Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 05 August, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി അറസ്റ്റില്‍ . വിലക്കയറ്റത്തിന് എതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷമുണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് അറസ്റ്റ്. പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബലം പ്രയോഗിച്ചായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരേയും അറസ്റ്റ് ചെയ്ത് നീക്കി.
*******************************
പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ വഴി വിട്ട നടപടി സര്‍ക്കാര്‍ സാധൂകരിച്ചത് ധന വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്. പൊലീസ് ക്വാര്‍ട്ടേഴ്‌സിന് വേണ്ടി അനുവദിച്ച പണം വകമാറ്റി ചെലവഴിച്ച സംഭവത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നടപടി സര്‍ക്കാര്‍ സാധൂകരിച്ചിരുന്നു. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് പുറത്തു വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത്. മുന്‍ ഡിജിപിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും കര്‍ശന നടപടി വേണമെന്നും ധനവകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയിരുന്നു.
*****************************
കോഴിക്കോട് പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. കൊയിലാണ്ടി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ മൃതദേഹം നേരത്തെ മറ്റൊരാളുടേതെന്ന് കരുതി സംസ്‌കരിച്ചിരുന്നു. സംസ്‌കാരത്തിന് മുമ്പ് പോലീസ് ശേഖരിച്ച ഡിഎന്‍എ സാംപിളുകളാണ് ഇപ്പോല്‍ കേസില്‍ വഴിത്തിരിവായത്. 
****************************
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ സുപ്രധാന ആവശ്യം ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജ് ഹണി. എം വര്‍ഗീസിനെ മാറ്റണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഹണി എം വര്‍ഗീസ് കേസ് പരിഗണിച്ചാല്‍ തനിക്ക് നീതി കിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ വാദം.ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസാണ് ഈ അവശ്യം തള്ളിയത്.
***************************
ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ , മലമ്പുഴ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. 30 സെന്റീമീറ്റര്‍ വീതമാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് ഒഴുക്കിയത്. 
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളാണ് തുറന്നത്. അഞ്ച് സെന്റിമീറ്റര്‍ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്.
*****************************
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്പീക്കര്‍ എം ബി രാജേഷിനും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു.
*********************************
വധുവിനെ പള്ളിയില്‍ പ്രവേശിപ്പിച്ചതിന് മാപ്പ് പറഞ്ഞ് ജമാ അത്തെ ഇസ്ലാമി മഹല്ല് കമ്മിറ്റി. പാലേരി പാറക്കടവ് ജുമാ മസ്ജിദിലെ മഹല്ലക്കമ്മിറ്റിയാണ് മാപ്പ് പറഞ്ഞത്. പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി പള്ളിക്കകത്ത് വെച്ചുള്ള നിക്കാഹ് ചടങ്ങില്‍ വധുവിനെ പങ്കെടുപ്പിച്ച മഹല്ല് കമ്മിറ്റിക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ നടപടി തെറ്റായെന്ന് സമ്മതിച്ചുകൊണ്ട് കുറിപ്പ് മഹല്ല് കമ്മിറ്റി കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
*********************************
കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായിത്തുടരുന്നു. ഓര്‍ഡിനനറി സര്‍വീസുകള്‍ വെട്ടികുറച്ചു. സൂപ്പര്‍ക്ലാസുകള്‍ റിസര്‍വേഷനോടെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. പ്രതിസന്ധി പരിഹരിക്കാന്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. കെ എസ്ആര്‍ടിസി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസല്‍ ലഭ്യത കുറയാന്‍ കാരണം.
***********************************
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ജലനിരപ്പ് കുറയ്ക്കുന്നതിനായി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ടു പോകണം. ഡാമിലെ ജലം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പ കേരളത്തെ അറിയിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക