Image

ഗോവ മെഡിക്കല്‍ ഓക്സിജന്‍ കിട്ടാതെ 74 രോഗികള്‍ മരിച്ച സംഭവം, അന്വേഷണത്തിന് സമിതി

Published on 14 May, 2021
ഗോവ മെഡിക്കല്‍ ഓക്സിജന്‍ കിട്ടാതെ 74 രോഗികള്‍ മരിച്ച സംഭവം, അന്വേഷണത്തിന് സമിതി
പനാജി: ഗോവയിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്ററായ ഗോവ മെഡിക്കല്‍ കോളജില്‍ നാലുദിവസത്തിനിടെ 74 രോഗികള്‍ മരിച്ചു. ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണ് രോഗികള്‍ കൂട്ടത്തോടെ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് ഗോവന്‍ അധികൃതരുടെ വിശദീകരണം.

വെള്ളിയാഴ്ച രാവിലെ 13 രോഗികളാണ് മരിച്ചത്. കോവിഡ് വാര്‍ഡില്‍ ഓക്സിജന്‍ ലഭ്യത കുറഞ്ഞതാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഉള്‍പ്പെടെ 74 മരണങ്ങളാണ് നാലുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 26 രോഗികള്‍ മരിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി.

സംസ്ഥാനത്തെ പ്രമുഖ കോവിഡ് കെയര്‍ സെന്ററിലെ ഓക്സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കോവിഡ് കെയര്‍ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. അന്നേദിവസം തന്നെ മെഡിക്കല്‍ ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക