Image

കോവിഷീല്‍ഡ് അംഗീകരിക്കാത്ത ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചു

ജോബിന്‍സ് Published on 21 September, 2021
കോവിഷീല്‍ഡ് അംഗീകരിക്കാത്ത ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചു
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ ഉയരുന്നത് കടുത്ത പ്രതിഷേധം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അസ്ട്രാസെനക്ക തന്നെയാണ് ഇന്ത്യയില്‍ കോവി ഷീല്‍ഡ് എന്നറിയപ്പെടുന്നത് എന്നിരുന്നിട്ടും കോവിഷീല്‍ഡും കോവാക്‌സിനും സ്വീകരിച്ചവര്‍ക്ക് ബ്രിട്ടന്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ബ്രിട്ടന്റെ നടപടിക്കെതിരെ നയതന്ത്ര തലത്തില്‍ തന്നെ ഇന്ത്യ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ബ്രീട്ടിഷ് ഹൈക്കമ്മീഷന് പ്രതിഷേധ കുറിപ്പ് നല്‍കിയാണ് ഇന്ത്യ അതൃപ്തി അറിയച്ചത്. 

സമാനമായ വാക്‌സിന്‍ നയം ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും ഇന്ത്യ ബ്രിട്ടന് നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ബഹ്‌റിന്‍ സൗദി അറേബ്യ എന്നീ രാജ്യങ്ങളും അസ്ട്രാസെനക്ക വാക്‌സിന്‍ തന്നെ നല്‍കുന്നുണ്ട് എന്നാല്‍ അവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ബ്രിട്ടന്‍ ഇന്ത്യയോട് സ്വീകരിച്ചിരിക്കുന്ന സമീപനം വംശീയതയാണെന്ന ആരോപണവുമുണ്ട്. 

ഇന്ത്യയില്‍ നിന്നും യുകെയിലേയ്ക്ക് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ പോവാന്‍ കാത്തു നില്‍ക്കുന്ന സമയമാണിത്. ഇവര്‍ക്കാണ് ബ്രിട്ടന്റെ നടപടി തിരിച്ചടിയാകുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചിട്ടും വാക്‌സിന്‍ സ്വീകരിക്കാത്തവരെ പോലെയാണ് ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് സ്വീകരിച്ചവരെ ബ്രിട്ടന്‍ കണക്കാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക