കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ ലീഗിന് ആയിട്ടില്ല. പ്രസ്താവന കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നും ആര്‍എസ്എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീര്‍ പ്രതികരിച്ചു.
സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. 'ഇത്തരം ഒരു പരാമര്‍ശം നടത്താനുള്ള കാരണം എന്താണെന്ന് സുധാകരനോട് തന്നെ ചോദിച്ചിരുന്നു. അതിന് അദ്ദേഹത്തിന്റേതായ ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞത്. അന്ന് ജനതാ പാര്‍ട്ടിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. മാത്രമല്ല ഇരകളാകുന്നവരെ സംരക്ഷിക്കും എന്നുള്ളത് എല്ലാ കാലത്തിലും തന്റെ പൊതുസ്വഭാവമാണെന്നും സുധാകരന് പറഞ്ഞെന്ന് മുനീര്‍ പറഞ്ഞു.
സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ ലീഗിനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ള വാക്കിലാണ് പ്രതീക്ഷയുള്ളത്. ആര്‍എസ്എസ് ചിന്താഗതി മനസിലുള്ളവര്‍ പാര്‍ട്ടി വിട്ടുപോകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം കോണ്‍ഗ്രസാണ് ചര്‍ച്ച ചെയ്യേണ്ടത്. ആര്‍എസ്എസിനെ ന്യായീകരിക്കുന്ന ഒരു വാക്കും ആരുടെയും കയ്യില്‍ നിന്നും ഉണ്ടാകരുത് എന്ന കാര്യത്തില്‍ സംശയമില്ല', മുനീര്‍ പ്രതികരിച്ചു.
K SUDHAKARAN AND MK MUNEER - RSS STATEMENT