Image

'ലൂസിഫര്‍' ലഹരി മാഫിയയ്‌ക്കെതിരേയുള്ള മുന്നറിയിപ്പ് ; അത് കെട്ടുകഥയല്ല: മുരളി ഗോപി

Published on 04 January, 2022
'ലൂസിഫര്‍' ലഹരി മാഫിയയ്‌ക്കെതിരേയുള്ള മുന്നറിയിപ്പ് ; അത് കെട്ടുകഥയല്ല: മുരളി ഗോപി

തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള പോരാട്ടമാണ് ലൂസിഫര്‍ എന്ന സിനിമയെന്നും സ്വയം നടത്തിയ അന്വേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ സത്യങ്ങളാണ് അതിലൂടെ അവതരിപ്പിച്ചതെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അതൊരു കെട്ടുകഥയായി കരുതുന്നവരുണ്ടാകാമെന്നും രാഷ്ട്രീയത്തിലെ ഫണ്ടിങ്ങ് എന്ന ടോപിക് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കയ്പ്പുള്ള മരുന്ന് മധുരത്തില്‍ പൊതിഞ്ഞ് നല്‍കുന്നവിധത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന ചേരുവകളോടെയാണ് ലൂസിഫറിന്റെ രചന നിര്‍വ്വഹിച്ചത്.
എല്ലാ കുടുംബങ്ങളും ഒരുവട്ടമെങ്കിലും ഈ സിനിമ കാണണമെന്ന ഒരാഗ്രഹമുണ്ടായിരുന്നെന്നും ലഹരിയെന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പു തന്നെയാണ് ആ ചിത്രമെന്നും മുരളി ഗോപി പറഞ്ഞു.

'ആരോഗ്യമിത്രം' മാസികയിലെ പുതുവര്‍ഷപ്പതിപ്പിലെ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. രാഷ്ട്രീയത്തില്‍ ഏറ്റവും കുറഞ്ഞ തിന്മയെയെങ്കിലും സ്വീകരിക്കേണ്ടിവരുമെന്നും ഓരോ രാഷ്ട്രീയനീക്കത്തിനും തീരുമാനങ്ങള്‍ക്കും പിന്നില്‍  ഒരുപിടി രഹസ്യഅജണ്ടകളുമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

മയക്കുമരുന്നു ലോബിയുടെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നൂവെന്ന് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നു. ഭരണകൂടവും പൊതുസമൂഹവും ലഹരിക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുരളി ഗോപി ഓര്‍മ്മിപ്പിച്ചു.

നര്‍ക്കോട്ടിക് ജിഹാദ് 'വേണ്ട'; ഭക്ഷണത്തില്‍ 'മതം' കലര്‍ത്തരുത്

ഭക്ഷണത്തില്‍ വരെ 'മതം' കലര്‍ത്തിയുള്ള വിവാദങ്ങള്‍ ശുഭകരമല്ല. നര്‍ക്കോട്ടിക് ജിഹാദ് പോലുള്ള മതത്തെ കൂട്ടിക്കെട്ടിയുള്ള വിവാദങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനാവശ്യവിവാദങ്ങള്‍ നമ്മുടെ ചിന്താനിലവാരത്തെയും ജീവിതാവസ്ഥകളെയും തെറ്റായരീതിയില്‍ സ്വാധീനിക്കും. മയക്കുമരുന്നു ലോബിയുടെ പണം പിന്‍പറ്റി സമൂഹത്തെ തകര്‍ക്കുന്നവരില്‍ എല്ലാ ജാതി-മത വിഭാഗങ്ങളില്‍ പെട്ടവരുമുണ്ടാകുമെന്നും അതെല്ലാം ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ കൊണ്ടുവയ്ക്കുന്നതിലെ അപകടം വളരെ വലുതാണെന്ന് തിരിച്ചറിയണമെന്നും മുരളി ഗോപി ഓര്‍മ്മിപ്പിക്കുന്നു.

ഇത് ആസുരകാലം; രാഷ്ട്രീയക്കാര്‍ വിളമ്പുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കരുത് 

രാഷ് ട്രീയക്കാര്‍ വിളമ്പിത്തരുന്ന ചിന്തകളുടെ ചോറുണ്ട് ശീലിക്കരുതെന്നും അടിമത്തബോധത്തിലാണ്ടു കഴിയാത്ത വ്യക്തികളാകണമെന്നും  മുരളി ഗോപി.

മതവും രാഷ്ട്രീയവും മാഫിയകളുമെല്ലാം ചേരുന്ന, എല്ലായിടത്തെയും തിന്മകള്‍ ഒത്തുചേരുന്ന ആസുരകാലമാണിതെന്നും സ്വയരക്ഷയ്ക്ക് ഇതേ മാര്‍ഗമുള്ളൂവെന്നും മുരളി ഗോപി പറഞ്ഞു. 

''രാഷ് ട്രീയക്കാര്‍ വിളമ്പിത്തരുന്ന, (അത് ഏതു പാര്‍ട്ടിയായാലും) അവര്‍ വിളമ്പിത്തരുന്ന ചിന്തകളെ മാത്രം പിന്‍പറ്റി ജീവിക്കാതിരിക്കണം. അവര്‍ അവരുടെ അടുക്കളയില്‍ തയ്യാറാക്കി നമ്മുക്കു തരുന്ന ചോറ് ഉണ്ടുണ്ടു ശീലിച്ച് ജീവിക്കാതെ, നാം നമ്മുടെ അടുക്കളയില്‍ സ്വയം പാകം ചെയ്യുന്ന ഔഷധച്ചോറ് ഉണ്ണണം. അങ്ങനെ രൂപപ്പെട്ട, അടിമത്തബോധത്തിലാണ്ടു കഴിയാത്ത വ്യക്തികളാകണം.''- മുരളി ഗോപി പറയുന്നു.

അരാഷ് ട്രീയമായി സംസാരിക്കുന്നതല്ലെന്നും രാഷ് ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ തിരിച്ചറിയാനുള്ള അവബോധം ഓരോ പൗരനുമുണ്ടായാല്‍ ജനാധിപത്യ രാജ്യം അതിന്റെ കരുത്തുകാട്ടൂകയുള്ളൂ. അത്തരമൊരു തലമുറയ്ക്കു മാത്രമേ രാജ്യത്ത് സമാധാന ജീവിതമൊരുക്കിത്തരാന്‍ കഴിയൂവെന്നും മുരളി ഗോപി അഭിമുഖത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക