Image

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; മദ്യം നല്‍കാത്തതിന് ബാറിന് മുന്‍പില്‍ വാള്‍ വീശി

Published on 05 August, 2022
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; മദ്യം നല്‍കാത്തതിന് ബാറിന് മുന്‍പില്‍ വാള്‍ വീശി



തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് ഗുണ്ടാസംഘം വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാറില്‍ നിന്നും മദ്യം നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഗുണ്ടാസംഘത്തിന്റെ വാള്‍ വീശല്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനും നന്ദാവനം പൊലീസ് ക്യാംപിനും സമീപത്തുള്ള  ബാറിനു മുന്നിലാണ് സംഭവം നടന്നത്. 

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പിഎംജിക്ക് സമീപത്തുള്ള ബാറില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ബാറുകളുടെ പ്രവര്‍ത്തസമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാരരും സെക്യൂരിറ്റി ജീവനക്കാരും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സിഐ അറിയിച്ചു. എകെജി സെന്റര്‍ ബോംബാക്രമണത്തിന് ശേഷം തിരുവനന്തപുരം നഗരത്തില്‍ പൊലീസ് പട്രോളിംഗും ചെക്കിംഗും രാത്രികാലങ്ങളില്‍ സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകള്‍ റോഡില്‍ വാള്‍ വീശിയ സംഭവം. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക