തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസ്സുകാരനെ തൊഴിച്ചു തെറിപ്പിച്ച സംഭവം മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്. എന്നാല്‍ ഈ സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴാണ് പോലീസിന് വകതിരിവുണ്ടായതെന്നും ഈ പോലീസ് കേരളത്തിന് അപമാനമാണെന്നും സതീശന് ഫേസ് ബുക്കില്‍ കുറിച്ചു.
വി.ഡി.സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്
മനഃസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരന് തന്റെ കൗതുകം കൊണ്ടാണ് കാറില്‍ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറിപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയില്‍ കേരളം തലതാഴ്ത്തുന്നു.
പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പൊലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് വിവാദമായപ്പോഴാണ് പൊലീസിന് വകതിരിവുണ്ടായത്. സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശ്ശേരി പൊലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പൊലീസ് കേരളത്തിന് അപമാനമാണ്. കേരളത്തില്‍ പൊലീസ് സംരക്ഷണം ആര്‍ക്കാണ്, ഇരയ്ക്കോ അതോ വേട്ടക്കാര്‍ക്കോ?
VD SATHEESAN AGANIST KERALA POLICE THALASSERY ISSUE