-->

EMALAYALEE SPECIAL

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

Published

on

പ്രസംഗത്തിലെന്ന പോലെ ക്ലാസ്മുറിയിലും ജ്ഞാനസംസ്കാരങ്ങള്‍ വികസിപ്പിക്കാനാണ് അഴീക്കോട് ഉദ്യമിച്ചത്. അതേപ്പറ്റി അദ്ദേഹം പറഞ്ഞത്, പ്രസംഗത്തിലൂടെ ശ്രോതാക്കളെ സ്വാധീനിച്ച് അഭിപ്രായം സൃഷ്ടിക്കുന്ന പ്രഭാഷകന്‍ സമകാല തലമുറയെ ചികിത്സിക്കുമ്പോള്‍, ക്ലാസ്സ്മുറിയില്‍ നടത്തുന്ന പ്രസംഗത്തിലൂടെ പ്രഭാഷകന്‍ ഭാവിതലമുറയെയാണ് സ്വാധീനിക്കുന്നതു എന്നാണ്.
അഴീക്കോടിന്റെ പ്രഭാഷണത്തിന്റെ വിജയരഹസ്യം ക്ലാസ് മുറിയിലേതു പോലെ വിഷയസംബന്ധമായ ആത്മാര്‍ത്ഥതയ്ക്ക് ഏറ്റവും വലിയ സ്ഥാനം നല്‍കി എന്നുള്ളതാണ്. അക്കാര്യം അഴീക്കോട് ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ""ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുനിര്‍ത്താന്‍ സത്യത്തിന്റെ ആത്മാര്‍ത്ഥത മതി. അതു നമ്മുടെ സ്വരത്തിനും ഭാവത്തിനും അസാമാന്യമായ വിലോഭനീയത നല്‍കും. ഉള്ളില്‍ നിന്നു പൊട്ടിവരുന്ന വാക്കുകളില്‍ ഏതോ ധമനിയിലൊഴുകുന്ന ചോരയുടെ പൊടിപ്പു കലര്‍ന്നിരിക്കും. അതു നിങ്ങളുടെ സ്വരത്തിനു ഒരു സവിശേഷമായ അനുരണനപ്രഭാവം കൊടുക്കും. പ്രസംഗത്തിനു ശക്തികൂട്ടാന്‍ ഒച്ച മൂപ്പിക്കേണ്ട കാര്യമില്ല. ഒച്ചകൊണ്ട് കുട്ടികളെപ്പോലും ആകര്‍ഷിക്കാന്‍ പറ്റില്ല. എന്തു ചെയ്യണം എന്നറിയാത്ത ഇരിപ്പായിരിക്കും ആളുകളുടേത്. വലിയ ആള്‍ക്കൂട്ടമായാല്‍പ്പോലും ശബ്ദം താഴ്ത്തിയാല്‍ ലഭിക്കുന്ന ശ്രദ്ധ അതു കൂട്ടിയാല്‍ ലഭ്യമാവില്ല. തുടങ്ങുമ്പോള്‍ തന്നെ ഘോഷം കൂട്ടരുത്. മാന്യമഹാജനങ്ങളേ! എന്ന പരമോച്ചാവസ്ഥയില്‍ ആക്രോശിച്ച ജനനേതാവിനു തല്‍ക്കാലം വായ അടയ്ക്കാന്‍ പറ്റിയില്ലെങ്കിലും സഹാനുഭൂതി നിമിത്തം തിരഞ്ഞെടുപ്പില്‍ ജയിച്ചുവെന്ന് ഒരു കഥ കേട്ടിട്ടുണ്ട്. നല്ല പ്രസംഗം വഴിക്കുണ്ടാകുന്ന അനുഭവത്തിന്റെ ആസ്വാദ്യത അനുഭവിച്ച ആളുകള്‍ പിന്നീട് നിങ്ങളുടെ പ്രസംഗം അന്വേഷിച്ചുവരും, കേള്‍ക്കാന്‍.''

ക്ലാസ്മുറിയില്‍ നിന്ന് ഒച്ചയുടെ കാര്യം മാത്രമല്ല അഴീക്കോടിന്റെ പ്രസംഗശൈലിയെ സ്വാധീനിച്ചത്. ക്ലാസില്‍ ഒരു കാര്യം പറഞ്ഞിട്ട് അതു വിശദീകരിക്കുന്ന ഒരു രീതിയല്ലേ, ആ രീതി അഴീക്കോട് പ്രസംഗത്തിലും നടപ്പാക്കി. പ്രസംഗത്തില്‍ ഒരു കാര്യം പറഞ്ഞിട്ട് അതിനൊരു ഉദാഹരണം പറയും. പിന്നെ തിരിച്ചുവരും. എന്നാല്‍ ആ കഥ പറയും പോലെയല്ല, ചിലപ്പോള്‍ ഒരു വാചകം, അല്ലെങ്കില്‍ രണ്ട്. ഒരു ആശയം ഒരു പൂവിരിയുന്ന മട്ടില്‍ അദ്ദേഹം പ്രസംഗിച്ചു  ഫലിപ്പിക്കും.

അഴീക്കോട് ക്ലാസ്സ്മുറിയില്‍ നടത്തിയ ഒരു "പ്രസംഗ'മുണ്ട്. അതു ശരിക്കും ഒരു ക്ലാസ്സ് ആയിരുന്നു. 1972-ല്‍ അഴീക്കോടിന കേന്ദ്രസാഹിത്യ അക്കാദമി അംഗമാക്കി. അതില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്റ്റാഫും ചേര്‍ന്നു ക്ലാസ്സ്മുറിയില്‍ ചെറിയൊരു സല്‍ക്കാരം നടത്തി. ആരുടെയും പ്രസംഗമില്ല. അഴീക്കോടിന്റെയും പ്രസംഗമില്ല. അനധ്യാപകജീവനക്കാര്‍ക്ക് അവരുടെ സ്വന്തം ഇരുപ്പിടങ്ങളില്‍ ചായ നല്‍കാന്‍ ഏര്‍പ്പാടാക്കി. ക്ലാസ്മുറിയില്‍ വന്നിരിക്കേണ്ടായെന്ന് അവര്‍ തന്നെ ചിന്തിച്ചിട്ടുണ്ടാവും. അക്കാര്യത്തില്‍ മറിച്ചാരും ഒന്നും ചിന്തിച്ചുമില്ല. തൂപ്പുകാരി ദേവകിയമ്മ, പ്യൂണ്‍ ബാലകൃഷ്ണന്‍, ടൈപ്പിസ്റ്റ് കമലം, സഹായി വേലായുധന്‍ എന്നിവരെല്ലാം അവരുടെ ഇരുപ്പിടത്തില്‍ ഇരുന്നു ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് അനുമോദന സല്‍ക്കാരത്തിനു അഴീക്കോട് ക്ലാസ്സ്മുറിയിലേക്കു കയറിവന്നത്. സല്‍ക്കാരം തുടങ്ങാന്‍ നേരം അഴീക്കോട് ചോദിച്ചു: ""ദേവകിയമ്മ എവിടെ? ബാലകൃഷ്ണന്‍ എവിടെ? കമലം എവിടെ...?''

ഇങ്ങനെ ചോദിച്ചിട്ട് അദ്ദേഹം ഒന്നും പറയാതെ ക്ലാസ്മുറിയില്‍ നിന്നും കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ പ്രൊഫസറുടെ മുറിയില്‍ പോയി ഇരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കാര്യം മനസ്സിലായി. മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെ ഒരു സ്വകാര്യ സല്‍ക്കാരമാണ്. അതില്‍ അധ്യാപകരും കുട്ടികളും മാത്രമല്ല തൂപ്പുകാരിയും ടൈപിസ്റ്റും പ്യൂണും എല്ലാം ഉള്‍പ്പെടും. എന്തായാലും അദ്ദേഹത്തെ അനുനയിപ്പിച്ച് തിരിച്ചുകൊണ്ടുവന്നു. എല്ലാവരെയും ഇരുത്തിക്കൊണ്ട് അഴീക്കോട് ഒരു ലഘുപ്രസംഗം നടത്തി. അതിങ്ങനെ: ""നമ്മള്‍ എന്നു പറഞ്ഞാല്‍ പഠിപ്പില്ലാത്തവരും പഠിപ്പുള്ളവരും ചേര്‍ന്നതാണ്. പണക്കാരും പാവപ്പെട്ടവരും ചേര്‍ന്നതാണ് വൃദ്ധന്മാരും യുവാക്കളും ചേര്‍ന്നതാണ്. പുരുഷന്മാരും സ്ത്രീകളും ചേര്‍ന്നതാണ്. നമ്മുടെ ഓഫീസ് ജീവനക്കാരെ സ്വന്തക്കാരായി, ഒപ്പം ഇരുത്തേണ്ടവരായി തിരിച്ചറിയാത്ത നിങ്ങള്‍ സാഹിത്യം പഠിച്ചിട്ട് എന്തു പുണ്യം കിട്ടാനാണ്? തോണിക്കാരന്‍ ഗുഹന്‍ ശ്രീരാമന്റെ സുഹൃത്താണെന്നു പറയാനാണ് രാമായണം എഴുതിയത്. പക്ഷികളും വാനരന്മാരും രാമന്റെ സുഹൃത്തുക്കളാണ്. അതു മറക്കരുത്. പഠിപ്പിനെക്കാളും വലുതാണത്. സമത്വത്തിന്റെ ആ പാഠമാണ് രാഷ്ട്രീയം. ആ പാഠമാണ് സംസ്ക്കാരം. ഈ ചായസല്ക്കാരത്തിനു വല്ല മൂല്യവും ഉണ്ടെങ്കില്‍ അത് ഈ പാഠത്തിന്റേതാണ്. ഈ പാഠം നിങ്ങള്‍ പഠിക്കുന്നതോടെയാണ് ഈ ചെറിയ സല്‍ക്കാരം ഒരു പാഠപുസ്തകമായി മാറുന്നത്...''
അധ്യാപനവും പ്രസംഗവും അഴീക്കോട് സരസ്വതിദേവിയുടെ രണ്ടു വിശിഷ്ടകര്‍മ്മങ്ങളായിട്ടാണ് വീക്ഷിച്ചത്. സരസ്വതിയെ ധ്യാനിക്കുന്നവര്‍ ഭജിക്കുന്നതു, ഭയങ്കര പാപങ്ങളെ എല്ലാം ഇല്ലാതാക്കുന്നവള്‍ എന്നാണല്ലോ. ""ചെറുതും വലുതുമായ മനുഷ്യരെ പാപപഥങ്ങളില്‍ നിന്നു തിരിച്ചെടുത്തു സന്മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന തൊഴിലാണ് അധ്യാപനവും പ്രഭാഷണവും. അവ മൗലികമായി ഒന്നു തന്നെ-'' എന്നാണ് അഴീക്കോട് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അതിലൊരു വ്യത്യാസം അഴീക്കോട് ചൂണ്ടിക്കാണിക്കുന്നത്, ""ക്ലാസ്സനുഭവം അധ്യാപകന്റെ ജീവിതം തന്നെയാണ്. ജീവിതത്തിന്റെ ഭാഗം എന്നു പറയുന്നതു പോലും തെറ്റാകും. അത് എപ്പോഴും നടക്കുന്നു. എന്നാല്‍ പ്രഭാഷണം എന്നതു ജീവിതത്തിലെ ഒരു സംഭവമാണ്. അതു നടക്കാം,  നടക്കാതിരിക്കാം'', എന്നാണ്.
ക്ലാസ്സിനെപ്പറ്റിയും പ്രസംഗത്തെപ്പറ്റിയും അഴീക്കോട് ഇപ്രകാരം വിശദീകരിക്കുന്നു:
""കേട്ടു മനസ്സിലാക്കാന്‍ വരുന്നവരുടെ സമൂഹങ്ങളാണ് ക്ലാസ്സും സദസ്സും. രണ്ടിനും വ്യത്യസ്തമായ സ്വഭാവങ്ങളുണ്ട്. ക്ലാസ്സിന്റെയും സദസ്സിന്റെയും മാനസികാകര്‍ഷണത്തിനു ആവശ്യമായ രീതികളാണ് ഇവിടെ പ്രയോഗിക്കുക. ക്ലാസ്സില്‍ നിശ്ചിതവും പരിമിതവുമായ അറിവു നല്‍കലാണ് ലക്ഷ്യം. സദസ്സില്‍ കേന്ദ്രീകൃതമായ ഒരു വിഷയത്തെപ്പറ്റി പ്രസക്തങ്ങളായ വചനങ്ങളും വിശേഷങ്ങളും ഔചിത്യം കളയാതെ പ്രയോജനപ്പെടുത്താന്‍ കഴിയും.''

എന്നാല്‍ ക്ലാസ്സായാലും സദസ്സായാലും പേടിക്കേണ്ടതും സൂക്ഷിക്കേണ്ടതുമായ ഒരു ആപത്തുണ്ടെന്ന് അഴീക്കോട് ചൂണ്ടിക്കാണിക്കുന്നു:

""അതു അശ്ലീലം പറയലാണ്! തമാശയും ഫലിതവും പറയുമ്പോള്‍ വല്ലപ്പോഴും അല്പം അശ്ലീലം കലര്‍ന്നു കൂടായ്കയില്ല. കുട്ടികളും ആള്‍ക്കൂട്ടവും അതു കേള്‍ക്കുമ്പോള്‍ ചിരിക്കുമായിരിക്കും. അതാണ് അശ്ലീലം ഒരു ചതിക്കുഴിയാണെന്നു പറയാന്‍ കാരണം. അശ്ലീലം കേട്ടാല്‍ ആളുകള്‍ ചിരിക്കുന്നതു അതിലെ ആഭാസത്തരം അവരെ ചെറുതായി ഇക്കിളിപ്പെടുത്തുന്നതുകൊണ്ടാണ്. നഗ്നമായ അശ്ലീലമാകുമ്പോഴും ചിരിക്കും. പക്ഷെ അവര്‍ അപ്പോള്‍ അപ്പുറവും ഇപ്പുറവും നോക്കും.
അതുപോലെ ആക്ഷേപിക്കലും. അതു ശക്തികൂടി ശകാരമാകുമ്പോള്‍ അതിരു കടന്ന അശ്ലീലം പോലെ തന്നെ അതു ശ്രോതാക്കളെ വിഷമിപ്പിക്കുന്നു. വീണ്ടും ചിരിച്ചേക്കാം. പക്ഷെ പറയുന്ന ആളിന്റെ വില പെട്ടെന്നു ഇടിഞ്ഞു തകരും.''

പ്രസംഗത്തില്‍ സ്വയം പരിഹാസവും അഴീക്കോടിന്റെ ഒരു ശൈലിയാണ്. "തത്ത്വമസി' പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു വായനക്കാരന്‍ എഴുതിയ കത്തിനെപ്പറ്റി അഴീക്കോട് പല സദസ്സിലും പ്രസംഗിച്ചിട്ടുണ്ട്. ""കല്യാണം കഴിക്കാത്തതുകൊണ്ട് അങ്ങ് തത്ത്വമസി എഴുതി, കല്യാണം കഴിച്ചതുകൊണ്ട് ഞാന്‍ തത്ത്വമസി വായിച്ചു'' എന്നായിരുന്നു ആ കത്ത്. പ്രസംഗത്തില്‍ ഇത്തരം പരിഹാസം അവതരിപ്പിക്കുന്നതിനെപ്പറ്റി അഴീക്കോട് ഇങ്ങനെ പറയുന്നു:
""വചനകൗശലത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് അവനവനെത്തന്നെ ഫലിതത്തിന് ഇരയാക്കുന്ന നടപടി. കേള്‍ക്കുമ്പോള്‍ അത് ആസ്വദിക്കും. എന്നാല്‍ ഈ ആത്മനിന്ദനം ഔചിത്യപൂര്‍വ്വമാക്കണം. നാം പറയുന്നത് എല്ലാം കേള്‍ക്കുന്നവര്‍ വിശ്വസിക്കുമെന്നു കരുതരുത്. കേള്‍ക്കുന്നവര്‍ക്കും മേധാവൈഭവം ഉണ്ട്. അതിനാല്‍ അവര്‍ നാം പറയുന്നതു വിമര്‍ശനപൂര്‍വ്വമേ കേള്‍ക്കുകയുള്ളൂ. അതിനാല്‍ ആത്മപരിഹാസത്തില്‍ ആത്മാര്‍ത്ഥയില്ലെങ്കില്‍ അതുകൊണ്ട് വിപരീതഫലം ഉണ്ടാകും.''

അഴീക്കോടിന്റെ പ്രസംഗത്തെ ആദ്യം ശ്ലാഘിച്ചതു ഗുരുവായ എം.ടി. കുമാര്‍ മാസ്റ്റര്‍ തന്നെയാണ്. കോഴിക്കോട് ടൗണ്‍ ഹാളില്‍ ഒരു പ്രസംഗം കേട്ടിട്ട് അദ്ദേഹം പറഞ്ഞതു, ""അഴീക്കോട് ഒരു യുഗപ്പിറവി'' ആണെന്നാണ്. തൊട്ടുപിന്നാലെ വന്ന പ്രശംസ വള്ളത്തോളിന്റെതാണ് - ""പ്രശസ്ത വാഗ്മി'' എന്നാണ് അദ്ദേഹം അഴീക്കോടിനെ വിശേഷിപ്പിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പല്ലു० കീരിയു० (ബാല്യകാല സ്മരണകൾ 4: ഗിരിജ ഉദയൻ മുന്നൂർക്കോട്)

കാലത്തിന്റെ വേഷപ്പകര്‍ച്ച (മേരി എം. കല്ലുകളം)

സെമി ബുള്ളറ്റ് ട്രെയിന്‍ 25ല്‍ ഓടുമെന്ന് അജിത്, മലബാര്‍-തിരു നാലു മണിക്കൂര്‍ (കുര്യന്‍ പാമ്പാടി)

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

ആരാണ്‌ ലക്ഷദ്വീപിനെ രക്ഷിക്കേണ്ടത്? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ 83)

പ്രകൃതി എത്ര സുന്ദരം! (ഫ്‌ളോറിഡാക്കുറിപ്പുകള്‍-2: സരോജ വര്‍ഗ്ഗീസ്, ഫ്‌ളോറിഡ)

സ്റ്റേ അറ്റ് ഹോം ലംഘിച്ചതാര് ? (ജോര്‍ജ് തുമ്പയില്‍)

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

വെളിച്ചമില്ലാതെ ഉയിർക്കുന്ന നിഴലുകൾ! (മൃദുമൊഴി-12: മൃദുല രാമചന്ദ്രൻ)

വാക്‌സീന്‍ നയത്തില്‍ മോദിയുടെ മലക്കം മറിച്ചിലും കോടതി ഇടപെടലും പതിനായിരങ്ങളുടെ മരണവും (ദല്‍ഹികത്ത്: പി.വി. തോമസ്)

ന്യു യോർക്ക് പോലീസിൽ ആദ്യ ഇന്ത്യൻ ഡെപ്യുട്ടി ഇൻസ്പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി 

നേഹ ചെമ്മണ്ണൂർ: കാനഡയിൽ നിന്നൊരു നക്ഷത്രം  (അനിൽ പെണ്ണുക്കര)

സിൻഡ്രല്ല (അംബിക മേനോൻ, മിന്നാമിന്നികൾ - 4)

വായനകൊണ്ട് പൂരിപ്പിക്കേണ്ട ഒരു ജിഗ്സോ പസിൽ (ഡോ. സ്വപ്ന സി. കോമ്പാത്ത്, ദിനസരി -32)

അച്ഛന്റെ വിശ്വാസങ്ങൾ (രാജൻ കിണറ്റിങ്കര)

ക്രൈസ്തവ നേതാക്കൾ എവിടാരുന്നു ഇതുവരെ... (ഉയരുന്ന ശബ്ദം-37: ജോളി അടിമത്ര)

ആ കലവറ അടച്ചു; സേവനത്തിനു പുതിയ മാതൃകയായി സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്

കെ പി സി സിയുടെ അമരത്ത് ഇനി 'കെ.എസ്': കണ്ണൂരിന്റെ സ്വന്തം പോരാളി (സിൽജി ജെ ടോം)

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)

ഒറ്റപ്പാലം ബസ്സ് താവളം (ശങ്കർ ഒറ്റപ്പാലം)

പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (അവസാന ഭാഗം ഡോ. പോള്‍ മണലില്‍)

ചൈനയുടെ സിനോഫാം കോവിഡ് -19 വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തില്‍(കോര ചെറിയാന്‍)

വികൃതി വരുത്തിവെച്ച വിന (ബാല്യകാല ഓർമ്മകൾ 3: ഗിരിജ ഉദയൻ)

തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി-2 (ബോസ്.ആർ.ബി)

പത്രധര്‍മ്മം എന്താണ് ? (ലേഖനം: സാം നിലമ്പള്ളില്‍)

നേഴ്‌സുമാരെ ചുമ്മാ ചൊറിയല്ലേ! വിവരം അറിയും (ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ്)

ചോബെ നദിയിലൂടെ നമീബിയയും കടന്ന് (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 11: ജിഷ.യു.സി)

ദൈവം ചിരിക്കുന്നു (തോമസ് കളത്തൂർ)

ചിന്ന ചിന്ന ആശൈ പാടി വെണ്ണിലാവ് തൊട്ട മിന്മിനിക്കു പരാതിയേയില്ല (കുര്യൻ പാമ്പാടി)

View More