Image

കേരളത്തിന് അറുപതു വയസ്സ്; ഇനി അത്ഭുതം കാട്ടേണ്ടത് ഈ മണ്ണില്‍ (രമേശ് ചെന്നിത്തല)

Published on 31 October, 2016
കേരളത്തിന് അറുപതു വയസ്സ്; ഇനി അത്ഭുതം കാട്ടേണ്ടത് ഈ മണ്ണില്‍ (രമേശ് ചെന്നിത്തല)
കേരളം പിറവിയെടുത്തിട്ട് നാളേയ്ക്ക് അറുപതുവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ അറുപതുവര്‍ഷംകൊണ്ടു ലോകത്തിനും ഇന്ത്യക്കുമുണ്ടായ മാറ്റങ്ങള്‍ നിരവധിയാണ്.  കേരളം ആ മാറ്റങ്ങള്‍ക്കൊപ്പം നടക്കുകയും ചിലപ്പോള്‍ അവയെ കവച്ചുവച്ചു മുന്നോട്ടുപോവുകയും ചെയ്തു. ഇന്നു കേരളം ചിന്തിക്കുന്നതു നാളെ ഇന്ത്യ ചിന്തിക്കുമെന്നതു  കേവലമൊരു പ്രസ്താവനയല്ലാതെയായിക്കഴിഞ്ഞു.

കൂട്ടുമുന്നണി ഭരണംമുതല്‍ ഐ.ടി പാര്‍ക്കിന്റെ കാര്യംവരെ, ചരിത്രദൗത്യങ്ങളെല്ലാം തുടങ്ങിവയ്ക്കുന്നതു കേരളത്തിലാണ്. കേരളത്തിനു ഷഷ്ടിപൂര്‍ത്തിയാകുമ്പോള്‍ നാം നേടിയതിനെയും നഷ്ടപ്പെടുത്തിയതിനെയുംകുറിച്ചു ചെറിയൊരു കണക്കെടുപ്പു  നന്നായിരിക്കും. 
നഷ്ടപ്പെട്ട അവസരങ്ങളുടെ നാട് എന്നു കേരളത്തെ ചിലര്‍ വിളിക്കാറുണ്ട്. ഞാന്‍ അത്രയ്ക്ക് അശുഭാപ്തി വിശ്വാസിയല്ല. നഷ്ടപ്പെട്ടതിനേക്കാള്‍ എത്രയോ അധികമാണു നമ്മെ  കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രബുദ്ധസമൂഹമായി മലയാളികള്‍ക്കു മാറാന്‍ കഴിഞ്ഞുവെന്നതാണ് ഈ അറുപതുവര്‍ഷത്തെ വലിയ നേട്ടം. ഇന്ത്യയുടെ തെക്കേയറ്റത്ത്  കേവലം മൂന്നരക്കോടിയാളുകള്‍ മാത്രമുള്ള ഈ കൊച്ചുദേശത്തെ ഓരോ വ്യക്തിയും ഒരു ആഗോളപൗരനാണ്. ഇവിടെയിരുന്നു ലോകത്തിലെ എല്ലാ മാറ്റങ്ങളും അറിയാനും അനുഭവിക്കാനും മലയാളിക്കു കഴിയും.

കേരളത്തില്‍നിന്നുള്ളവര്‍ കൃഷിചെയ്യാന്‍ ബ്രസീലില്‍ സ്ഥലംവാങ്ങിക്കുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. അതില്‍ അത്ഭുതമൊന്നും തോന്നേണ്ടതില്ല. ലോകത്തൊരു ഭാഗവും മലയാളിക്ക് അന്യമല്ല. അതിരുകവിഞ്ഞ ഭാഷാഭ്രാന്തോ, പ്രാദേശികസങ്കുചിത ചിന്താഗതിയോ മലയാളിക്കില്ല. ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ വിപുലമായബന്ധം സ്ഥാപിക്കാന്‍ കഴിയും. സമാധാനപ്രിയരായ ജനസമൂഹമെന്ന നിലയില്‍ മലയാളി എങ്ങും ബഹുമാനിക്കപ്പെടുന്നു. 
പ്രവാസികള്‍ സൃഷ്ടിച്ച സംസ്ഥാനമാണു കേരളം. മലയാളിയുടെ പ്രവാസത്തിന്റെ വേരുകള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ  മധ്യകാലത്തോളം ചെന്നെത്തിയിരിക്കുന്നു. മലേഷ്യക്കടുത്തുള്ള പ്രിന്‍സ് ഓഫ് വെയില്‍സ് ദ്വീപിലേക്കു ബ്രിട്ടീഷുകാരോടൊപ്പം  കടന്നുചെന്ന മലയാളി (അന്നു മലബാറി) അവിടെ സ്വര്‍ഗം സൃഷ്ടിച്ചു. ഇപ്പോഴും  മലയാളികളുടെ നാലാമത്തെയും അഞ്ചാമത്തെയും തലമുറയെ അവിടെ കാണാന്‍ കഴിയും. ഇരുപതാംനൂറ്റാണ്ടിന്റെയാദ്യം സിംഗപ്പൂരിലേയ്ക്കും പിന്നീട് ഇന്ന് ഇറാന്‍  എന്നുവിളിക്കപ്പെടുന്ന പേര്‍ഷ്യയിലേയ്ക്കും സിലോണ്‍ എന്നു വിളിച്ച ശ്രീലങ്കയിലേയ്ക്കും  മലയാളി കടന്നുചെന്നു.

1950 കളോടെ യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും ചെന്നുപറ്റി. 1970 കളോടെ ഇന്നു കേരളത്തെ നിലനിര്‍ത്തുന്ന ഗള്‍ഫ് ബൂം ആരംഭിച്ചു. ഇന്നു വര്‍ഷം 8,50,000 കോടിയോളം രൂപയാണ് ഗള്‍ഫില്‍നിന്നു കേരളത്തിലേയ്ക്ക് ഒഴുകുന്നത്. ഇന്നുകാണുന്ന കേരളം സൃഷ്ടിച്ചതു പ്രവാസികളുടെ കണ്ണീരും വിയര്‍പ്പുംകൊണ്ടാണ്. കേരളത്തിന്റെ അറുപതാം ജന്മദിനത്തില്‍ നമ്മള്‍ നന്ദിയോടെ സ്മരിക്കേണ്ടതും അവരെയാണ്.

ഇന്നു കേരളം പല കാര്യങ്ങളിലും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ആരോഗ്യ വിദ്യഭ്യാസ  സാമൂഹിക മേഖലകളിലാകെ യൂറോപ്യന്‍ നിലവാരത്തിനൊപ്പമാണ് നമ്മള്‍. അതേസമയം നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ ഏറിവരുന്നു. ഗള്‍ഫില്‍ നിന്നുള്ള മലയാളികളുടെ തിരിച്ചറക്കം തുടങ്ങിക്കഴിഞ്ഞു. കാര്‍ഷികമേഖല  തകര്‍ച്ച നേരിടുകയാണ്. റബറിന്റേതുള്‍പ്പെടെയുള്ള നാണ്യവിളകളുടെ വില ഇടിഞ്ഞുകഴിഞ്ഞു.

നെല്‍കൃഷി എതാണ്ടു തുടച്ചുനീക്കപ്പെട്ടു. തേങ്ങയുടെ സ്ഥിതിയും അതുപോലെ തന്നെ. ഉപഭോഗതൃഷ്ണ വര്‍ധിച്ചുവരുന്നു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 3.5 ശതമാനമേ കേരളത്തിലൂള്ളു. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നവയുടെ 20 ശതമാനം കേരളത്തിലാണ്. വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം എന്നവയിലൊക്കെ കേരളം പുരോഗതി നേടിയെന്ന് അഭിമാനിക്കുമ്പോഴും ദലിത് വിഭാഗങ്ങള്‍ മുഖ്യധാരയ്ക്കു പുറത്താണ്.

കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ നമുക്ക് ഒരു സര്‍വകലാശാലയും, ഒരു മെഡിക്കല്‍ കോളജും, ഒരു എന്‍ജിനിറിങ് കോളജുമാണുണ്ടായിരുന്നത്. അന്ന്  അമ്പതു ശതമാനത്തിനടുത്തായിരുന്നു സാക്ഷരത. ദേശീയ ശരാശരി 16.57 ശതമാനം മാത്രമായിരുന്നു. 14,479  സ്‌കൂളുകളാണ്  ഇന്നു നമുക്കുള്ളത്. 45 ലക്ഷം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നു. 1, 88379  അധ്യാപകര്‍ നമുക്കുണ്ട്. പതിമൂന്ന്  സര്‍വകലാശാലകളും, രണ്ടു  ഡീംഡ് യൂണിവേഴ്‌സിറ്റികളും ദേശീയാടിസ്ഥാനത്തിലുള്ള നാലു സ്ഥാപനങ്ങളുമുണ്ട്.  കൊച്ചിയിലെ നിയമസര്‍വ്വകലാശാലയടക്കം  പതിനൊന്ന്  ഓട്ടോണമസ് സ്ഥാപനങ്ങളും  പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഉയര്‍ന്നനിലവാരത്തിലുള്ള വിദ്യാഭ്യാസം  പകര്‍ന്ന് നല്‍കാന്‍ നമുക്കു കഴിയുന്നില്ല. ഇന്ത്യയിലെ മികച്ച പത്തു സര്‍വകലാശാലകളില്‍ ഒന്നുപോലും കേരളത്തിലില്ല.

75 വയസാണു കേരളത്തിലെ ശരാരശരി ആയുര്‍ദൈര്‍ഘ്യം. ശിശുമരണനിരക്ക് ആയിരത്തില്‍ 12. ദേശീയശരാശരി ആയിരത്തില്‍ 40. നിരവധി ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപ്ത്രികളും വര്‍ധിച്ചു. പക്ഷേ, ചികിത്സചെലവുള്ളതായിത്തീര്‍ന്നു. വരുംവര്‍ഷങ്ങളില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നു ചെലവേറിയ ചികത്സയായിരിക്കും. സ്വകാര്യ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ലക്ഷക്കണക്കിനു രൂപയാണു സാധാരണക്കാരനില്‍നിന്നു പിഴിഞ്ഞെടുക്കുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ മരുന്നു വിപണിയാണു കേരളം. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൊത്തം മരുന്നിന്റെ 20 ശതമാനം വിറ്റുപോകുന്നതു കേരളത്തിലാണ്. വെളുക്കാനുള്ളതു മുതല്‍ ലൈംഗിക ഉത്തേജകത്തിനുള്ളവ വരെയുള്ള മരുന്നു  കേരളത്തില്‍ ചിലവാകുന്ന അവസ്ഥയാണ്.

നാണ്യവിളമേഖലയിലെ പ്രതിസന്ധി അസംഘടിതരായ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ചു. കേരളത്തില്‍ ഇന്ന് എല്ലാ മേഖലയിലും അസംഘടിത തൊഴിലാളികള്‍ വര്‍ധിച്ചുവരികയാണ്. വരുംവര്‍ഷങ്ങളില്‍ കേരളം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് അസംഘടിതരായ തൊഴിലാളികളുടെ പെരുപ്പം. ആരോഗ്യ സുരക്ഷ പദ്ധതികളും,  ക്ഷേമ പെന്‍ഷനുകളും ഇവര്‍ക്കന്യമാണ്. അണ്‍ എയ്ഡഡ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ മുതല്‍ ടെക്‌സറ്റൈല്‍ ഷോപ്പുകളില്‍വരെ ലക്ഷക്കണക്കിനു അസംഘടിതതൊഴിലാളികളുണ്ട്. അന്‍പതുലക്ഷം  ഇതരസംസ്ഥാന തൊഴിലാളികളാണു കേരളത്തിലുള്ളത്. ഇവരുയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ വിവിധങ്ങളാണ്.  

സര്‍ക്കാര്‍ തന്നെയാണ് ഇപ്പോഴും കേരളത്തിലെ ഏറ്റവുംവലിയ തൊഴില്‍ ദാതാവ്. ഈ സ്ഥിതി മാറണം. സ്വകാര്യമേഖലയില്‍ ഉയര്‍ന്ന വേതനം ലഭിക്കുന്ന ജോലികള്‍ ഇപ്പോഴും കേരളത്തില്‍ കുറവാണ്. സ്വകാര്യമേഖലയ്ക്കു വളരാനുള്ള സാഹചര്യങ്ങള്‍ ഇപ്പോഴും നമ്മള്‍ ഒരുക്കുന്നില്ല. ടൂറിസം, ഐ.ടി വികസനത്തില്‍ മാത്രം സ്വകാര്യമേഖലയുടെ പങ്ക് ഒതുങ്ങിനില്‍ക്കുകയാണ്.  മികച്ച സ്വകാര്യസംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നമുക്ക് ഇപ്പോഴം കഴിയുന്നില്ല.

കേരളം ഇനി സ്വന്തം അസ്ഥിത്വം കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ എല്ലാഭാഗത്തും മലയാളി കാണിച്ച മാജിക് ഇനി അവന്‍ കാണിക്കേണ്ടത് സ്വന്തം നാട്ടിലാണ്.  ഇനി കേരളത്തില്‍ നമുക്ക് അത്ഭുതങ്ങള്‍ കാട്ടാം. വരുംതലമുറകള്‍ക്കായി നമുക്കിവിടെ സ്വര്‍ഗം പണിയണം. ഐ.ടി, ടൂറിസം തുടങ്ങിയവയില്‍നിന്നുള്ള നാമമാത്രമായ നേട്ടങ്ങളില്‍ കുടങ്ങിക്കിടക്കാതെ കേരളീയ വികസനത്തിനു പുതിയ മോഡല്‍ കണ്ടുപിടിച്ചേ മതിയാകൂ. 
നമ്മുടെ വിഭവശേഷിയെ, അതായതു മനുഷ്യവിഭവശേഷിയുള്‍പ്പെടെയുള്ള എല്ലാറ്റിനെയും പൂര്‍ണമായും ഉപയുക്തമാക്കിക്കൊണ്ട്, തരിശായി കിടക്കുന്ന ഭൂമികള്‍, ഉപയോഗിക്കാതെ  കിടക്കുന്ന, സര്‍ക്കാര്‍ പാട്ടത്തിനു കൊടുത്ത ഭൂമിയിലുള്ള വന്‍കിട എസ്റ്റേറ്റുകളുടെ ഭൂമിയുള്‍പ്പെടെ ക്രിയാത്മകമായി ഉപയോഗിക്കണം. വിദ്യാഭ്യാസത്തില്‍ നിലവാരത്തിനു പ്രാധാന്യം കൊടുക്കണം.  ആരോഗ്യ സുരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാകണം. സ്വകാര്യസേവനമേഖലയില്‍ വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം.

നമ്മുടെ പുഴകളും കാടുകളും പുല്‍മേടകളും കായലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കപ്പെടുകയും തലമുറകള്‍ക്കായി അവ നിലനില്‍ക്കുകയും വേണം. പച്ചപ്പു നിറഞ്ഞ  ഈ ഭൂമിയിലാണ് തെളിനീരൊഴുകുന്ന, ജാതിയും മതവും വര്‍ഗവും ജീവിതത്തിന്റെ ഒരു മേഖലകളിലും സ്വാധീനംചെലുത്താത്ത ഈ മണ്ണിലാണു നമ്മള്‍ പുതിയ കേരളം പടുത്തയര്‍ത്തേണ്ടത്.
കേരളത്തിന് അറുപതു വയസ്സ്; ഇനി അത്ഭുതം കാട്ടേണ്ടത് ഈ മണ്ണില്‍ (രമേശ് ചെന്നിത്തല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക