മാസ്റ്റര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനയ്ക്കെതിരെ നടി ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകള്‍ തനിക്ക് അംഗീകരിക്കാനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തെയോ ആള് ദൈവങ്ങളെയോ അവിശ്വസിക്കില്ലെന്നും ഗായത്രി രഘുറാം പറയുന്നു. ട്വിറ്ററിലൂടെയാണ് ഗായത്രി ഈ കാര്യം പറയുന്നത്.
'അവിശ്വാസികള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തില്‍ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കേള്‍ക്കുവാന്‍, നിങ്ങള്‍ ദയവു ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയില്‍ നാനാ ജാതി മതത്തില്‍ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവന്‍ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകള്‍ക്കെതിരെയാണ് ഞങ്ങള്‍.'-ഗായത്രി പറഞ്ഞു.
ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നുമായിരുന്നു വിജയ് സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യനാണ് ഭൂമിയിലിരിക്കുന്നത്, മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു. സന്തോഷത്തോടെ സ്നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ , ഇവിടെ ജീവിക്കണമെന്നും ഓഡിയോ ലോഞ്ചില്‍ താരം പറഞ്ഞു.