Image

ലണ്ടന്‍-കൊച്ചി വിമാന സര്‍വീസ് പുന:സ്ഥാപിച്ചു എയര്‍ ഇന്ത്യ

Published on 14 January, 2023
 ലണ്ടന്‍-കൊച്ചി വിമാന സര്‍വീസ് പുന:സ്ഥാപിച്ചു എയര്‍ ഇന്ത്യ

 

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി ഡയറക്ട് വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു. ഹീത്രൂവിനു പകരം ലണ്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്വിക്കില്‍ നിന്നാണ് ഇനി കൊച്ചിയിലേക്കുള്ള ഡയറക്ട് വിമാന സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ മൂന്നുദിവസമാണ് സര്‍വീസ്. കൊച്ചിയിലേതുള്‍പ്പെടെ 12 സര്‍വീസുകളാണ് ഗാറ്റ്വിക്കില്‍ നിന്നും പുതുതായി ആരംഭിക്കുന്നത്.

കൊച്ചിയ്ക്കു പുറമേ അമൃത്സര്‍, അഹമ്മദാബാദ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുണ്ടായിരുന്ന ഡയറക്ട് സര്‍വീസുകളും ഗാറ്റ്വിക്കില്‍ നിന്നാക്കി. കൂടാതെ ഹീത്രൂവില്‍ നിന്നും ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്താനും എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്ക് മൂന്നും മുംബൈയിലേക്ക് രണ്ടും സര്‍വീസുകളാണ് കൂടുതലായി തുടങ്ങുന്നത്.

കോവിഡ് കാലത്ത് ബ്രിട്ടനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ വിവിധ നഗരങ്ങളിലേക്ക് ന്ധ'വന്ദേ ഭാരത്''എന്ന പേരില്‍ തുടങ്ങിയ ഡയറക്ട് സര്‍വീസ് പിന്നീട് കോവിഡിനു ശേഷം കൊച്ചിയിലേക്കുള്ള റഗുലര്‍ ഷെഡ്യൂളായി നിലനിര്‍ത്തുകയായിരുന്നു.

തുടക്കത്തില്‍ ആഴ്ചയില്‍ ഒരു സര്‍വീസ് എന്നത് പിന്നീട് രണ്ടായും ഒടുവില്‍ മൂന്നായും ഉയര്‍ത്തി. നോണ്‍സ്റ്റോപ്പായി പത്തു മണിക്കൂറുകൊണ്ട് നാട്ടിലെത്താവുന്ന ഈ സര്‍വീസ് ബ്രിട്ടനിലെ മലയാളികള്‍ക്ക് ഏറെ അനുഗ്രഹമായി. എന്നാല്‍ ഒരിടവേളപോലെ ഈ സര്‍വീസ് അപ്രത്യക്ഷമാവുകയും ഇതിനെതിരെ മലയാളികള്‍ മുറവിളി കൂട്ടിയപ്പോള്‍ പുന:സ്ഥാപിക്കുകയായിരുന്നു.

ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ഉളവുകള്‍ നല്‍കിയതിനു പുറമെ വിമാന ജോലിക്കാര്‍ക്ക് താമസിക്കാന്‍ എയര്‍പോര്‍ട്ടിനടുത്ത് സൗകര്യം ഒരുക്കിയുമാണ് കൊച്ചി വിമാനത്താവള അധികൃതര്‍ ഈ ഡയറക്ട് സര്‍വീസിനെ പരിപാലിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക