ഫ്രാങ്ക്ഫര്‍ട്ട്: സുവര്‍ണ ജൂബി നിറവിലേയ്ക്കടുക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കളം, ചിത്രരചന എന്നീ വിഭാഗത്തില്‍ മല്‍സരം നടത്തുന്നു. ഓഗസ്റ്റ് 24 ന് (ശനി) സാല്‍ബൗ നിഡ ഹാളിലാണ് പരിപാടി.
അത്തപ്പൂക്കളം മത്സരം
അത്തപ്പൂക്കളം മത്സരത്തില്‍ ഓരോ ഗ്രൂപ്പിലും പരമാവധി അഞ്ചു പേര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ട്. ഗ്രൂപ്പില്‍ സ്തീപുരുഷ ഭേദമെന്യേ കുട്ടികള്‍ക്കും പങ്കെടുക്കാം. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ മല്‍സരവും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ പൂക്കളങ്ങളുടെ പ്രദര്‍ശനവും നടക്കും.
ചിത്രരചന(ഡ്രോയിംഗ്) മത്സരം
ഡ്രോയിംഗ് / പെയിന്റിംഗ് മത്സരം ജൂണിയര്‍ (6 വയസ് മുതല്‍ 10 വരെ), സബ് ജൂണിയര്‍ (11 വയസു മുതല്‍ 15 വരെ) എന്നീ വിഭാഗത്തിലാണ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ മൂന്നുവരെയാണ് മല്‍സരം.
രണ്ടു മല്‍സരത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികള്‍ക്ക് സെപ്റ്റംബര്‍ 14 നടക്കുന്ന ഓണാഘോഷത്തില്‍ സമ്മാനം നല്‍കും.
സമാജത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ഫ്രാങ്ക്ഫര്‍ട്ടിലേക്കും ജര്‍മനിയിലേക്കും പുതുതായി വന്ന വിദ്യാര്‍ഥികളെയും ഐടി പ്രഫഷണലുകളെയും നഴ്സുമാരെയും മറ്റിതര ജോലിക്കാരെയും കുടുംബാംഗങ്ങളോടൊപ്പം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍