Image

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

Published on 25 July, 2021
മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)
ഭാര്യ മരണപ്പെട്ടുപോയ
ഒരുവന്റെ തലയിണ
കണ്ണുനീരുപ്പു കുതിർന്ന 
സ്മരണകളുടെ കല്ലറയാണ്.

പാതി വെന്തുമരിച്ച
മിനി ഗോൾഡ് സിഗരറ്റുകളും
മുഷിഞ്ഞ വസ്ത്രങ്ങളും
തറയിൽ പരസ്പരം
പുതച്ചുറങ്ങുന്നുണ്ടാകും

കഴുകാത്ത പാത്രങ്ങളുടെ
ശവക്കൂമ്പാരമാകും
അടുക്കള

സോഡയും
ബിയറുകളും  ഐസ് ക്യുബ്സും
മാത്രം ഫ്രിഡ്ജിൽ
താമസമാക്കിയിരിക്കും

നരച്ച താടിരോമക്കാടുകളിൽ
മരവിച്ച വിരൽ കൊണ്ട് തടവി
അയാൾ അവളിരിക്കുന്ന ആകാശം
സ്വപ്നം കണ്ടിരിപ്പുണ്ടാകും

അലമാരിയുടെ കണ്ണാടിയിൽ
അവളുടെ ചുവന്ന പൊട്ട്
അയാളെ നോക്കി ചിരിക്കുന്നുണ്ടാകും

ഇടനെഞ്ചിൽ നിന്നു
കൂടിറങ്ങിയ ഒരുവൾ
അയാൾക്ക്‌ 
വേണു നാഗവള്ളിയുടെ
വിഷാദമുഖം നൽകുന്നുണ്ടാകും 

ചുണ്ടിൽ മരിച്ചുറങ്ങുന്ന
ചുംബനങ്ങളുടെ ഫോസിലുകൾ 
നിദ്രാവിഹീനമായ
രാത്രികളെ സമ്മാനിക്കുന്നു 

വായിച്ച പത്രം വീണ്ടും
വായിച്ചു
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ
യാത്രകൾ  കണ്ട് 
ആമസോൺ പ്രൈമിൽ
ഒരു സിനിമയും
പൂർത്തിയാക്കാനാകാതെ
അയാൾ  സമയം കൊല്ലാൻ ശ്രമിക്കും

ഭാര്യ മരണപ്പെട്ടവൻ
നോവിന്റെ  കുന്നിലെ
ഇടിവെട്ടേറ്റ ഒറ്റമരമാണ്

ഒരേ സമയം
ഉണങ്ങി വീഴാനും
തളിർക്കാനും  സാധ്യതയുള്ളവൻ.

സത്യത്തിൽ
ആരാണ് മരണപ്പെട്ടത് ?
Join WhatsApp News
Renu ശ്രീവത്സൻ 2021-07-26 14:06:22
മികച്ച രചന..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക