Image

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

Published on 24 July, 2021
പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )
ഉഷയുടെ പാചകത്തെ ജിമ്മി ക്രൂരമായി പരിഹസിച്ചു.
- ഇതെന്നതാ ? മെഴുക്കുപുരട്ടിം തോരനുമല്ലാതെ ?
ഉഷയുടെ നെഞ്ച് മെഴുക്കു പുരളാതെ വരണ്ടു. മനസ്സ് തോരൻപോലെ കുഞ്ഞുകുഞ്ഞായി മുറിഞ്ഞുവീണു.
- വായിലുവെക്കാൻ കൊള്ളത്തില്ല.
- വെറുതെ നല്ല ബീൻസു കളഞ്ഞു.
- ഇതെന്നാ വാഴയ്ക്കു തോലു വെക്കാനാണോ?
ജിമ്മിയുടെ കമന്റുകൾ പലതും അവൾക്കു മനസ്സിലായില്ല.
- ഒക്കെ ഒരു ചെവിയിൽക്കൂടി കേട്ട് മറ്റേ ചെവിയിൽക്കൂടി കളയണം. ഉഷ കേൾക്കുന്ന തൊക്കെയും രണ്ടു ചെവിയിൽക്കൂടിയും നേരെയിറിങ്ങി ഹൃദയത്തിൽ പറ്റിപ്പിടിച്ചങ്ങിരിക്കും. 
സാലിച്ചേച്ചി ഫുഡ് പ്രോസസ്സറിലിട്ട് ക്യാബേജു കൊത്തിയരിഞ്ഞെടുക്കും.അതേപോലെ ഉഷയും ചെയ്തുനോക്കി. എന്നാലും അതൊന്നും ജിമ്മിയുടെ സ്വാദു മുകുളങ്ങളെ തൃപ്തിപ്പെടുത്തിയില്ല.
- ഈ ഇറച്ചിക്കൊരു മയം ഇല്ലല്ലോ?
ജിമ്മി പറഞ്ഞത് ഉഷയ്ക്ക് ഇഷ്ടപ്പെട്ടില്ല.
- സാലിച്ചേച്ചിയോടു ചോദിച്ചു പഠിക്ക് . സാലിച്ചേച്ചീടെ ബീഫുകറി പഷ്ടാ.
ആ 'പഷ്ടാ' പ്രയോഗം ഉഷയുടെ ഛർദ്ദിനാഡികളെ പ്രലോഭിപ്പിച്ചു.
- കൺട്രി ബാസ്റ്റാർഡ്.
അവൾ കുളിമുറിയിലെ കണ്ണാടിയോടു പറഞ്ഞു.
നീ സുന്ദരിതന്നെ എന്ന് കണ്ണാടി മറുപടി പറഞ്ഞു.
ആർത്തിപിടിച്ച കണ്ണുകൾ ഇപ്പോൾ ഉഷയെ ക്ഷോഭിപ്പിക്കുന്നില്ല. മറിച്ച് പുരുഷന്മാരുടെ വെറിപിടിച്ച നോട്ടത്തിനിടയിലൂടെ നക്കെടാ എത്ര വേണമെങ്കിലും എന്നൊരു അഹങ്കാരത്തിൽ മദിച്ചങ്ങു നടന്നുപോയി ഉഷ. സ്നേഹത്തിന്റെ വിശുദ്ധിയില്ലാത്ത കാമാതുരമായ ഇഷ്ടം. ആ ഇഷ്ടത്തിൽ അവളുടെ നെഞ്ചു പിടഞ്ഞു.
ജിമ്മി ഇതൊന്നും അറിഞ്ഞില്ല. ആൽക്കഹോൾ ഗ്ലാസ്സിന്റെ മുടങ്ങാത്ത ചുംബനത്തിനിടയ്ക്ക് അയാൾ ചീട്ട് കശക്കി എറിഞ്ഞു. ജാക്കും ഒൻപതും ഹരം പിടിപ്പിക്കുന്ന കളി. രാജാവിനും രാജ്ഞിക്കും വിലയില്ലാത്ത ലോകത്താണ് ജിമ്മി വിഹരിക്കുന്നത്. അവിടെ ഭാര്യ സുന്ദരിയായിട്ട് എന്തു കാര്യം !
ഉറക്കത്തിന്റെ ആഴത്തിൽ അയാളുടെ കൈകൾ മുലകളിൽ പരതിയതാണ് ഉഷയെ ഉണർത്തിയത്. ബസ്സിൽ തലോടുന്നവരോടുള്ള അറപ്പാണ് അവൾക്കു തോന്നിയത്.
- വൃത്തികെട്ട ജന്തു !
കനത്ത ഇരുട്ടിലും അവളുടെ മുഖത്തെ അറപ്പ് അയാൾക്കു കാണാമായിരുന്നു.എന്നിട്ടും വാശിയോടെ അയാൾ അവളെ ഭോഗിച്ചു. പിന്നെ ഭീരുവിനെപ്പോലെ പുറംതിരിഞ്ഞു കിടന്നുറങ്ങി. അവൾ അറപ്പോടെ നേരം വെളുക്കാൻ കാത്തുകിടന്നു. നന്നായിട്ടൊന്നു കുളിക്കാനുള്ള ധൃതിയോടെ.
ഉഷ സ്വയം ചോദിച്ചു:
- എന്താണു നിനക്കു വേണ്ടത് ?
- തുള്ളിയിട്ടുവീഴുന്ന സ്നേഹം. പാതിരാത്രിയിലെ മല്പിടുത്തമല്ല സ്നേഹം.
ലഹരിവിടാത്ത മനസ്സുമായി ജിമ്മി അതറിയാതെ കിടന്നുറങ്ങി. ഉഷയ്ക്കു സ്നേഹം തോന്നാനായി അയാളൊന്നും ചെയ്തതുമില്ല .
ജിമ്മിക്കു യോജിച്ചത് തേച്ചുവെച്ച ചിരിയുള്ള തലകുണുക്കിപ്പാവയുടെ ജന്മമാണെന്ന് ഉഷയ്ക്കു തോന്നും. മായാത്ത ചിരി. മാറാത്ത മുഖഭാവം. കാറ്റിന്റെ ചലനത്തിനൊത്ത് തലയാട്ടിത്തലയാട്ടി അങ്ങനെ സംതൃപ്തനായികയായിട്ടൊരു ജന്മം ഉഷയ്ക്കു സാധിയ്ക്കാത്തതാണ്. ഉഷ ഒരു വ്യക്തിയാണ്. ഉഷയ്ക്ക് ആഗ്രഹങ്ങളുണ്ട് ,
അഭിപ്രായങ്ങളുണ്ട് , മനസ്സും സ്നേഹവും ശരീരവുമുണ്ട്.
ചീട്ടിന്റെയും കുടിയുടെയും കണക്കുകൾ മറച്ചുവെക്കാൻ ജിമ്മി കലവറയില്ലാതെ നുണകൾ പറഞ്ഞുകൂട്ടി. ഓരോ കള്ളവും പൊളിയുമ്പോൾ ചതിക്കപ്പെട്ടതിന്റെ നോവ് ഉഷയെ പൊള്ളിച്ചു. ഉഷ ജിമ്മിയെ പഠിക്കാൻ ശ്രമിച്ചുനോക്കി. ജിമ്മി ഒരു കമ്പൽസീവ് ലയറാണോ പത്തോളജിക്കൽ ലയറാണോ എന്നു കണ്ടുപിടിക്കണമെന്ന് ഉഷയ്ക്കു തോന്നി. പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല. എന്നാൽ ചില സൂചനകൾ ഇടയ്ക്കിടെ ഉണ്ടാവും. ആത്മാർത്ഥത, വിശ്വാസ്യതയൊക്കെ ഒഴിവാക്കി ഇയാളെ വെറുമൊരു വസ്തുവായി കണ്ടാൽ ശരിയാവും.
- ഇത്രയധികം നുണപറയാൻ കഴിവുള്ളയാൾക്ക് ഇടയ്ക്കെങ്കിലും ഒന്നോരണ്ടോ നല്ല നുണകൾ എന്നോടു പറഞ്ഞുകൂടേ?
ഉഷയോർത്തു.
റ്റെൽ മീ ലൈസ് ... സ്വീറ്റ് ലിറ്റിൽലൈസ്...
അവൾ മൂളി. സാലിയുടെയും ജിമ്മിയുടെയും മുമ്പിൽ അപമാനിതയായ സംഭവം ഉഷയോർത്തു.
- ഉഷ വെളുത്തിട്ടുണ്ട്.
സാലി പറഞ്ഞുതീരുന്നതിനു മുമ്പേ ജിമ്മി മറുപടി പറഞ്ഞു:
- ഫെയർ ആന്റ് ലവ്‌ലിയുടേതായിരിക്കും.
ഉഷയ്ക്ക് അയാളെ കുത്തിക്കൊല്ലാനുള്ള അരിശം തോന്നി. സാലി അടക്കിച്ചിരിച്ചു. പിന്നീടൊരിക്കൽ ജോയി വിളിക്കുമ്പോൾ ജിമ്മി വീട്ടിൽ ഇല്ലായിരുന്നു.
- അവൻ ഫെയർ ആന്റ് ലവ് ലി വാങ്ങാൻ പോയിരിക്കും.
സാലി കുസൃതിയോടെ പറഞ്ഞത് ഉഷ ഫോണിലൂടെ കേട്ടു. ഉഷയ്ക്ക് കാലിന്റെ അറ്റത്തുനിന്നും പെരുപ്പിറങ്ങുന്നു.
ജിമ്മി, ജിമ്മിയാണ് ആ അപമാനത്തിന് ഉത്തരവാദി, അത്തരം കാര്യങ്ങൾ കുടുംബ സദസ്സിൽ വിളമ്പേണ്ട കാര്യം എന്താണ് ?
ഉഷയുടെ മനസ്സ് പിറുപിറുത്തു കൊണ്ടിരുന്നു. ആൾക്കൂട്ടത്തിൽ വൃത്തികേടുകൾ പറഞ്ഞ് ശ്രദ്ധപറ്റാൻ ശ്രമിക്കുന്ന ചെറ്റ ! തൂത്താൽ പോവാത്ത ജാത്യഗുണം. തൂത്തുകളയാൻ പറ്റാത്തൊരു ബന്ധനം!
അങ്ങനെയൊക്കെ ഓർത്തോർത്ത് ഉഷ വിക്ടോറിയയും വെല്ലിങ്ടണും കടന്ന് ഫെർഗസിൽ തിരിയുമ്പോഴാണ് ഒരു ട്രക്ക് അങ്ങേ വരിയിൽനിന്നും തെന്നിത്തെറിച്ചു വന്നത്.
                                  തുടരും ...
പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )
Join WhatsApp News
Renu Sreevatsan 2021-07-26 07:18:50
കൃത്യമായ വാക്കുകളിലൂടെയും വരികളിലൂടെയുംം ജീവൻ നൽകിയ കഥാപാത്രങ്ങൾ...excellent writing 👍🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക