളമേ, നിനക്ക് എല്ലാ ഭാവുകങ്ങളും, ഏഴാം കടലിനക്കരെ നിന്ന്- എന്നെ ഞാനാക്കിയ കേരളനാടിന് പ്രണാമം. കോട്ടയത്ത്, പാമ്പാടിയെ എന്റെ ജന്മഭൂമിയെ സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമായി ഞാനോര്‍ക്കുന്നു. മലയാളത്തെയും കേരളത്തെയും ഹൃദയത്തിന്റെ ഒരു കോണില്‍ പ്രതിഷ്ഠിച്ച് അമേരിക്കയില്‍ കാലുകുത്തിയതും ഇന്നലെയെന്നതു പോലെ ഓര്‍ക്കുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 1 വര്‍ഷത്തിലെ 305-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 306). ഇനി വര്‍ഷത്തില്‍ 60 ദിവസം ബാക്കിയുണ്ട്.
 1956 നവംബര്‍ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഇപ്പോള്‍ 2016-ല്‍ അറുപതിന്റെ നിറവിലാണ് കേരളം. ഒന്നര വര്‍ഷം മുന്‍പ് ഈ കേരളത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചുറ്റിനടന്നു കണ്ടതിന്റെ ആവേശത്തിലെഴുതിയ 'പ്രകൃതിയുടെ നിഴലുകള്‍ തേടി' എന്ന യാത്രാപരമ്പരയുടെ ഗൃഹാതുരത്വം അറിയാതെ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്നു.

കേരളത്തിനൊപ്പം പിറവി ആഘോഷിക്കാനൊരുങ്ങുകയാണ് അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടകയും മധ്യപ്രദേശും. കേരളം ഉള്‍പ്പെടെയുള്ള ഈ മൂന്നു സംസ്ഥാനങ്ങളും രൂപീകൃതമായത് 1956 നവംബര്‍ ഒന്നിനാണ്. നവംബര്‍ മാസം ഒട്ടനവധി സംസ്ഥാനങ്ങളുടെ രൂപികരണത്തിന് സാക്ഷ്യമായി. രണ്ടായിരത്തില്‍ ജാര്‍ഖണ്ഡ് സംസ്ഥാനമുണ്ടായതും നവംബര്‍ മാസത്തിലാണ്, നവംബര്‍ 15-ന്. അതേവര്‍ഷം നവംബര്‍ ഒന്നിന് ഛത്തീസ്ഗഡ് രൂപീകരിച്ചു. 1966 നവംബര്‍ ഒന്നിനായിരുന്നു ഹരിയാന ഉണ്ടായത്. അതേ ദിവസം തന്നെ പഞ്ചാബും ഉണ്ടായി. രണ്ടായിരത്തില്‍ നവംബര്‍ 9-നാണ് ഉത്തര്‍ഖണ്ഡ് പിറന്നത്. നമുക്ക് കേരളത്തിലേക്ക് തിരിച്ചു വരാം. കേരളം പണ്ടത്തേതില്‍ നിന്നും ഒരുപാട് മുന്നേറിയിരിക്കുന്നു. കേരളത്തിലെ വികസനം 'കേരള മോഡല്‍' എന്ന പേരില്‍ പലേടത്തും പഠനവിഷയവുമായിക്കഴിഞ്ഞു. ആ കേരളത്തിന് ഈ പേര് എങ്ങനെ കിട്ടിയെന്നത് ഉത്തരം കിട്ടാത്തൊരു ചോദ്യമാണ് ഇന്നും. ഇതിനെ സംബന്ധിച്ച കുറഞ്ഞത് 25 ഉത്തരമെങ്കിലും ഇതിനോടകം സാമൂഹ്യചരിത്രകാരന്മാര്‍ നല്‍കി കഴിഞ്ഞു. അതാവട്ടെ, അതീവരസകരവുമാണ്.
കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നര്‍ഥം വരുന്ന അളം എന്ന പദവും ചേര്‍ന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.
മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നില്‍ എന്നാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവര്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് പ്രയോഗത്തില്‍ വന്നു ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് മറ്റൊരു വിശ്വാസം. 'മലബാര്‍' എന്ന പദം അറബികള് വഴി ലഭിച്ചതാണെന്നതാണ് ഈ അഭിപ്രായത്തിനു കൂടുതല്‍ പിന്തുണ നല്കുന്നത്. 'മഹല്‍' എന്ന പദവും  'ബുഹാര്‍' എന്ന പദവും ചേര്‍ന്നാണു മലബാര്‍ എന്ന പദം ഉണ്ടായത്. 'മഹല്‍ബുഹാര്‍' എന്നാല്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്നര്‍ത്ഥം. അത് പിന്നീട് ലോപിച്ചാണ് മലബാര്‍ എന്നായത്. കേരളീയരല്ലാത്ത ലോകത്തുള്ള മറ്റാരും തന്നെ കേരളം എന്ന് തികച്ചു പറയുന്നില്ല. ഇംഗ്ലീഷില്‍ 'എം' എന്ന അക്ഷരം ഉണ്ടായിട്ടും 'കേരള' എന്നാണു ഇംഗ്ലീഷില്‍ പറയുന്നത്. അതിനാല്‍ ഈ വാദത്തെ തള്ളിക്കളയുക പ്രയാസവുമാണ്.

'ചേരളം' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേര്‍, അഥവാ ചേര്‍ന്ത എന്നതിന് ചേര്‍ന്ന എന്നാണ് അര്‍ത്ഥം. കടല്‍ മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ആണ് ഈ പേര്‍ ഉത്ഭവിച്ചത് എന്ന ഒരു വാദഗതിക്കാര്‍ കരുതുന്നു. സംഘകാലത്തിലെ നെയ്തല്‍ തിണൈ എന്ന ഭൂപ്രദേശത്തില്‍ വരുന്ന ഇവിടം കടല്‍ ചേരുന്ന ഇടം എന്നര്‍ത്ഥത്തില്‍ ചേര്‍ എന്ന് വിളിച്ചിരുന്നു. ചേര്‍+അളം എന്നതിന് സമുദ്രം എന്ന അര്‍ത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലര്‍ കടലോരത്തിന്റെ അധിപരുമായി.

ചേര രാജാക്കന്മാരില്‍ നിന്നുമാകാം പേര്‍ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. ഇവരുടെ പേര്‍ തന്നെ ഥേര എന്ന പാലി വാക്കില്‍ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരന്‍ എന്ന വാക്കിന് വലിയേട്ടന്‍ എന്നാണ് വാച്യാര്‍ത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തില്‍പെട്ടവരായിരുന്നു ചേര രാജാക്കന്മാര്‍ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയില്‍ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരന്‍ എന്നായതാണെന്നും, സ്ഥലം എന്ന അര്‍ത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്. ഇതായിരിക്കാം കേരളം ആയതെന്നാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വാദിക്കുന്നത്. വീരകേരളന്റെ നാടായതിനാല്‍ കേരളം എന്ന പേര്‍ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്. മലഞ്ചെരിവ് എന്നര്‍ത്ഥമുള്ള ചാരല്‍ എന്ന തമിഴ് പദത്തില്‍ നിന്നാണ് ചേരല്‍ ഉണ്ടായതെന്നും അതാണ് കേരളമായതെന്നും മറ്റൊരു വാദം നിലനില്‍ക്കുന്നു.

ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തല്‍സമമാണെന്ന് മറ്റൊരു കൂട്ടര്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധന കാരണമായിരിക്കണം ഒരു പക്ഷേ ഈ പേരു വരാനുള്ള കാരണം.

കേരം എന്നത് ചേരം എന്നതിന്റെ കര്‍ണ്ണാടക ഉച്ചാരണമാണെന്ന് ഗുണ്ടര്‍ട്ട് അഭിപ്രായപ്പെടുന്നു. ഗോകര്‍ണ്ണത്തിനും, കന്യാകുമാരിക്കും ഇടയിലുള്ള പ്രദേശത്തിന് ആദ്യകാലത്തുണ്ടായിരുന്ന ചേരം എന്ന പേര്‍ കേരളം ആയി മാറിയതാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. എന്തായാലും ഇപ്പോള്‍ സംഗതി ഏതാണ്ട് കേരളമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ആ കേരളമാണ് ഇപ്പോള്‍ അറുപതിന്റെ നിറപകിട്ടുമായി ലോകമെങ്ങുമുള്ള മലയാളികളുടെ തിലോത്തമയായി മാറുന്നത്. കേരളപ്പിറവി ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ കേരളദിനാശംസകള്‍.





എന്റെ കേരളം, നമ്മുടെ കേരളം ഇനി അറുപതിന്റെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക