ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇന്നാരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്, കനിമൊഴി എന്നിവരാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. മദ്രാസ് ഐഐടിയിലെ മൂന്ന് പ്രഫസര്മാര്ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എഫ്ഐആര്‍ പോലുമിടാന്‍ പോലീസ് തയാറായിട്ടില്ലെന്ന് എംപിമാര്‍ ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം തുടര്‍ക്കഥയായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ സിബിഐ പോലുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രേമചന്ദ്രനും കനിമൊഴിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്കി.