Image

വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നവനല്ല ജലീല്‍: താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍

Published on 14 April, 2021
 വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നവനല്ല  ജലീല്‍: താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍

ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി.ജലീലിന് പിന്തുണയുമായി താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ബാര്‍ കോഴ കേസില്‍ അഴിമതി ആരോപിതനായ മന്ത്രി കെ ബാബു രാജി കത്തുമായി ഉമ്മന്‍ ചാണ്ടിയുടെ പിന്നാലെ നടന്ന് ചെരുപ്പ് തേഞ്ഞ കഥയെല്ലാം നാട്ടില്‍ പാട്ടാണ്.  പ്രത്യക്ഷ തെളിവുകളുണ്ടായിട്ടും തന്റെ മന്ത്രിയുടെ രാജിക്കത്ത് വലിച്ചു കീറിക്കളഞ്ഞ ഉമ്മന്‍ ചാണ്ടിയുടേയും, പാലം പൊളിഞ്ഞിട്ടും ഞാനൊന്നും അറിഞ്ഞില്ലേയെന്ന് വിലപിക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെയും അനുയായികള്‍ ധാര്‍മികത എന്നൊക്കെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു.  പക്ഷപാതപരമായ ഓര്‍മക്കുറവ് ബാധിച്ചവരെ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്താനുണ്ട്.  

50 ലക്ഷം രൂപയാണ് മുസ്ലിം ലീഗ് എം എല്‍ എ കെ എം ഷാജിയുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച നിലയില്‍ വിജിലന്‍സ് കണ്ടെടുക്കുന്നത്.  അദ്ദേഹത്തിന്റെ സ്വത്തിലുണ്ടായ വര്‍ധനവും, വീട്ടില്‍ സൂക്ഷിച്ച വിദേശ കറന്‍സിയുമൊന്നും തന്നെ ഈ ധാര്‍മികത വിളമ്പുന്നവര്‍ക്ക് കാണാനാകുന്നില്ല.  150 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയ മറ്റൊരു മുസ്ലിം ലീഗ് ജനപ്രതിനിധിയും ഇവരുടെ മുന്നിലൂടെ തലയുയര്‍ത്തി നടക്കുന്നുണ്ട്.  അദ്ദേഹം ചെയ്തതിലെ അധാര്‍മികതയൊന്നും ഇവരെ തെല്ലുമേ അലട്ടുന്നില്ല.  കത്വയിലെ ഒരു കുഞ്ഞ് പൈതലിന്റെ പേരില്‍ പിരിച്ച പണം പോലും സ്വന്തം പോക്കറ്റിലാക്കിയവരുടെ ധാര്‍മികതയിലും അവര്‍ക്ക് തെല്ലും വേദനയില്ല.    

സ്വന്തം ആള്‍ക്കാര്‍ കക്കുന്നത് ധാര്‍മിക കക്കലും, ഹൈക്കോടതിയും, ഗവര്‍ണറും അടക്കം തള്ളികളഞ്ഞൊരു ആരോപണത്തില്‍ രാഷ്ട്രീയ പ്രേരിതമായ നടപടി വരുമ്പോള്‍ ആ വ്യക്തി പറയുന്നതെല്ലാം അധാര്‍മികവും ആകുന്നതെങ്ങനെ?  കെ ടി ജലീല്‍ വീട്ടില്‍ കിടന്നുറങ്ങിയ ആരെയും വിളിച്ചുണര്‍ത്തി ജോലി നല്‍കിയിട്ടില്ല.  കൃത്യമായതും, നിയമപരമായതുമായ വഴികളിലൂടെ തന്നെയാണ് അദ്ദേഹം എന്നും സഞ്ചരിച്ചിരിക്കുന്നത്.  അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിലും ലോകായുക്ത നടപടിയെ വിമര്‍ശ വിധേയമാക്കിയിട്ടുണ്ട്.   
 
പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മുട്ട് കുത്തിച്ചപ്പോള്‍ മുതല്‍ മുസ്ലിം ലീഗ് അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയതാണ്.  അവരുടെ മുന്നിലൂടെ അദ്ദേഹം രണ്ടു തവണ എം എല്‍ എ ആയി, ഒരു തവണ മന്ത്രിയായി.  കേരളം മുഴുവന്‍ അം?ഗീകരിക്കുന്ന നേതാവായി.  പക്ഷേ അപ്പോഴും ലീഗിന് അദ്ദേഹം കണ്ണിലെ കരടായി തുടര്‍ന്നു.  അതുകൊണ്ട് മാത്രമാണ് ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജി സമര്‍പ്പിച്ച അദ്ദേഹത്തിനെ പിന്നെയും വേട്ടായാടുന്നത്.  സ്വന്തം കണ്ണിലെ മരത്തടി കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് ചൂണ്ടികാണിക്കുന്നവരോട് ഒന്നേ പറയാനുള്ളു.  നിങ്ങളുടെ വേട്ടയാടലുകള്‍ക്ക് മുന്നില്‍ മുട്ടു മടക്കുന്നവനല്ല അദ്ദേഹമെന്ന് കഴിഞ്ഞ 15 കൊല്ലം കൊണ്ട് തെളിയിച്ചതാണ്.  ഇനിയും അങ്ങനെ തന്നെയായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക