Image

രാജ്യത്ത് കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത ; സൈകോവ് ഡി ഉടന്‍

ജോബിന്‍സ് Published on 03 December, 2021
രാജ്യത്ത് കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത ; സൈകോവ് ഡി ഉടന്‍
ഇന്ത്യയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യം കര്‍ശന ജാഗ്രതയിലേയ്ക്ക് നീങ്ങുകയാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു. 

ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി. രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്. ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് എത്തിയ ആറു പേര്‍ക്കു കൂടി ദില്ലിയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

പുതിയ കോവിഡ് പ്രതിരോധ വാക്‌സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളില്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, യു പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക.

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ച 66കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി ദുബായിലേക്ക് തിരിച്ചുപോയിരുന്നു. 46കാരനായ ഡോക്ടര്‍ ബംഗ്ലൂരുവില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹത്തിന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. . 

ഹൈറിസ്‌ക് രാജ്യങ്ങളിലേക്ക് ഒന്നും ഇക്കാലയളവില്‍ ഡോക്ടര്‍ യാത്ര നടത്തിയിരുന്നില്ല. ഈ ഡോക്ടര്‍ക്ക് വിദേശ യാത്രാ പശ്ചാത്തലമില്ല. അതുകൊണ്ടുതന്നെ ഒമിക്രോണ്‍ ബാധിച്ചത് ബംഗ്ലൂരുവില്‍ നിന്നാകാം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരടക്കം പത്ത് പേരുടെ പരിശോധന ഫലം ഉടന്‍ വരും.

ഇരുവരുമായി ഇതിനിടയില്‍ സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കിയെങ്കിലും ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതിനാലാണ് കൂടുതല്‍ ആളുകള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക