Image

നാസയുടെ ബഹിരാകാശ ദൗത്യത്തിൽ അനിൽ മേനോനും

Published on 08 December, 2021
നാസയുടെ ബഹിരാകാശ ദൗത്യത്തിൽ അനിൽ മേനോനും

വാഷിങ്ടൺ: നാസയുടെ ബഹിരാകാശ സഞ്ചാരിയാകാൻ  ഇന്ത്യൻ വംശജനായ ഡോ. അനിൽ മേനോനും. ബഹിരാകാശ ദൗത്യങ്ങൾക്ക് മുൻപായുള്ള പരിശീലന പരിപാടികൾക്കായാണ് അനിൽ മേനോൻ ഉൾപ്പെടെയുള്ള പത്ത് പേരെ തെരഞ്ഞെടുത്തത്. 

ഇന്ത്യൻ-യുക്രൈൻ കുടിയേറ്റ ദമ്പതികളുടെ മകനാണ് അനിൽ മേനോൻ. അനിൽ മേനോന്റെ പിതാവ് മലയാളിയായ ശങ്കരൻ മേനോനും അമ്മ യുക്രൈൻ സ്വദേശിനി ലിസ സാമോലെങ്കോയുമാണ്. 

നികോൾ അയേ‍‌ർസ്, മാ‌ർകോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച്, ഡെനിസ് ബ‌‌ർനഹാം, ലൂക് ഡെലാനി, ആൻ‍ഡ്രേ ഡ​ഗ്ലസ്, ജാക്ക് ​ഹാത്ത്‍വേ, ക്രിസ്റ്റിഫ‌ർ വില്യംസ്, ജെസിക്ക വിറ്റ്നർ എന്നിങ്ങനെ  ആറ് പുരുഷന്മാരും നാല് സ്ത്രീകളുമാണ് അനിൽ മേനോനെ കൂടാതെ സംഘത്തിലുള്ളത്. നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണാണ് പുതിയ സംഘത്തെ പ്രഖ്യാപിച്ചത്.

12,000-ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരിയിൽ ടെക്‌സസിലെ ജോൺസൺ സ്‌പേസ് സെന്ററിൽ ഇവർ പരിശീലനത്തിന് ചേരുമെന്ന് നാസ അറിയിച്ചു.

 അന്താരാഷ്ട്ര ബഹിരാകാശ നിലയം എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും പരിപാലിക്കാമെന്നും പരിശീലനം നൽകും. ബഹിരാകാശ നടത്തത്തിനുള്ള പരിശീലനം, റോബോട്ടിക്‌സ് കഴിവുകൾ വികസിപ്പിക്കൽ, സുരക്ഷിതമായി ടി-38 പരിശീലന ജെറ്റ് പ്രവർത്തിപ്പിക്കുക, ആശയവിനിമയം എന്നീ കാര്യങ്ങളിലും രണ്ട് വർഷക്കാലയളവിനുള്ളിൽ ഇവർക്ക് പരിശീലനം നൽകും. പരിശീലനത്തിന് ശേഷം ഇവർ നാസയുടെ ബഹിരാകാശ ദൗത്യത്തിന് അയക്കപ്പെടും.

ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ന്യൂറോ ബയോളജി പഠിച്ച അനിൽ മേനോൻ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിം​ഗിൽ ബിരുദാനന്തര ബിരുദം നേടി. സ്റ്റാൻഫോർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം കരസ്ഥമാക്കി. 2014-ലാണ് നാസയിൽ ചേരുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സഞ്ചാരികൾക്കൊപ്പം ഡെപ്യൂട്ടി ക്രൂ സർജനായി പ്രവർത്തിച്ചു. 2018-ൽ സ്പേസ് എക്സിൽ ചേർന്ന അനിൽ മേനോൻ അഞ്ച് വിക്ഷേപണ ദൗത്യങ്ങളിൽ ലീഡ് ഫ്ലൈറ്റ് സർജനായിരുന്നു . 

സ്പേസ് എക്സ്  ജീവനക്കാരി  അന്നയാണ് അനിൽ മേനോന്റെ ഭാര്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക