ആലപ്പുഴ : കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് ബാധ ആലപ്പുഴയില്‍ സ്ഥിരീകരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാര്‍ഥിനി ചൈനയില്‍നിന്നു വരുമ്പോള്‍ വിമാനത്തില്‍ തൊട്ടടുത്ത സീറ്റില്‍ സഞ്ചരിച്ച വിദ്യാര്‍ഥിക്കാണു രോഗം. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇരുവരും.
വുഹാനില്‍നിന്നു തൃശൂരിലെ വിദ്യാര്‍ഥിനിയെ ബാധിച്ച വൈറസ് ആലപ്പുഴയിലെ വിദ്യാര്‍ഥിയിലേക്കു പകര്ന്നുവെന്നാണു നിഗമനം. രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരം.
രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ 8 പേര് കൂടി ആലപ്പുഴ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലുമായി ഐസലേഷന്‍ വാര്‍ഡുകളിലുണ്ട്. എല്ലാവരുടെയും നില തൃപ്തികരം.
തൃശൂരിലെ വിദ്യാര്‍ഥിനി, ഐസലേഷന്‍ വാര്‍ഡിനു പുറത്തെത്തിയ വീട്ടുകാരുമായി ഇന്നലെ സംസാരിച്ചു. പെണ്‍കുട്ടിയില്‍ നിന്നു രണ്ടാം തവണ ശേഖരിച്ച സ്രവത്തിന്റെ ഫലം ഇന്നു ലഭിച്ചേക്കാം.
ഇതിനിടെ, കൊറോണ പരിശോധനയ്ക്കായി രണ്ടു സ്രവ സാംപിള്‍ വേണ്ടെന്നും ഒരു സാംപിള്‍ മതിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.