Image

ടെക്സസ് അതിർത്തിയിലെ പാലത്തിനടിയിൽ ഇപ്പോൾ അഭയാർഥികളില്ല

Published on 25 September, 2021
ടെക്സസ്  അതിർത്തിയിലെ പാലത്തിനടിയിൽ  ഇപ്പോൾ  അഭയാർഥികളില്ല
വാഷിംഗ്ടൺ:  ടെക്സസിലെ അതിർത്തി പട്ടണമായ ഡെൽ റിയോയിലെ പാലത്തിനടിയിൽ  നിന്ന് അവസാനത്തെ കുടിയേറ്റക്കാരും സ്ഥലം വിട്ടു. കുറച്ച് പേരെ വിമാനം കയറ്റി സ്വദേശമായ ഹെയ്ത്തിക്ക് തിരിച്ചയച്ചു. ബാക്കിയുള്ളവരെ 60 ദിവസത്തിനകം ഇമ്മിഗ്രെഷൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശത്തോടെ  രാജ്യത്തേക്ക് കടത്തി വിട്ടു. എത്ര പേരെ ഇങ്ങനെ കടത്തി വിട്ടു എന്നതിനെപ്പറ്റി അധികൃതർ മൗനം പാലിക്കുന്നു.

വെള്ളിയാഴ്ച യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പ്രോസസ്സിംഗ് സെന്ററുകളിലേക്ക് പുറപ്പെട്ട അവസാന രണ്ട് ബസുകളുടെ  ചിത്രങ്ങൾ  ഒരു സി‌എൻ‌എൻ ടീം പകർത്തിയിരുന്നു .

ഏകദേശം 15,000 കുടിയേറ്റക്കാർ പാലത്തിനടിയിൽ തമ്പടിച്ചിരുന്നു.  ഡെൽ റിയോയിലെ അതിർത്തി തുറന്നിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിച്ചതു  കണ്ടാണ് പലരും എത്തിയതെന്ന് യുഎസ് ബോർഡർ പട്രോൾ ചീഫ് റൗൾ ഓർട്ടിസിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു 

ഈ വിഷയത്തിൽ റിപ്പബ്ലിക്കൻമാരിൽ നിന്നും ഡെമോക്രാറ്റുകളിൽ നിന്നും കടുത്ത വിമർശനമാണ് വൈറ്റ് ഹൗസ് നേരിടുന്നത്.

ഹെയ്തി കുടിയേറ്റക്കാരെ വൻതോതിൽ നാടുകടത്തുന്നതിനെ ഡെമോക്രാറ്റുകൾ വിമർശിച്ചപ്പോൾ, കുടിയേറ്റ പ്രതിസന്ധി തടയുന്നതിനു  നടപടി എടുക്കാത്തതിന്  പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തെ റിപ്പബ്ലിക്കൻമാർ വിമർശിച്ചു.

കുടിയേറ്റക്കാരെ  ചാട്ടവാറുകളുമായി കുതിരപ്പുറത്തുള്ള പോലീസ്  നേരിടുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റം   ജനരോഷം ഇളക്കിവിട്ടു. ഇതേത്തുടര്ന്ന്  ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) പട്ടണത്തിലെ കുതിര പട്രോളിംഗ് നിർത്തിവച്ചു.

ഹെയ്തിയിലെ കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് നാടുകടത്താനുള്ള മനുഷ്യത്വരഹിതവും പ്രതികൂലവുമായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഹെയ്തിക്കു വേണ്ടിയുള്ള യു.എസിന്റെ  പ്രത്യേക പ്രതിനിധി ഡാനിയൽ ഫൂട്ട് രാജിവച്ചിരുന്നു 

അതെ സമയം കുടിയേറ്റക്കാരെ രാജ്യത്തേക്ക് കടത്തി വിട്ടതോടെ കൂടുതൽ കുടിയേറ്റക്കാർ വരുമെന്ന്  എതിർ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ തന്നെ അമേരിക്കയിലേക്ക് വരാൻ പല സൗത്ത് അമേരിക്കൻ രാജ്യങ്ങളിലും  വാഹന സമൂഹം തായ്യാറെടുത്ത് നിൽക്കുകയാണ് 

----------------

ഇതിനിടെ അഫ്‌ഗാനിൽ നിന്ന് അഭയാർഥികളായി  വന്ന  രണ്ട് പേരെ അറസ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയതിനു ഒരു ഇരുപതുകാരനെയും ഭാര്യയെയും മക്കളെയും മർദിച്ചതിനു ഒരു 32-കാരനെയും ജയിലിലാക്കി.

ആർമി വനിതാ ഓഫീസർക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ അഫ്ഘാൻകാർക്ക് എതിരെ എബി.ബി.ഐ. അന്വേഷണം തുടങ്ങി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക