റിയാദ്: മലപ്പുറം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ പുതിയ അല്‍ഖര്‍ജ് റോഡില്‍ ഉണ്ടായ അപകടത്തിലാണ് വാഴക്കാട് ചീരോത്ത് തടായില്‍ അബ്ദുറഹ്മാന്റെ മകന് ജൗഹര്‍ (22 ) മരിച്ചത്.
ജൗഹര്‍ ഓടിച്ചിരുന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ട്രെയ്ലര് ട്രക്കിന്റെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വാനിന്റെ ക്യാബിന് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജൗഹര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
റിയാദിലെ ഒരു കൊറിയര്‍ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. നാല് മാസം മുന്‍പാണ് ജൗഹര്‍ പുതിയ വീസയില്‍ റിയാദിലെത്തിയത്.
ആമിനയാണ് ഉമ്മ. തബൂക്കിലുള്ള ജംഷീര്‍, ജന്നത്ത് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം റിയാദില്‍ മറവു ചെയ്യുന്നതിനായി മലപ്പുറം ജില്ലാ കെഎംസിസി പ്രവര്‍ത്തകരായ റഫീഖ് മഞ്ചേരി, ഷറഫു പുളിക്കല്‍, മുനീര്‍ വാഴക്കാട് എന്നിവര്‍ രംഗത്തുണ്ട്.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍