നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 22 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്, കെ.ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന് എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
കേസ് റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അടക്കം രൂക്ഷ വിമര്‍ശനങ്ങളോടെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.