Image

മെല്ലപ്പോക്ക് വേണ്ട ; കലാപക്കൊടി ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്

ജോബിന്‍സ് തോമസ് Published on 11 May, 2021
മെല്ലപ്പോക്ക് വേണ്ട ; കലാപക്കൊടി ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്

ഇലക്ഷനിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് തുടങ്ങിയതാണ് നേതൃമാറ്റവും സമൂല അഴിച്ചുപണിയും. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ നീക്കങ്ങളൊന്നും കാണുന്നില്ല. നേതൃസ്ഥാനത്ത് നിന്നു മാറാന്‍ നേതാക്കള്‍ താത്പര്യപ്പെടുന്നുമില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രിയകാര്യസമിതിയും നേതൃമാറ്റമടക്കമുള്ള തീരുമാനങ്ങള്‍ സാവധാനം മതിയെന്ന നിലപാടില്‍ എത്തിയിരുന്നു. 

എന്നാല്‍ ഇതിനനുവദിക്കില്ലെന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസിന്റേത്. എല്ലാ തലങ്ങളിലും നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങി കഴിഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. 

സംസ്ഥാന ഭാരവാഹികളായ 24 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്. യുഡിഎഫ് കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളില്‍ പുതിയ ആളുകളെ നിയമിക്കണമെന്നും ജാംബോ കെപിസിസിയും ഡിസിസികളും പിരിച്ചുവിടണമെന്നും കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റികള്‍ അഴിച്ചുപണിയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മെല്ലപ്പോക്ക് നിലപാട് മാറ്റി അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസ് രക്ഷിക്കാനാവാത്ത ഇരുട്ടിലേയ്ക്ക് പോകുമെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക