മാര്‍ബിളിലും പലകയിലും കൊട്ടി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായ കൊച്ചു കലാകാരന് അഭിഷേകിന് ഒരു ഡ്രം കിറ്റ് തന്നെ സമ്മാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വൈറലായ മലപ്പുറം സ്വദേശി അഭിഷേകിന്റെ ഈ പ്രകടനം അപ്രതീക്ഷിതമായാണ് ഉണ്ണി മുകുന്ദന് കണ്ടത്.
തുടര്‍ന്ന് ഉണ്ണി മുകുന്ദന് ഫാന്‍സ് അസോസിയേഷന് ഭാരവാഹികളുമായി ബന്ധപ്പെട്ട് താരം അഭിഷേകിന്റെ വീട്ടില്‍ ഈ സര്‍പ്രൈസ് സമ്മാനം എത്തിക്കുകയായിരുന്നു. അഭിഷേകിനെ ഉണ്ണി വിഡിയോ കോള്‍ ചെയ്യുകയും ചെയ്തു. ഡ്രംസ് ശരിയായ വിധം പരിശീലിച്ച് നന്നായി കൊട്ടണമെന്നും നാളെ മികച്ച കലാകാരനായി വളര്‍ന്നു വരണമെന്നും ഉണ്ണി അഭിഷേകിനോട് പറഞ്ഞു. ഡ്രംസിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അറിയിക്കണമെന്നും അപ്പോള്‍ മറ്റൊരെണ്ണം വാങ്ങിത്തരാമെന്നും താരം പറഞ്ഞു
എല്ലാവിധ സ്നേഹാശംസകളും നേര്‍ന്ന് ഒടുവില്‍ ഫ്ളൈയിങ് കിസ്സും നല്കി. ഇതിനിടയില്‍ താരത്തിനോട് സിനിമയില്‍ ഒരു ചാന്‍സ് ചോദിക്കാനും അഭിഷേക് മറന്നില്ല. തന്നെ സിനിമയില്‍ എടുക്കുമോയെന്നാണ് അഭിഷേക് ചോദിച്ചത്. അതിനെന്താ ഒരുമിച്ചു സിനിമയില്‍ അഭിനയിക്കാമല്ലോ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഒരുനാള്‍ നേരില്‍ കാണാമെന്ന് അഭിഷേകിന് ഉണ്ണി ഉറപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്.