റിസര്‍വ് ബാങ്കിനെ വീണ്ടും സമീപിക്കാനൊരുങ്ങി സംസ്ഥാന തല ബാങ്കേഴ്സ് സമിതി. മൊറട്ടോറിയം സമയപരിധി നീട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഇത്. റിസര്‍വ് ബാങ്കിനെ ഇക്കാര്യം അറിയിക്കുമെന്നും ബാങ്കേഴ്സ് സമിതി യോഗത്തില്‍ പ്രതിനിധികള്‍ അറിയിച്ചു. ജൂലൈ 31 വരെയുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പുനഃക്രമീകരിച്ച കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടുന്ന കാര്യം സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് തീരുമാനിക്കാമെന്നാണ് സമിതിയുടെ കത്തിനു മറുപടിയായി റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
ബാങ്കുകളുടെ സഹകരണം സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ഉണ്ടാകണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് കൈതാങ്ങ് ആകണമെന്ന കാര്യം ബാങ്കുകള്‍ മറക്കരുത്. ഗൗരവതരമായ പ്രശ്നമാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്നതെന്നും ഇതിനു വേഗത്തില്‍ പരിഹാരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകനു ജപ്തി നോട്ടിസ് നല്കിയാല് കൃഷി ഓഫിസറെ അറിയിക്കണമെന്ന് കൃഷി മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
2019 ജൂലൈ 31 വരെയുള്ള ഒരു വര്‍ഷത്തേക്കാണ് വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നു മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടി സര്‍ക്കാര്‍ മാര്‍ച്ചില്‍ ഉത്തരവിറക്കി. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല. സംസ്ഥാന ബാങ്കേഴ്സ് സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന് കത്തു നല്കി. പുനഃക്രമീകരിച്ച വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടാന്‍ സമിതി തീരുമാനിച്ചാല്‍ 1.25 ലക്ഷംപേര്‍ക്ക് ഗുണം ലഭിക്കും.