Image

മലയാളിയും നാഭിനാളബന്ധവും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

Published on 28 December, 2021
മലയാളിയും നാഭിനാളബന്ധവും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
പെനാംഗിലെ നഗരവീഥികളില്‍ തേ-തറേ (Teh-Tarek)  അഥവാ നമ്മുടെ നാട്ടിലെ തനി പകര്‍പ്പു ചുടുചായ പകര്‍ന്നുകൊടുക്കുന്ന പെട്ടിക്കടകളുണ്ടു പോലും. ഇംഗ്ലീഷില്‍ തേ-തറേയെ 'പുള്‍ഡ് റ്റീ'(Pulled - Tea) എന്നു പറയുന്നു. ഇതെങ്ങനെ മലയാളത്തിലാക്കുമെന്നറിയാന്‍ മേല'വലിച്ചു നീട്ടിയ ചായ'? ഈ തേതറേയെപ്പറ്റി ഒരു ചെറിയ ഗവേഷണം നടത്തിയപ്പോഴാണറിയുക, ഈ പരിപാടി പത്തൊന്‍പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരള നാട്ടില്‍ നിന്നും കുടി യേറിയതാണെന്ന്. തേ-തറേ എന്നു പറയുന്നത് മൂന്നു സ്പൂണ്‍ പഞ്ചസാരയും, ഒന്നര സ്പൂണ്‍ തേയിലയും, രണ്ട് കോപ്പയും, അല്പം ചൂടു വെള്ളവും പാലും, ഒരു മനുഷ്യന്റെ കരവിരുതും കൂടിച്ചേരുന്നതാണ്. ഒരു കയ്യിലുള്ള ചീരക്കോപ്പ ഭൂമിയോളം താഴ്ത്തിപ്പിടിച്ചു മറ്റേ ചായയുള്ള കോപ്പ ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ചിട്ടു ഭൂമിയോളം താഴ്ത്തിപ്പിടിച്ച കോപ്പയിലേക്കു പകരുന്ന ഒരു പ്രക്രിയ ! ഈ ചായയടി കണ്ടു നില്‍ക്കുന്നയാളിനു നയാഗ്രാവെള്ളച്ചാട്ടം കണ്ടുനില്‍ക്കുന്ന ഒരു പ്രതീതിയാണ്. എന്നാല്‍ ഈ ചായയെടുക്കുമ്പോള്‍ തുള്ളിയും പാഴില്‍ പോവാതെ താഴത്തെ കോപ്പയില്‍ പതിക്കുന്ന അഭ്യാസം കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒരത്ഭുത പ്രതിഭാസം.
    
മോഹന്‍ലാലിന്റെ സിനിമാ മാത്രം കാണാന്‍ കൊതിക്കുന്ന ഒരു സായിപ്പിനെ ഫ്‌ളോറിഡയിലെ റ്റാമ്പാ യുടെ പരിസരപ്രദേശത്തു വച്ച് കുറെ നാളുകള്‍ക്കു മുമ്പു പരിചയപ്പെടാനിടയായി. അല്പം 'ക്യൂരിയോസിറ്റി എന്ന അസുഖം' എന്നെയും ബാധിച്ചിട്ടുള്ളതിനാല്‍ എന്റെ ആകാംക്ഷയ്ക്കുത്തരമായി അദ്ദേഹം പറഞ്ഞു, ഗള്‍ഫ് രാജ്യത്തു ജോലി ചെയ്തിരുന്നപ്പോള്‍ ഒരു കുടുംബ സുഹൃത്തായ മലയാളി കൂട്ടുകാരന്റെ വീട്ടില്‍ വച്ചു പലപ്പോഴും പല മലയാളം പടങ്ങളും കണ്ടു, കണ്ട് മോഹന്‍ലാലിന്റെ ആരാധകനായി എന്നു.
    
അന്ന് ആല്‍ഡിനും, ആംസ്‌ട്രോംഗും നമ്മുടെ അമ്പിളി അമ്മാവന്റെ ശിരസ്സില്‍ കാലുവെച്ചപ്പോള്‍ ചായ്....കാപ്പീ...' എന്നു നീട്ടി വിളിച്ചു കൊണ്ടു നടക്കുന്ന ഒരു ഒറ്റവള്ളി നിക്കറുകാരന്‍ മലയാളിയെ കണ്ടെന്നു ഇന്ത്യയിലെ ഏതോ ഒരു പത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടുപോലും.
    
നാനാതുറകളിലും, തന്റെ വ്യക്തിത്വം, മികവുറ്റുള്ള കഴിവുകള്‍ തെളിയിച്ചു കൊണ്ടു മലയാളി മുന്നേറുകയാണ്. സാങ്കേതിക, വൈദ്യ, വ്യവസായിക, വ്യവഹാര രംഗങ്ങളില്‍ മലയാളി തന്റെ സാന്നിദ്ധ്യം ലോകത്തിന്റെ നാലു ദിക്കുകളിലും ഉറപ്പിച്ചു കഴിഞ്ഞു. അമേരിക്കയുടെ മുഖ്യ ധാരാ പട്ടണങ്ങളിലൊക്കെ മസാലദോശ, സാമ്പാര്‍, ഉഴുന്നുവട, പരിപ്പുവട, എന്നൊക്കെ കേള്‍ക്കുമ്പോള്‍ 'ഗണപതിവാഹനരിപുനയനന്‍മാരായ സായിപ്പിന്‍മാരുടെ നാവില്‍ വെള്ളം നിറയുന്നു.
    
പണ്ടുകാലത്തു വിദേശിയര്‍, വിവിധ വംശത്തിലും, വര്‍ണ്ണത്തിലുമുള്ളവര്‍ ഇന്ത്യയിലേക്കു വന്നു. അവര്‍ വന്നപ്പോള്‍ അവരവരുടെ സംസ്‌ക്കാരങ്ങളും, ആചാരങ്ങളും പ്രത്യേകിച്ച് മതങ്ങളും കൂടെ കൊണ്ടു വന്നു. ഓരോ മതത്തിനും അതാതിന്റേതായ സംസ്‌കാരങ്ങളും രീതികളുമുണ്ടല്ലോ? വര്‍ഷങ്ങളോളം ഇവയൊന്നും ഇടകലരാതെ അവരവര്‍ കാത്തുസൂക്ഷിച്ചെങ്കിലും കാലത്തിന്റെ പ്രയാണത്തില്‍ ഇവയെല്ലാം കൂട്ടികലര്‍ത്തേണ്ടതായ പ്രേരണ വന്നു. അതോടു കൂടി ഇതിന്റെയെല്ലാം ചുവയുള്ള ഒരു സംസ്‌ക്കാരം പൊട്ടിമുളച്ചു. ഇന്നു, ഒരിന്ത്യാക്കാരന്‍ ഹിന്ദുവാണ്, മുസല്‍മാനാണ്. ക്രിസ്ത്യാനിയാണ്. പാഴ്‌സിയാണ്, യഹൂദനാണ്. (ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുവാണ്,വ്യത്യസ്ത ഈശ്വരവിശ്വാസമുള്ളതും ഈശ്വരവിശ്വാസം ഇല്ലാത്തവരുമായ ഹിന്ദുക്കള്‍).
    
ചരിത്ര പുസ്തകങ്ങള്‍ പരിശോധിച്ചാല്‍, പ്രാചീന മനുഷ്യന്‍ മുതല്‍ ആധുനിക മനുഷ്യന്‍ വരെ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കുള്ള അധിനിവേശം യുഗായുഗങ്ങളായ് തുടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രീയയാണ്. അതിന്നും തുടരുന്നു! പല വിദേശീയര്‍ക്കും അഭയമരുളിയ ആ ഇന്ത്യാക്കാരന്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഇന്നു ഇന്ത്യ വിടാന്‍ പ്രേരിതനായി. പല രാജ്യങ്ങള്‍ എടുത്തുപറയുവാനുണ്ടെങ്കിലും അമേരിക്കന്‍ ഐക്യനാടുകളാണല്ലോ നമുക്കിന്നിവിടെ പ്രസ്താവ്യം?
    
മുമ്പ്, ഇന്ത്യാക്കാരുടെ അമേരിക്കയിലേക്കുള്ള പ്രയാണം കുടിയേറ്റ നിയമത്തില്‍ കൂടെ 1820 ല്‍ തുടങ്ങി. 1920 ല്‍ വെറും ഏഴായിരം ഇന്ത്യാക്കാര്‍ മാത്രമേ ഇവിടെ കുടിയേറിയിരുന്നുള്ളൂ എന്ന് ചരിത്ര ലിഖിതം. കൂടുതലും പഞ്ചാബി കര്‍ഷകര്‍. കനേഡിയന്‍ സ്റ്റീംഷിപ്പ് കമ്പനി ഇന്ത്യന്‍ തൊഴിലാളികളെ റെയില്‍വേയ്ക്കും, ഫാമിംഗിനുമായി കാനഡായിലും, യു എസ്സിലുമായി കൊണ്ടു വന്നു. ഈ കാലയളവില്‍ ചൈനയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായി ചൈനാക്കാര്‍ വന്നു. തദ്ദേശീയ അമേരിക്കക്കാര്‍ ഈ 'തൊഴില്‍ യുദ്ധത്തില്‍' 'തങ്ങളുടെ തൊഴിലുകള്‍ക്കു പ്രശ്‌നം വരുമെന്നു ഭയന്നു 'ഏഷ്യാറ്റിക് എക്സ്ലൂഷന്‍ ലീഗ്' എന്നൊരു പ്രസ്ഥാനമുണ്ടാക്കി ഏഷ്യന്‍ കുടിയേറ്റത്തിനൊരു അന്ത്യം വരുത്തണമെന്നു വാദിച്ചു. അങ്ങനെ 1924 ല്‍ 'ജോണ്‍സണ്‍ റീഡ് ആക്ട്' എന്ന പഴുതിലൂടെ ഇവിടെ ജീവിക്കുന്ന അതതു ഏഷ്യന്‍ വംശജരുടെ രണ്ടു ശതമാനം മാത്രം ആളുകള്‍ക്കു കുടിയേറ്റാവകാശം കൊടുത്തു. അടുത്ത ഇരുപതു വര്‍ഷത്തിനകം കേവലം നാനൂറില്‍ പരം ഇന്ത്യാക്കാര്‍ മാത്രമേ ഇവിടെ കുടിയേറിയുള്ളൂ. അന്ന് ഇന്ത്യാക്കാരെ വേണ്ടവിധം സ്വീകരിക്കാതിരുന്നതു കാരണം വന്നവരില്‍ പകുതിയും ഇവിടെ വിട്ട് തിരികെ പോയി. എന്നാല്‍ കാലാന്തരത്തില്‍ പുറംലോകത്തിനെ ട്രേഡാവശ്യങ്ങള്‍ക്കായി കൂടുതല്‍ ആശ്രയിക്കേണ്ടി വന്നിരുന്നതിനാല്‍ ഏഷ്യാക്കാരോടുള്ള സമീപനത്തില്‍ സാരമായ വ്യതിയാനം വരുത്തപ്പെട്ടു. മുന്‍കാലങ്ങളില്‍ പ്രസിഡന്റു കെന്നഡിയേപ്പോലുള്ളവര്‍ ശക്തമായി ശബ്ദമുയര്‍ത്തിയ കാരണം പിന്നീട് 1965 ല്‍ ജോണ്‍സണ്‍ റീഡ് ആക്റ്റ് റദ്ദാക്കപ്പെട്ടു. ഇവിടെ അമേരിക്കന്‍ ഇന്ത്യന്‍ എന്ന ഒരു വിഭാഗമുണ്ടായിരുന്നതിനാല്‍ 'ഏഷ്യന്‍ ഇന്ത്യന്‍' എന്ന് ഇന്ത്യാക്കാര്‍ അറിയപ്പെടാന്‍ തുടങ്ങി. കാലിഫോര്‍ണിയായിലാണ് ഏറ്റവും പഴക്കം ചെന്ന ഇന്ത്യന്‍ സമൂഹം. അന്നു യൂബാസിറ്റിയിലും, സ്‌റ്റോക്ടണിലും ഏകദേശം രണ്ടായിരം സിക്കുകാര്‍, കൂടുതലും കൃഷി സ്ഥലങ്ങള്‍ സ്വന്തമായിട്ടുള്ളവര്‍. ഇതല്‍പ്പം ചരിത്രം!.
    
കുറെ കാലത്തേക്കു വീണ്ടും ഇന്ത്യാക്കാരുടെ വരവിനു താല്ക്കാലികമായ മാന്ദ്യമുണ്ടായി. പിന്നീടുള്ളത് ഉന്നതവിദ്യാഭ്യാസത്തിനായി തുലോം വിരലില്‍ എണ്ണാവുന്ന ആളുകളുടെ പുറപ്പാടായിരുന്നു. അതില്‍ മുഖ്യപങ്കും തിരികെ പോവാതെ ഇവിടെ വാസമുറപ്പിച്ചു. ഇംഗ്ലീഷ് കൈവശമുണ്ടായിരുന്നതിനാല്‍ ഈ പാശ്ചാത്യ സൊസൈറ്റിയില്‍ ഇടപഴകി ഇഴുകി ചേരാനുള്ള പ്രയാസം ഭൂരിപക്ഷം ഇന്ത്യാക്കാര്‍ക്കും ഉണ്ടായില്ല. ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വന്നതിന്റെ നല്ലതും തീയതുമായ വശങ്ങളില്‍ ഒരു നല്ലവശം! നല്ല കാര്യങ്ങള്‍ ആരു തന്നെ ചെയ്താലും നല്ലതു തന്നെയല്ലെ?
    
അറുപതുകളുടെ അവസാനം. മെഡിക്കല്‍ ഫീല്‍ഡില്‍ പരിശീലനം നേടിയവരുടെ ദാരിദ്ര്യം ഇവിടെ കലശലായി അനുഭവപ്പെടുകയും, തന്മൂലം വിദേശരാജ്യങ്ങളില്‍ നിന്നും, എന്നു പറയു മ്പോള്‍ മൂന്നാം ലോകത്തു നിന്നും ഒരു പുറപ്പാടു തുടരുകയും ചെയ്തു.
ഇവിടെ ഒരിന്ത്യാക്കാരന്‍ അമേരിക്കനായാലും അവനവന്റെ ഭാഷയ്ക്കും ആചാരത്തിനും ചേരുന്ന സാംസ്‌ക്കാരിക മര്യാദകള്‍ തുടന്നു കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നവനാണ്. വിവിധ തുറകളിലും നിലകളിലും കഴിയുന്ന നാനാജാതി മതസ്ഥരായ ഇന്ത്യാക്കാരെ സ്‌നേഹസൗഹാര്‍ദ്ദത്തില്‍ കഴിയാന്‍ ആരും പഠിപ്പിക്കേണ്ടതില്ല.
    
എന്നാല്‍ ഇന്ന് അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവനെങ്കിലും അമേരിക്കന്‍ എന്നു പറയേണ്ടതിനു പകരം 'അമേരിക്കനിന്ത്യന്‍, ഇന്ത്യ നമേരിക്കന്‍, ചൈനീസമേരിക്കന്‍ ആഫ്രിക്കനമേരിക്കന്‍' (എങ്കില്‍ ഈ അമേരിക്കന്‍ എന്നു പറയുന്നവനാരാണ്???) ഇങ്ങനെ ജാതിജാതിയായി തിരിഞ്ഞ ഘടകങ്ങളുള്ള അമേരിക്കന്‍ സമൂഹത്തെയാണ് ഇന്നു കാണുന്നത്. വിദൂരഭാവിയില്‍ ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഒരു വെല്ലുവിളിയായിരിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട സംഗതിയാണ്.
    
പണ്ടുകാലത്തു ഇന്ത്യയില്‍ ആര്യാവര്‍ത്തം, ദ്രാവിഡാവര്‍ത്തമെന്നൊക്കെയുണ്ടായിരുന്നു. ഇന്ന് ഇന്ത്യയില്‍ ഒരു തനി ആര്യനോ, തനി ദ്രാവിഡനോ ഇല്ലെന്നുള്ളതാണ് വാസ്തവം. ഇന്ന് അമേരിക്കയിലുള്ള ഒരിന്ത്യാക്കാരനെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നു ഈ രാജ്യത്തു ജീവിക്കുമ്പോള്‍ എങ്ങനെ ഇന്ത്യന്‍ തനിമ നഷ്ടപ്പെടാതെ ജീവിക്കാമെന്നും, പാരമ്പര്യം കാക്കാമെന്നും, പഴയതു മറക്കാതെ പുതിയതിനെ എങ്ങനെ നേരിടാമെന്നുമുള്ളതുമാണ്.
    
ഇന്ത്യാക്കാരന്റെയും, ചൈനാക്കാരന്റെയും, റഷ്യാക്കാരന്റെയുമൊക്കെ വരവോടു കൂടി അതി വിദൂരഭാവിയില്‍ അമേരിക്കന്‍ ഭാഷ (ഇംഗ്ലീഷ് ?) യില്‍ തന്നെ ചെറിയ ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം. ഇന്നു നാം അമേരിക്കയില്‍ സംസാരിക്കുന്നതു ഇംഗ്ലീഷല്ല, പ്രത്യുത 'അമേരിക്കന്‍' ആണ്. ഭക്ഷണത്തില്‍ വസ്ത്രധാരണത്തില്‍, ആചാരത്തില്‍ എന്തിനേറെ പറയുന്നു ചിന്താഗതിയില്‍ തന്നെ വൈദേശീയ പ്രചോദനം ഉണ്ടായേക്കാം. ഇന്ത്യാക്കാരനും, ചൈനാക്കാരനും, ആഫ്രിക്കനമേരിക്കനും, ഗ്രിന്‍ഗോയുമൊക്കെ കൂടിചേര്‍ന്ന ഒരു സങ്കരവര്‍ഗ്ഗമുണ്ടായേക്കാം. ഇന്നൊരു അമേരിക്കന്‍ പൗരനോടു ചോദിച്ചാല്‍, ചിലപ്പോള്‍ അയാള്‍ പറഞ്ഞേക്കും അവന്റെ സിരകളില്‍ കൂടെ ഒഴുകുന്ന രക്തത്തില്‍ കുറെ ഇംഗ്ലീഷ്, കുറെ ജര്‍മ്മന്‍, കുറെ അമേരിക്കനിന്ത്യന്‍ വിഹിതമുണ്ടെന്ന്. ഒരു നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സാദാ അമേരിക്കന്‍ പൗരനോടു ചോദിച്ചാല്‍ അയാള്‍ പറഞ്ഞേക്കും തന്റെ രക്തത്തില്‍ 25 ശതമാനം ജര്‍മ്മന്‍, 25 ശതമാനം ഇംഗ്ലീഷ്, 29 ശതമാനം ഇന്ത്യനമേരിക്കന്‍, 25 ശതമാനം ആഫ്രിക്കനമേരിക്കന്‍ വിഹിതമുണ്ടെന്ന്. 35 ശതമാനം കോട്ടണ്‍ 65 ശതമാനം പോളിയേസ്റ്റര്‍ എന്നൊക്കെ പറയും പോലെ.
    
പണ്ടു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ പലരും ജന്മദേശം ഒന്നുകൂടെ കണ്‍കു ളിര്‍ക്കെ കാണാന്‍ കഴിയാതെ ഈ പുഷ്‌ക്കരദീപത്തിലെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു. ഗതാഗത മാര്‍ഗ്ഗങ്ങള്‍ അന്നു അത്രയ്ക്ക് സാഹസീകമായിരുന്നല്ലോ? എന്നാല്‍ വാര്‍ത്താവിനിമയവും യാത്രാ സൗകര്യങ്ങളുമൊക്കെ ഇന്നെത്രമാത്രം സൗകര്യപ്രദമാണ്. ഇന്നത്തെ പുതിയ കുടിയേറ്റക്കാരനു (മലയാളിക്ക്) എല്ലാ സൗകര്യങ്ങളും ഫിംഗര്‍റ്റിപ്പില്‍. അവനു റിമോട്ട് കണ്‍ട്രോള്‍ റ്റീവീ, ഗരാജ്‌ഡോര്‍ ഓപ്പണര്‍, ഇലക്ട്രിക് ചൂല് (വാക്വം ക്ലീനര്‍), മൈക്രോവേവ് അവന്‍, ഇന്നലെ റിലീ സായ മലയാളം മൂവി ഇന്നു ഫാമിലി റൂമില്‍... പട്ടികകള്‍ അങ്ങനെ നീണ്ടുപോവുന്നു.
    
പ്രാലേയ വലയത്താല്‍ ആവരണം ചെയ്യപ്പെട്ട റോക്കി പര്‍വ്വത നിരകള്‍, പച്ചപ്പട്ടു വിരിച്ച പോലുള്ള പുല്‍പാടങ്ങള്‍, ഇവയ്ക്ക് ജീവനേകികൊണ്ടു പരന്നൊഴുകുന്ന അരുവികള്‍, നീലിമയാര്‍ന്ന ജലാശയങ്ങള്‍, രാത്രി പകല്‍ പോലെ പ്രകാശിക്കുന്ന നിരത്തുകള്‍... ഹാ അമേരിക്ക! ഒരു കാലത്തു ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരു പറ്റം ആളുകള്‍ ഈ കരയെ അടിമപ്പെടുത്തി; അതിനു മുമ്പും മനുഷ്യാധിവാസം ഉണ്ടായിരുന്നെങ്കില്‍ തന്നെയും. ഒരു കാലത്തു സ്വര്‍ണ്ണവും വെള്ളിയും തേടി വന്നവരുടെ സാഹസികതയുടെ കഥ പറയുന്നതായ നാട്.... നാനാലോകരുടെയും വാഗ്ദത്ത ഭൂമിയായ അമേരിക്ക!. ഇതിനു പ്രകൃത്യാ വളരെയേറെ സൗന്ദര്യമുണ്ടെങ്കില്‍ തന്നെയും, പരിഷ്‌ക്കാരപ്രേമിയായ മനുഷ്യന്റെ കൈ കടത്തല്‍ നിമിത്തം പ്രകൃതി തന്നെ കനിഞ്ഞ നുഗ്രഹിച്ച ഈ ഭൂമിയില്‍ കൃത്രിമം തിരുകി ചേര്‍ത്തിരിക്കുന്നു. വിദേശങ്ങളില്‍ നിന്നും ഇവിടെ വരുന്ന ഒരാള്‍, മനുഷ്യന്റെ സാമ്പത്തിക പ്രതാപത്തിന്റെ പ്രൗഡിയും, കരവിരുതും വിളിച്ചറിയിക്കുന്ന, അഥവാ മേക്കപ്പ് ഇട്ട ഒരു സുന്ദരിയേയാണ് ഇവിടെ ദര്‍ശിക്കുക.
    
നമ്മുടെ നാട്ടുകാര്‍ പലരും ഈ രാജ്യത്തെ പൗരത്വം എടുത്തവരാണെങ്കില്‍ തന്നെയും മാതൃരാജ്യത്തെ മറന്നവരല്ല. മനമങ്ങും മിഴിയിങ്ങുമായി കഴിയുന്നവര്‍. ഭാരിച്ച ചെലവും ദൈര്‍ഘ്യവുമാണെങ്കില്‍ തന്നെ കൂടെക്കുടെ നാടുകാണാന്‍ പോവാറുണ്ട്. അവന് / അവള്‍ക്ക് മാതൃരാജ്യവുമായി നാഭീനാളബന്ധം! എല്ലാവരും കേരളത്തെപ്പറ്റിയും, അതിന്റെ അതുല്യതയേപ്പറ്റിയും കുട്ടികളെ പറഞ്ഞു പഠിപ്പിക്കാറുണ്ട്. സാമൂഹ്യമതസാംസ്‌കാരിക സാഹചര്യങ്ങളില്‍ വേഷവിധാനങ്ങള്‍, പാചകരീതികള്‍ കൊണ്ടൊക്കെ കേരളത്തെ പ്രതിനിധാനം ചെയ്യാറുണ്ട്. ഓണം, ഈസ്റ്റര്‍, വിഷു, ക്രിസ്മസ് ഒക്കെ ജാതിമതഭേദമന്യ കൊണ്ടാടാറുണ്ടï്. കേരളത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ കലാ സാംസ്‌ക്കാരിക സംഭാവനകള്‍ ഈ പാശ്ചാത്യവ്യോമമണ്ഡലത്തില്‍ വാരിവിതറാറുണ്ട്. കേരളത്തിന്റെ അരുമ സന്താനങ്ങള്‍ എന്ന നിലയില്‍ അഭിമാനപുരസരം ഈ വീഥികളില്‍ കൂടെ തലയും ഉയര്‍ത്തിപ്പിടിച്ചു നടക്കാറുണ്ട്.
    
എന്നാല്‍ ചുവരെഴുത്തു വായിക്കാന്‍ മറന്നുപോയാല്‍, കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിന്റെ നേര്‍പകുതി മരുമകള്‍ ലിന്‍ഡായും, കൊണ്ടുപോയി, കുടുംബം ശിഥിലീകരിക്കപ്പെട്ട് വ്യക്തിത്വം നഷ്ടപ്പെട്ട് ഒരു വിളിപ്പാടകലെ കൈവിട്ടുപോയ കറുത്തമ്മയെ ഓര്‍ത്തു വിലപിക്കുന്ന 'ചെമ്മീനിലെ' കൊച്ചുമുതലാളിയെപ്പോലെ കേരളമാവുന്ന കറുത്തമ്മയെയോര്‍ത്തു അമേരിക്കയാവുന്ന ഈ കടാപ്പുറത്തു 'പാാടി.... പാാടി...... ചങ്കുപൊട്ടി മരിക്കും'.
    
ഇവിടെ ചന്ദ്രനെ പിടിച്ചടക്കിയ, ശൂന്യാകാശത്തു കൂടെ നടന്ന മനുഷ്യനുണ്ട്. അനന്തവിഹായസിലൂടെ ഭേരി മുഴക്കി ചീറിപ്പായുന്ന സൂപ്പര്‍സോണിക് ജെറ്റുണ്ട്. മനുഷ്യന്റെ തലച്ചോറിന്റെ അനന്തതയില്‍ നിന്നും ഉടലെടുത്ത കമ്പ്യൂട്ടര്‍ ഉണ്ട്. കാഡിലാക്കുണ്ട്. അംബരചുംബികളായ ഭീമാകാരസൗധങ്ങളുണ്ട്. 'സര്‍വ്വശക്തനായ' ഡോളര്‍ ഉണ്ട്. ഇവിടെ എല്ലാമുണ്ട്....
    
എന്നാല്‍... പുലരി പൊട്ടിവിരിയുമ്പോള്‍ പാരിജാതത്തിന്റെ സുഗന്ധം പരത്തുന്ന കാറ്റുകളില്ല, കാളവണ്ടികളുടെ മണികിലുക്കമില്ല, കളകൂജികകളുടെ കളകള നാദമില്ല. ഗ്രാമീണ കന്യകകളുടെ മഞ്ജീരധ്വനിയില്ല, ചെന്തെങ്ങിന്റെ ഓലകളുടെ മര്‍മ്മരമില്ല, ഉഴുതുമറിച്ചിട്ട മണ്ണിന്റെ മണമില്ല, പള്ളിമണികളുടെ മുഴക്കമില്ല, ഓംകാരവിളിയില്ല, വാങ്കുവിളിയില്ല. അതു മേക്കപ്പിടാത്ത അവാച്യമായ ഹരിതഭംഗി തൂവിയ തരുണിമ തുളുമ്പി നില്‍ക്കുന്ന കൊച്ചു കേരളത്തില്‍ മാത്രം.
                                        (ഒരു പഴയ രചന 1989)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക