Image

മെസിയെ ഇഷ്ടമാണ്, എന്നാലും മ്മള് ഫ്രാൻസാ .. (മിനി വിശ്വനാഥൻ)

Published on 22 December, 2022
മെസിയെ ഇഷ്ടമാണ്, എന്നാലും മ്മള് ഫ്രാൻസാ .. (മിനി വിശ്വനാഥൻ)

ഒരു തവണത്തെ വലിയ വെക്കേഷന് വന്നപ്പോഴാണ് സുനി ഒരു റബ്ബർ പന്ത് കാലിലിട്ടുരുട്ടി തലങ്ങും വിലങ്ങും നീട്ടിയടിച്ച് ഗോൾ, ഗോൾ എന്നാർത്ത് വിളിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഏപ്രിൽ മാസത്തിലെ പൊരി വെയിലിൽ വിയർത്ത് കുളിച്ച് പന്തുരുട്ടുന്നതിനിടയിൽ ഇനി മുതൽ അവനെ 'പെലെ' എന്ന് വിളിക്കണമെന്ന് എന്നോട് പറഞ്ഞു.
പെലെ ഒരു വലിയ ഫുട്ബാൾ കളിക്കാരനാണെന്നും, വലുതായാൽ അവനും പെലെയെപ്പോലെ വലിയ കളിക്കാരനാവണമെന്നും, കളിക്കാരനായാൽ പിന്നെ പഠിക്കാതെ തന്നെ വലിയ പൈസക്കാരനാവാമെന്നും അവൻ വലിയ കണ്ണുകൾ ഉരുട്ടിയുരുട്ടി ആവർത്തിച്ചു.


കഴുത്തിന് താഴെയുള്ള എല്ലിൻകുഴിയിൽ ആഴക്ക് എണ്ണ കൊള്ളുന്ന പത്തുവയസ്കാരൻ ചെക്കന്റെ ആശ കൊള്ളാമെന്ന് എനിക്കും തോന്നാതിരുന്നില്ല. എന്റെ നോട്ടത്തിലെ വശപ്പിശക് മനസ്സിലാക്കിയതിനാലാവണം, എല്ലാ ദിവസവും പാലും മുട്ടയും കഴിച്ചാൽ പെലെയെപ്പോലെയാവുമെന്ന് ഹരികൃഷ്ണൻ പറഞ്ഞിട്ടുണ്ടെന്നും അവൻ കൂട്ടിച്ചേർത്തു.


ഏതായാലും അവൻ പഠിക്കാതെ പൈസക്കാരനാവുന്നതിൽ അസൂയപ്പെട്ട് , പെലെയൊന്നും ആയാൽ ശരിയാവില്ല എന്ന് മാത്രം അഭിപ്രായം പറഞ്ഞു ഞാനെണീറ്റു ആ റബ്ബറ് ബാൾ ഒന്ന് കാല് കൊണ്ട് തട്ടി നോക്കി. എന്റെ സ്വഭാവം നല്ലോണം അറിയുന്നതു കൊണ്ട് , പെൺകുട്ടികൾക്ക് ഫുട്ബാൾ കളിക്കാൻ പറ്റില്ലെന്ന് അവനങ്ങ് ഏകപക്ഷീയമായി പ്രസ്താവിച്ചു.


ഒരിക്കലും ചിത്രത്തിൽ പോലും കണ്ടിട്ടില്ലാത്ത പെലെയോടു എനിക്ക് അസൂയ തോന്നി എന്നത് സത്യമാണ്. കളി കൊണ്ടായിരുന്നില്ല , പഠിക്കാതെ പൈസക്കാരനായി എന്നത് കൊണ്ട് മാത്രമായിരുന്നു അത്.
ഫുട്ബാളുമായി എനിക്കുള്ള ബന്ധം ഇതു മാത്രമാണ്.
പിന്നെ FB യിൽ വന്നതിനു ശേഷമാണ് അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നിങ്ങനെ ടീമുകൾ ഉണ്ടെന്നും, ഫാൻ ക്ലബുകൾ ഉണ്ടെന്നും ഞാനറിയുന്നത്. മെസിയും റോണോൾഡോയും ചിത്രങ്ങളിൽ നിറഞ്ഞപ്പോഴും വാതുവെപ്പുകളും തർക്കങ്ങളും FB യെ ശബ്ദമുഖരിതമാക്കിയപ്പോഴും ഞാൻ നിശബ്ദയായി. കടുത്ത അർജന്റീന ഫാനായ അനിയൻ പോലും എന്നെ നന്നാവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.


ആദ്യമായി കണ്ട ഒരു ഫുൾ മാച്ച് ക്രൊയേഷ്യ ജപ്പാൻ ആയിരുന്നു. ജപ്പാനു വേണ്ടിയും ക്രൊയേഷ്യക്ക് വേണ്ടിയും കൈമുട്ടി ഒടുവിൽ ക്രൊയേഷ്യ ജയിച്ചപ്പോൾ ആകെയൊരു സന്തോഷവും സമാധാനവും തോന്നി.
പിന്നെയും ഫുട്ബാളും അർജന്റീനയും കടന്ന് വന്നത് പെയിന്റ് കടയിലെ ലക്കി ഡ്രോ ബോക്സിലൂടെയാണ്. ആ കടയിലെ ചെറുപ്പക്കാരന്റെ താത്പര്യത്തെ മാനിച്ച് അർജന്റീന എന്ന് എഴുതിയിടുമ്പോഴും മനസ്സിൽ ഓർത്തത് ക്രൊയേഷ്യയെയാണ്. (ആ പേര് എനിക്ക് ഇഷ്ടമായി എന്നത് മാത്രമായിരുന്നു ആ ടീമിനോടുള്ള എന്റെ താത്പര്യം.)


കുടുംബത്തിലെ ഇളമുറക്കാരൻ സൗരവ് ഫ്രാൻസ് ഫാനാണെന്നു പറഞ്ഞപ്പോൾ ഞാൻ വീണ്ടും കൺഫ്യൂഷനിലായി. പണ്ടത്തെ പത്ത് വയസ്കാരൻ പെലെ ഫാനിനെ ഓർമ്മ വന്നതിനാലാൽ ഞാൻ കളി കാണുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.


 ലോകം മുഴുവൻ കളി കണ്ടു കൊണ്ടിരിക്കുകയാണെന്ന അസ്വാസ്ഥ്യം ഉള്ളിലുണ്ടെങ്കിലും നമ്മൾക്കെന്ത് കളി എന്ന് മനസ്സിലുറപ്പിച്ച് ഞാൻ ചപ്പാത്തിക്ക് കുഴച്ചു .


അർജന്റീനയുടെ ആദ്യ ഗോളിനൊപ്പം ഡയമണ്ട് മുക്ക് മുതൽ കതിരൂര് വരെ പൊട്ടിയ പടക്കത്തിന്റെ ശബ്ദത്തിൽ ഞെട്ടിത്തരിച്ച് ഞാനും കളി കാണാൻ കൂടി. അർജന്റീന രണ്ടാമത്തെ ഗോളടിച്ചപ്പോൾ അർജു ഫാൻസിനൊപ്പം ഞാനും കൈ കൊട്ടി. എനിക്ക് കിട്ടാൻ പോവുന്ന 45 ഇഞ്ച് ടി.വി സ്വപ്നം കണ്ട് ഓടിപ്പോയി ചപ്പാത്തി ഉണ്ടാക്കി.
പെട്ടെന്നാണ് കളി മാറിയത്. ഫ്രാൻസ് രണ്ട് ഗോൾ അടിച്ച് സമനിലയിലായപ്പോൾ എന്തോ അറിയാതെ ഒരു ആശ്വാസം തോന്നി.
ഞാനറിയാതെ എന്നെ ചതിച്ച് കൊണ്ട് എന്റെ സ്വന്തം മനസ് ഫ്രാൻസിനൊപ്പം കൂടി. 45 ഇഞ്ച് ടി.വിയെ മനസ്സിൽ നിന്ന് തച്ച് പായ്ച്ച്. പിന്നെ അർജന്റീന ഒരു ഗോളും കൂടി അടിച്ചപ്പോൾ തോറ്റു പോവുന്ന ഫ്രാൻസിനെയോർത്ത് കണ്ണീര് വന്നു. എംബാപ്പെക്കുഞ്ഞനോട് സങ്കടം തോന്നി ....


മൂന്ന് മൂന്ന് സമനിലയിലെത്തിയപ്പോൾ ഇനിയും ഇവരെന്തിന് കളിക്കുന്നു എന്ന് തോന്നി. കളിയുടെ എ ബി സി അറിയാത്ത എന്നോട് മിണ്ടാണ്ടിരിക്കാൻ പറഞ്ഞ് ഫാൻ ക്ലബ്കാർ വെള്ളം കുടിച്ച് തുടങ്ങി...
ദീർഘശ്വാസം വിട്ടും FB പോസ്റ്റുകൾ ഡിലീറ്റ് ചെയ്തും അവരിങ്ങനെ ഉഷ്ണിക്കുന്നതിനിടെയാണ് പെട്ടെന്ന് ലോകം കീഴ്മേൽ മറിഞ്ഞത്.....
അരമണിക്കൂർ നീണ്ടു നിന്ന പടക്കത്തിന്റെയും ആർപ്പ് വിളികളുടെയും ശബ്ദത്തിനൊടുവിലാണ് എനിക്കാ സത്യം മനസ്സിലായത്.....
ഞാൻ ഒരു ഫ്രാൻസ് ഫാനായി മാറിക്കഴിഞ്ഞു എന്ന സത്യം.
കുടുംബക്കാരും കൂട്ടുകാരും കളിയാക്കുമായിരിക്കും....

# I like Messi, but we are France.. (Mini Viswanathan)

Join WhatsApp News
Rajeev 2022-12-22 15:44:52
രസമായിട്ടെഴുതി. ചപ്പാത്തി കുഴച്ച് പന്തിന്റെ രൂപത്തിൽ ആക്കിക്കാണും..😅 45 ഇഞ്ച് TV എന്തായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക