Image

യൂസഫലിയെ നയിച്ച മൂന്നു ഉപദേശങ്ങള്‍: പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങി

Published on 04 November, 2016
യൂസഫലിയെ നയിച്ച മൂന്നു ഉപദേശങ്ങള്‍: പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങി
ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ഒരു മലയാളിക്കും ആര്‍ജ്ജിക്കാനാവാത്ത സമ്പത്തിന്റെ ഉടമയായ പത്മശ്രീ ഡോ. എം.എ. യൂസഫലി, പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ മൂന്നു കാര്യങ്ങള്‍ അക്കമിട്ട് നിരത്തി. ഇന്ത്യയിലെ അതിസമ്പന്നരില്‍ ഇരുപത്തിനാലാം സ്ഥാനവും, ലോകത്തില്‍ ഇരുനൂറ്റി എഴുപതാം (270) സ്ഥാനവുമുള്ള യൂസഫലി ഉയര്‍ച്ചയുടെ പടവുകള്‍ കയറിയതിന്റെ പിന്നിലെ തത്വചിന്തയുടെ മിന്നലാട്ടവും അതിലടങ്ങിയിരിക്കുന്നു.

തൃശൂരിനടുത്ത നാട്ടികയുടെ പേര് ചക്രവാളസീമയ്ക്കുമപ്പുറത്ത് എത്തിച്ച യൂസഫലിയെ ചെറുപ്പത്തില്‍ വളര്‍ത്തിയത് മുത്തച്ഛനായിരുന്നു. അദ്ദേഹമാണ് മൂന്നു കാര്യങ്ങള്‍ പറഞ്ഞു കൊടുത്തത്. എത്ര വലുതായാലും മറ്റുള്ളവര്‍ ചെറുതാണ് എന്നു വിചാരിക്കരുത് എന്നതായിരുന്നു ആദ്യത്തേത്. അങ്ങനെ വിചാരിക്കാന്‍ തുടങ്ങിയാല്‍ അന്ന് നിന്റെ അധോഗതി ആരംഭിക്കും. ആരുടെ മുന്നിലും വിനയാന്വിതമായി നില്‍ക്കാന്‍ മടിക്കാത്ത യൂസഫലി അത് അക്ഷരംപ്രതി പാലിക്കുന്നു.

അര്‍ഹതയില്ലാതെ മറ്റുള്ളവരുടെ ഒരു രൂപ പോലും തിന്നരുത്. കബളിപ്പിച്ചോ, തട്ടിച്ചോ ഒരു രൂപ പോലും ഉണ്ടാക്കരുത്. എനിക്ക് കബറില്‍ സമാധാനമായി കിടക്കാനുള്ളതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഉപദേശം.

അശരണരും സഹായം അര്‍ഹിക്കുന്നവരുമായവരെ സഹായിക്കാന്‍ മടികാട്ടരുതെന്നായിരുന്നു മൂന്നാമത്തേത്. അങ്ങനെ ചെയ്താല്‍ കബറില്‍ കിടക്കുമ്പോള്‍ തനിക്ക് സമാധാനം കിട്ടുമെന്നു പിതാമഹന്‍ പറഞ്ഞു.

പലപ്പോഴും തന്റെ വിജയരഹസ്യം പലരും ചോദിക്കാറുണ്ട്. ഈ ചിന്തകളാണ് താന്‍ പങ്കുവെയ്ക്കാറ്. അതു പോലെകഠിനാധ്വാനവും മറക്കുന്നില്ല.

ഈ രാജ്യത്ത് ജീവിക്കുമ്പോള്‍ ഇവിടുത്തെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം. ഈ രാജ്യമാണ് നമ്മുടെ ബ്രഡ്ഡും ബട്ടറും എന്നതു മറക്കരുത്. ഈ രാജ്യത്തിനു നന്മയുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

പരസ്പരമുള്ള സൗഹൃദവും സ്‌നേഹവും കാക്കുകയും, മലയാള ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള കടമയും പ്രവാസികള്‍ക്കുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ കേരളത്തിലേക്ക് മടങ്ങിപ്പോകാന്‍ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ തലമുറ കഴിഞ്ഞാല്‍ പിന്നെ കേരളത്തെ മറക്കുന്ന സ്ഥിതി വരരുത്. നാട്ടില്‍ ഇത്രയ്ക്ക് സൗകര്യമില്ലായിരിക്കാം. പക്ഷെ ഇടയ്ക്കിടെ അവരെ കേരളത്തില്‍ കൊണ്ടുവരണം. നമ്മുടെ മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും കാണിച്ചുകൊടുക്കുകയും വേണം.

കേരളത്തിന്റെ മനോഹാരിത അവര്‍ കാണട്ടെ. 'എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെ പൂമരങ്ങള്‍....' എന്ന ചന്മ്ഗമ്പുഴയുടെ പദ്യശകലവും അദ്ദേഹം ചൊല്ലി.

കേരളത്തില്‍ പോരായ്മകളുണ്ട്. എന്നാലുംഅത് നമ്മുടെ നാടാണ്. കേരളത്തിന്റെ ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ നമുക്ക് കടമയുണ്ട്. ഒരു പങ്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കണം. അതു തിരിച്ചു കിട്ടുന്നതാണോ എന്ന് ഉറപ്പുവരുത്തുകയും വേണം അദ്ദേഹം പറഞ്ഞു.

പ്രവാസി ചാനല്‍ സാരഥികളേയും, ഫൊക്കാന ഫോമ പ്രസിഡന്റുമാരേയും മന്‍ഹാട്ടനിലെ പ്രൗഡമായ റഷ്യന്‍ ടീ റൂമിലെ അഭിജാത സദസിനെയും സാക്ഷിനിര്‍ത്തി മന്‍ഹാട്ടന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ കെന്‍  
ബിബ്രാജ് യൂസഫലിക്ക് 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് സമ്മാനിച്ചു.
യൂസഫലിയെ നയിച്ച മൂന്നു ഉപദേശങ്ങള്‍: പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങി
യൂസഫലിയെ നയിച്ച മൂന്നു ഉപദേശങ്ങള്‍: പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക