കോട്ടയത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍, ഭര്‍ത്താവിന് ഗുരുതര പരിക്ക്
Published on 01 June, 2020
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് സ്ത്രീയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ(60)യാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് സാലി(65)യെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണത്തിനിടെ നടന്ന ആക്രമണത്തിലാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്നും ഭര്‍ത്താവിന് പരിക്കേറ്റതെന്നുമാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിയുന്നത്.
സാലിയുടെ വീട്ടില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടില്‍ കയറി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച് കൈ കാലുകള്‍ കെട്ടിയ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന അംഗങ്ങളാണ് രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്.
വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തുമ്പോള്‍ മൃതദേഹം കിടന്ന മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരിക്കുകയായിരുന്നു. രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ഇരുവരുടെയും കൈകള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് അഗ്നി രക്ഷാസേനാ വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്.
വീടിനുള്ളില്‍ രക്തം ചിതറി കിടക്കുന്ന നിലയിലായിരുന്നു. അലമാര തുറക്കാനും ശ്രമിച്ചിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയില്‍ ഫാനിന്റെ ലീഫിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറും മോഷണം പോയിട്ടുണ്ട്.
മകള്‍ വിദേശത്തായതിനാല്‍ ദമ്പതിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ തനിച്ചാണെന്ന് അറിയുന്നവരാണ് കൊലപാതകത്തിനും മോഷണത്തിനും പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന സാലി നേരത്തെ നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല