Image

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 25 September, 2021
അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)
തെരഞ്ഞെടുപ്പുകള്‍, അത് ലോകസഭയിലേക്കായാലും സംസ്ഥാന നിയമസഭകളിലേക്കായാലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കായാലും ജനാധിപത്യത്തിന്റെ അങ്കക്കളരിയാണ്, തട്ടാണ്. അതിന് ചില കളരി നിയമങ്ങളും മര്യാദകളും ഉണ്ട്. ജനപ്രാതിനിധ്യനിയമം, 1952, ഇന്‍ഡ്യന്‍ ശിക്ഷാനിയമം തുടങ്ങിയ ഇവയെ നിയന്ത്രിക്കുന്നു. ഈ നിയമങ്ങള്‍ പരിപാലിക്കപ്പെടേണ്ടതാണ്. ഇത് രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ നേതാക്കന്മാരും അറിയണം, അനുസരിക്കണം. എന്നാല്‍ ഇവയെ ഇവര്‍ പലപ്പോഴും ലംഘിക്കുകയാണ് പതിവ്.

തെരഞ്ഞെടുപ്പ് സമയത്ത് പ്രകാപനകരവും ഭീഷണിപ്പെടുത്തുന്നതും മത-വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പ്രസ്താവനകള്‍ സര്‍വ്വസാധാരണമാണ്. ഇവര്‍ ഇതുകൊണ്ട് എന്തുനേടുന്നു? ഒറ്റവാക്കില്‍ പറഞ്ഞാല്‍ വോട്ടു നേടുന്നു. പക്ഷേ, ഇതിന്റെ പ്രത്യാഘാതം ദൂരവ്യാപകം ആണ്.

ഉത്തര്‍പ്രദേശില്‍ ഏതാനു മാസങ്ങള്‍ക്കുള്ളില്‍ ഫെബ്രുവരി, 2022) നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഇത് ഭരണകക്ഷിയായ ബി.ജെ.പി.യെയും പ്രതിപക്ഷകക്ഷികളെയും സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകം ആണ്. 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ ഗതിവിഗതികള്‍ മനസിലാക്കുവാന്‍ ഇത് വഴിതെളിക്കും. സെപ്തംബര്‍ 12-ാം തീയതി ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പറയുകയുണ്ടായി ഇതുവരെയും അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും 'അബ്ബജാന്‍' എന്ന് പറയുന്നവര്‍ക്ക് മാത്രമെ ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണമായതോടെ ഈ വിവേചനം അല്ലെങ്കില്‍ പ്രീണനം ഇല്ല. ജാതിമതഭേദമെന്യെ എല്ലാവര്‍ക്കും അരിയും മറ്റും ലഭിക്കും. 'അബ്ബജാന്‍' എന്നത് ഉറുദുവാണ്. മുസ്ലീങ്ങള്‍ അവയുടെ അച്ഛനെ വിളിക്കുന്നത് ഇങ്ങനെ ആണ്. യോഗി ഇത് പറഞ്ഞപ്പോള്‍ സദസ്സില്‍ വ്യാപകവും ഏറെ നേരം നീണ്ടുനിന്നതുമായ ഹര്‍ഷാരന്‍ ഉണ്ടായി. യോഗി ഉദ്ദേശിച്ചത് ഇതാണ് ഉത്തര്‍പ്രദേശ് ഭരിച്ച ബി.ജെ.പി. ഇതര ഗവണ്‍മെന്റുകള്‍ മുസ്ലീം പ്രീണനത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ക്ക് അരിപോലും കൊടുക്കാതിരുന്നപ്പോള്‍ യോഗി അതിനെ തിരുത്തി. ഇത് സത്യവിരുദ്ധം ആണെന്ന് ഒരു കാര്യം. പക്ഷേ, അതിലും വലിയ കാര്യം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇങ്ങനെ മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിക്കുന്നതും പരസ്പരം വെറുപ്പിക്കുന്നതും സ്പര്‍ദ്ധ വളര്‍ത്തുന്നതും എന്നതാണ്. ഇതിനെയാണ് യോഗി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ മതവല്‍ക്കരിക്കുന്നുവെന്ന് മുഖ്യപ്രസംഗത്തിലൂടെ വിമര്‍ശിച്ചത്.
 യോഗി ഇങ്ങനെ ചെയ്യുന്നത് ഇത് ആദ്യമായിട്ട് അല്ല. അല്ലെങ്കില്‍ യോഗി മാത്രം അല്ല ഇങ്ങനെ വര്‍ഗ്ഗീയ വിഷം തെരഞ്ഞെടുപ്പുകളില്‍ കുത്തിവയ്ക്കുന്ന ബി.ജെ.പി. അതുപോലെ തന്നെ ബി.ജെ.പി. മാത്രവും അല്ല മതവിഭജനത്തിന്റെ, വിഭാഗീയതയുടെ വിഷബീജങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് ആവോളം വിതക്കുന്നത്.

നിങ്ങള്‍ ഒരു ഖബറിസ്ഥാന്‍(മുസ്ലീങ്ങളുടെ ശ്മശാനം) നിര്‍മ്മിച്ചാല്‍ ഒരു ശംസ്മാന്‍ ഘട്ടും(ഹിന്ദുക്കളുടെ ശവദാഹസ്ഥലം) പണിയനം. റംസാന്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി തടസങ്ങളൊന്നും ഇല്ലാതെ വിദ്യുച്ഛക്തി നല്‍കിയാല്‍ ഇങ്ങനെ തന്നെ ദീപാവലിക്കും ചെയ്യണം. യാതൊരു വിവേചനവും പാടില്ല. ഈ പ്രസ്താവനയും സത്യവിരുദ്ധം ആണ്. അതിനെക്കാള്‍ ഉപരി ഇത് മതങ്ങള്‍ക്കിടയില്‍ വിഭാഗീയത വര്‍ദ്ധിപ്പിക്കും. രണ്ടാമത്തെ പ്രസ്താവന നടത്തിയത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകരുത്. 2017-ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഫത്തേപ്പൂര്‍ എന്ന സ്ഥലത്ത് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ വച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. പറഞ്ഞത് സത്യവിരുദ്ധം ആണെങ്കിലും കാര്യം ആണ്: മതങ്ങള്‍ തമ്മില്‍ വിവേതനം പാടില്ല. ഇതുപോലുള്ള പ്രസ്താവനകള്‍ ഹിന്ദു വോട്ടുധ്രുവീകരണത്തിന് സഹായിക്കുമെങ്കിലും വിഭാഗീയതക്ക് വഴിയൊരുക്കും. യോഗിയെ പോലുള്ള ഒരു മുഖ്യമന്ത്രി അരികിട്ടുന്നത് അബ്ബാജാന് ആയിരുന്നു ഇതുവരെ എന്നു പറയുമ്പോള്‍ അത് മതവിദ്വേഷത്തിന്റെ തിരികൊളുത്തും. അത് പശുസംരക്ഷകരെ കൂടുതല്‍ ശക്തരാക്കും. ആള്‍ക്കൂട്ട കൊലകള്‍ക്ക് കരുത്തേകും. നരേന്ദ്രമോദി തന്നെ 2014- ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഒരു പൊതുറാലിയില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത് താന്‍ ഒരു ഹിന്ദു നാഷ്ണലിസ്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടാണ്. ഹിന്ദുനാഷ്ണലിസ്റ്ററും, മുസ്ലീം നാഷ്ണലിസ്റ്റും ക്രിസ്ത്യന്‍ നാഷ്ണലിസ്റ്റും സിക്ക് നാഷ്ണലിസ്റ്റും ഉണ്ടോ? ഇന്‍ഡ്യന്‍ നാഷ്ണലിസ്റ്റ് മാത്രമല്ലെ ഉള്ളൂ ഇന്ത്യയില്‍? ഇത് ബി.ജെ.പി.യുടെ ഹിന്ദുത്വ കാര്‍ഡിന്റെ വ്യക്തമായ പ്രകടനം ആണ്. ഇതൊന്നും തെരഞ്ഞെടുപ്പില്‍ എന്നല്ല പൊതു ജീവിതത്തില്‍ എങ്ങും അനുവദനീയമല്ല ഭരണഘടനപരമായി. അസം തെരഞ്ഞെടുപ്പില്‍(2021) മുഴങ്ങിക്കേട്ട മുദ്രാവാക്യം ആയിരുന്നു ഹിന്ദു ഐഡന്റിറ്റിക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍. ഇതും നിയമവിരുദ്ധം ആണ്. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി.യുടെ പ്രാഗ്യസിംങ്ങ് ഠാക്കൂര്‍ മഹാത്മജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ യഥാര്‍ത്ഥ ദേശസ്‌നേഹി ആണെന്ന് പ്രഖ്യാപിച്ചത്. ഇവര്‍ ഭോപ്പാലില്‍ നിന്നും ലോകസഭ തെരഞ്ഞെടുപ്പ് ജയിച്ചു. എന്തു സന്ദേശം ആയിരിക്കാം ഇത് നല്‍കുന്നത്. സമ്മതിദായകരുടെ മൂല്യങ്ങള്‍ മാറിയെന്നാണോ?

2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി മോദിയെ 'മോദ്കാ സൗദാഗര്‍'(മരണത്തിന്റെ കച്ചവടക്കാരന്‍) എന്നു വിളിച്ചു ആക്ഷേപിക്കുകയുണ്ടായി 2002-ലെ മുസ്ലീം വംശഹത്യയുടെ പശ്ചാത്തലത്തില്‍. സോണിയ ഗാന്ധിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി അത് ശരിയായിരിക്കാം. പക്ഷേ, അത് സമ്മതിദായകരുടെ അടുത്ത് വിലപ്പോയില്ല. തിരിച്ചടിച്ചു. മോദി ജയിച്ച് പ്രധാനമന്ത്രി ആയി. എന്ത് സന്ദേശം ആണ് ഇത് നല്‍കുന്നത് ? സമ്മതിദായകരുടെ മൂല്യബോധത്തില്‍ സാരമായ മാറ്റം ഉണ്ടായോ? രാഷ്ട്രീയം മാറിയോ? ഇതേ തെരഞ്ഞെടുപ്പില്‍ തന്നെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറയുകയുണ്ടായി പരിഹാസേന മോദിക്ക് ഡല്‍ഹിയില്‍ വേണമെങ്കില്‍ വരാം, ഒരു പ്രധാനമന്ത്രി ആയിട്ടല്ല മറിച്ച് ഒരു പായകച്ചവടക്കാരനായിട്ട്. ഒരു രാഷ്ട്രീയപ്രതിയോഗിയെ അയാളുടെ മുന്‍ തൊഴിലിന്റെ പേരില്‍ താഴ്ത്തിക്കെട്ടുവാന്‍ നടത്തിയ ഹീനമായ ശ്രമത്തിന് സമ്മതിദായകര്‍ ഉചിതമായ മറുപടി നല്‍കിയത് മനസിലാക്കാം. പക്ഷേ, പലപ്പോഴും വിഷലിപ്തമായ മതവൈര ശരങ്ങള്‍ ജനങ്ങള്‍ ആരാധനയോടെ കൈയ്യടിച്ച് സ്വീകരിക്കുന്നതാണഅ കണ്ടിട്ടുള്ളത്. ഉദാഹരണമായി 2013-ലെ മുസ്ലീം വിരുദ്ധ മുസഫര്‍ നഗര്‍ (ഉത്തര്‍പ്രദേശ്) കലാപം നോക്കുക. യോഗിയും ബി.ജെ.പി.യും ഇത് 2014-ലെ ലോകസഭ തെരഞ്ഞെടുപ്പിലും 2017-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഹിന്ദു വോട്ടുധ്രുവീകരണത്തിനായി ഉപയോഗിച്ചു വിജയിച്ചു. കലാപത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവര്‍ പോലും തെരഞ്ഞെടുപ്പില്‍ വിജയിച്ചു. എം.എല്‍.എ. ആയി. ഒട്ടേറെ കേസുകള്‍ യോഗി ഗവണ്‍മെന്റ്, പിന്‍വലിച്ചു. വളരെയധികം കേസുകളില്‍ പ്രതികളെ വെറുതെ വിട്ടു. കാരണം തെളിവില്ല. സാക്ഷികള്‍ കോടതിയില്‍ വന്നില്ല 60 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ ഭവനങ്ങള്‍ അഗ്നിക്കിരയായി. 50,000 സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഭവനരഹിതരായി. 510 കേസുകള്‍ തുമ്പില്ലാതെ പോയി. 1480 പേര്‍ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ഭരണകക്ഷി രണ്ട് തെരഞ്ഞെടുപ്പുകള്‍ ജയിച്ചതു മാത്രം മിച്ചം. ഈ കണക്കു കൂട്ടലില്‍ ഒക്കെ ആയിരിക്കാം യോഗി വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതും ഉത്തര്‍പ്രദേശില്‍ 403-ല്‍ 350-ല്‍ പരം സീറ്റുകള്‍ നേടി അധികാരത്തില്‍ തുടര്‍ഭരണം സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്നതും. ധൃതഗതിയില്‍ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണവും യോഗിയുടെ തുരുപ്പ് ശീട്ടാണ്. തല്‍ക്കാലം തെരഞ്ഞെടുപ്പ് രംഗത്തിലേക്ക് വേറൊരവസരത്തില്‍ വരാം.

യോഗിയുടെ കുഷിനഗറിലെ വിദ്വേഷ- വെറുപ്പ് പ്രസംഗം പുതിയതൊന്നും അല്ല. മുസഫര്‍ നഗര്‍ കലാപവും അനന്തരവും പുതിയതൊന്നും അല്ല. തെരഞ്ഞെടുപ്പ് രംഗം ചൂടാകട്ടെ. യോഗിയുടെ 'അബ്ബ്ജാന്‍' പ്രയോഗത്തെ  ചില മുഖ്യധാര ഇംഗ്ലീഷ് മാധ്യമങ്ങള്‍ മുഖപ്രസംഗത്തിലൂടെ അലപിക്കുകയുണ്ടായി. ഇതുകൊണ്ടൊന്നും വലിയ പ്രയോജനം ഇല്ല. കാരണം യോഗി ആദിത്യനാഥാണ് മാറുന്ന ഇന്‍ഡ്യയുടെ മുഖം. 'ഒരു ഹിന്ദു പെണ്‍കുട്ടിയെ മതംമാറ്റിയാല്‍ ഞങ്ങള്‍ 100 മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റും' ഇതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം. മോദിയും ആദിത്യനാഥും മതത്തെ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പിനായി ഉപയോഗിക്കുന്നു. ഇവര്‍ പഠിപ്പിക്കുന്നു ഭൂരിപക്ഷമതം അപകടത്തിലാണ്. ഈ അപകടം ന്യൂനപക്ഷ മതത്തില്‍ നിന്നും ആണ് വരുന്നത്. വിചിത്രം! ന്യൂനപക്ഷ മതങ്ങളും അസുരക്ഷിതരാണ്. ഇവരും പരസ്പരം ജിഹാദുകള്‍ ആരോപിക്കുന്നു. ഇതില്‍പെടും ഇസ്ലാമിക്ക് സ്റ്റെയിറ്റിനായിട്ടുള്ള മുറവിളിയും 'ലൗ ജിഹാദ്' 'നാര്‍ക്കോട്ടിക്ക് ജിഹാദ്' എന്ന മുറവിളിയും. രാഷ്ട്രീയ നേതാക്കന്മാരുടെയും ആത്മീയ നേതാക്കന്മാരുടെയും അസുരക്ഷിതത്വത്തില്‍ നിന്നും അധികാരം വെട്ടിപ്പിടിക്കുവാനുള്ള വ്യഗ്രതയില്‍ നിന്നും ആണ് ഈ വക കലാപാന്തരീക്ഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക