Image

ഉരുളിനേയും ഇരുളിനേയും നേരിട്ട കൊച്ചുമിടുക്കനെ അഭിനന്ദിച്ച് മന്ത്രി എം.വി.ഗോവിന്ദന്‍

ജോബിന്‍സ് Published on 05 August, 2022
ഉരുളിനേയും ഇരുളിനേയും നേരിട്ട കൊച്ചുമിടുക്കനെ അഭിനന്ദിച്ച് മന്ത്രി എം.വി.ഗോവിന്ദന്‍

കണ്ണൂരില്‍ ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ച് മന്ത്രി എം വി ഗോവിന്ദന്‍. കോളയാട് ചെക്യേരി പൂളക്കുണ്ട് കോളനിയിലെ സുരേഷ്-രേഷ്മ ദമ്പതികളുടെ മകനായ അര്‍ഷലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയത്. ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍ എന്നാണ് ഗോവിന്ദന്‍ മാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്.

ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇതാണ് അര്‍ഷല്‍, ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍. ഉരുള്‍പൊട്ടലിന്റെ ഉഗ്രശബ്ദം കേട്ടാണ് ഈ എട്ട് വയസുകാരന്‍ വീട്ടില്‍ നിന്നിറങ്ങി കാട്ടിലേക്ക് ഓടിയത്. തനിക്ക് സമ്മാനമായി കിട്ടിയ ട്രോഫികളും എടുത്തായിരുന്നു ആ ഓട്ടം. തുടക്കത്തില്‍ ഒപ്പം വീട്ടുകാരുണ്ടായിരുന്നെങ്കിലും, മഴയും ഇരുട്ടും അര്‍ഷലിനെ ഒറ്റയ്ക്കാക്കി. കണ്ണവത്തെ കൊടുംവനത്തിലെ കൂരാക്കൂരിരുട്ടില്‍ ആ പെരുമഴയത്ത് അവന്‍ കാത്തിരുന്നു, തനിച്ച്. രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അര്‍ഷലിനെ ബന്ധുക്കള്‍ക്ക് കാട്ടില്‍ കണ്ടെത്താനായത്. കണ്ണൂര്‍ കൊമ്മേരി ഗവണ്‍മന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ഷല്‍.

ദുരന്തമുഖത്തുപോലും പതറാതെ, നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ഈ എട്ട് വയസുകാരന്‍. അര്‍ഷല്‍ നമുക്കൊരു മാതൃകയാണ്, മഴക്കെടുതി ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിക്കാന്‍...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക