Image

ഷൂവാദ  (കരാമക്കാഴ്ചകൾ: മിനി വിശ്വനാഥന്‍)

Published on 06 April, 2023
ഷൂവാദ  (കരാമക്കാഴ്ചകൾ: മിനി വിശ്വനാഥന്‍)

അഹ്മ്മദ്, അഹ്മ്മദ് എന്ന ഭൂമികുലുക്കൻ വിളികൾക്കു മറുപടിയായി മുകളിൽ നിന്ന് തിടുക്കത്തിലുള്ള കുറെയേറെ കാലടി ശബ്ദങ്ങളും കുഞ്ഞുങ്ങളുടെ കലപില ബഹളവും ഒരു സ്ത്രീയുടെ ചതഞ്ഞു പതിഞ്ഞ ശബ്ദവും താഴേക്കിറങ്ങിവന്നു. 

പുറത്ത് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന വേവലാതിയോടെ ഞാൻ ജനാലയ്കരികിലേക്ക് ഓടി കർട്ടൻ പതിയെ മാറ്റി പുറത്തേക്ക് നോക്കി നിന്നു. വെയിൽച്ചൂടിൽ വേവുന്ന റോഡുകളല്ലാതെ അവിടെ അസ്വാഭാവികമായി ഒന്നും കാണാനുണ്ടായിരുന്നില്ല. ഒന്നുകൂടി തല പുറത്തേക്കിട്ടപ്പോൾ
വലിയ ഒരു ആപ്പിൾപ്പഴത്തിനു കണ്ണും മൂക്കും വെച്ചതു പോലെ വെളുത്തു തുടുത്ത ഒരറബ് വസ്ത്രധാരി തന്റെ പഴയ സ്റ്റേഷൻ വാഗനിന്റെ ഡിക്കിയിൽ നിന്ന് പഴവർഗ്ഗങ്ങളും വിവിധ തരം പച്ചക്കറികളും അടുക്കി വെച്ച മരപ്പെട്ടികൾ പുറത്തേക്ക് എടുത്തു വെക്കുന്ന കാഴ്ചയിൽ കണ്ണു പറ്റി. 

അതിനിടെ അയാൾ മുകളിലെ ഏതോ ഒരു ഫ്ലാറ്റിലേക്ക് നോക്കി തൊണ്ടയിൽ വിസിൽ കുടുങ്ങിയതു പോലുള്ള ചിലച്ച ശബ്ദത്തിൽ അഹ്മ്മദ്  എന്ന് വിളിച്ചു കൂവുന്നുമുണ്ട്. (ദേഷ്യം സ്ഥായീഭാവമായി മുഖത്ത് വാരിപ്പറ്റിച്ച ആ മനുഷ്യനെ പിന്നീട് വളരെക്കാലത്തോളം "ഷൂവാദ" എന്ന അപരനാമത്തിലായിരുന്നു ഞങ്ങൾ പരാമർശിച്ചിരുന്നത്.)

കാര്യങ്ങളുടെ ഏകദേശ സ്ഥിതി മനസ്സിലാക്കിയ ഞാൻ ധൈര്യത്തോടെ ജനാലക്കർട്ടനുകൾ തുറന്ന് കരാമയുടെ ഉച്ചക്കാഴ്ചകളിലേക്ക് മുഖമാഴ്തി.

അപ്പോഴേക്ക് മുകളിൽ നിന്ന് ബഹളം വെച്ച് കൊണ്ട് ഒന്നോ രണ്ടോ വയസ് വ്യത്യാസമുള്ള  ആറ് ചെറിയ ആൺകുട്ടികൾ താഴെ എത്തി ഈ പെട്ടികൾക്കരികിൽ സ്ഥലം പിടിച്ചു. കൂട്ടത്തിൽ മൂത്തവനായിരിക്കണം അഹ്മ്മദ്. അവന്റെ കൈയിൽ മുഖത്തേക്ക് പാറിവീഴുന്ന സ്പ്രിങ്ങ് പോലുളള സ്വർണ്ണമുടിയും നീലക്കണ്ണുകളുമുള്ള സുന്ദരിയായ ഒരു ഒന്നര വയസുകാരി ഉണ്ടായിരുന്നു. അബ്ബയെ കണ്ടയുടൻ ആ പെൺകുട്ടി അയാളുടെ മേലേക്ക് മറിഞ്ഞു വീണു. അമിതമായ വാത്സല്യ പ്രകടനങ്ങളൊന്നുമില്ലാതെ അവളെ വാരിയെടുത്തു മുടിയിഴകൾ ഒതുക്കി വെച്ചു.

അതിനിടെ മൂത്ത ആൺകുട്ടികൾ ഭാരം നോക്കി കൈമാറി പച്ചക്കറിപ്പെട്ടികൾ മുകളിലേക്ക് കടത്തിത്തുടങ്ങിയിരുന്നു. 
കുഞ്ഞിനെ കാറിന്റെ ബോണറ്റിൽ ഇരുത്തി അയാൾ വീണ്ടും സാധനങ്ങൾ പുറത്തേക്ക് ഇറക്കി വെക്കുന്ന തക്കത്തിൽ അവളുടെ കണ്ണിൽ പെടാനായി ഞാൻ കർട്ടൻ മാറ്റി പുറത്തേക്ക് വിശാലമായി നീങ്ങി നിന്നു.

പാവക്കുട്ടിയെപ്പോലെ സുന്ദരിയായ അത്തരം കുട്ടികളെ ഞാൻ പഴയ ഇംഗ്ലീഷ് സിനിമകളിൽ മാത്രമെ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അവളാണെങ്കിൽ അയാൾ കൊടുത്ത ഒരു കാരറ്റും കടിച്ചു കൊണ്ട് നടപ്പാതയിൽ ഉലാത്തുന്ന കാടൻ പൂച്ചയോട് അവളുടെ ഭാഷയിൽ കിന്നാരം പറയുകയായിരുന്നു. ജനലിലൂടെ എത്തിനോക്കുന്ന പുതുദുബായിക്കാരിയായ "മൽബാറി"യേക്കാൾ കൗതുകമുള്ള കാഴ്ച ആ കാടൻ പൂച്ചയുടേതായതു കൊണ്ടാവാം അവൾ ഞാനെന്നൊരു ജീവിയെ കണ്ട ഭാവം വെച്ചില്ല !

കുട്ടികൾ സാധനങ്ങൾ കാലിയാക്കുന്നതിനിടെ വീണ്ടും അയാൾ മുകളിലേക്ക് നോക്കി ശാസിക്കുന്ന സ്വരത്തിൽ അഹ്മ്മദ്, അഹ്മ്മദ് എന്ന് വീണ്ടും വിളിച്ചു കൂവി. കുറച്ച് നേരം കൊണ്ട് തന്നെ എന്റെ അയൽക്കാരായ ആ വലിയ അറബ് കുടുംബത്തിന്റെ വിശേഷങ്ങൾ കൂടുതൽ അറിയാനായി ഞാൻ നിസ്സംഗത ഭാവിച്ച് ദൂരെ തെളിഞ്ഞു കാണുന്ന പിക് ആന്റ് സെയ്വ് സൂപ്പർമാർക്കറ്റിന്റെ ബോർഡു നോക്കുന്നത് പോലെ വിദൂരത്തിലേക്ക് മിഴികൾ ഉറപ്പിച്ചു.

ഡിക്കിയിലും സീറ്റിലും നിറച്ചിരുന്ന സാധനങ്ങൾ മുഴുവൻ പുറത്ത് വെക്കുമ്പോഴേക്ക് അഹ്മ്മദ് എന്ന അലറലിന് പിറകെ ആ കുട്ടികളുടെ ഉമ്മി താഴെയിറങ്ങി വന്നു. ഭാരം കൂടിയ ഉള്ളിസഞ്ചിയും അരിച്ചാക്കും അവരെ ഏല്പിക്കുന്നതിനിടയിലും അയാൾ അവരോട് ഉറക്കെയുറക്കെ വഴക്ക് പറയുന്നതു പോലെ സംസാരിക്കുന്നുണ്ടായിരുന്നു !

ഭാര്യയെ പേര് വിളിക്കാത്ത പഴയ കാല മലയാളി പുരുഷൻമാരെ പോലെ ഈ പലസ്തീൻ സ്വദേശി ഭാര്യയെ മൂത്ത മകന്റെ പേര് ചൊല്ലിയാണ് വിളിക്കുന്നതെന്ന് കുറച്ച് ദിവസങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി. അവരുടെ പ്രണയാർദ്രമായ സംസാര രീതി പോലും പരസ്പരം അടി കൂടുന്നത് പോലെയാണെന്നും ! 

സാധനങ്ങൾ ഇറക്കി വെച്ച് അയാൾ വണ്ടി പാർക്കു ചെയ്യുന്നതിനായി പോയി. പെട്ടെന്ന് ഉമ്മിയുടെ ഒക്കത്തിരുന്ന ആ സ്വർണ്ണ മുടിക്കാരിയുടെ കണ്ണുങ്ങൾ എനിക്കു നേരെ നീണ്ടു , കുഞ്ഞിക്കൈകൾ ജനാലക്ക് നേരെ വീശി. ഒരു കൊച്ച് സൗഹൃദത്തിനുള്ള സാദ്ധ്യതകൾ കൂടി തെളിഞ്ഞതിന്റെ സമാധാനത്തിൽ ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.

അവരുടെ ബഹളം കഴിഞ്ഞ് മുകളിലേക്ക് പോവുമ്പോഴേക്കും സമയം ഒരു മണിയായിരുന്നു. പുറത്ത് സ്കൂൾ ബസിൽ നിന്ന് കുട്ടികൾ ഇറങ്ങുന്നതും ഓരോ കെട്ടിടങ്ങളിലേക്ക് നടന്നു നീങ്ങുന്നതും നോക്കി ഞാൻ ആ ജനാലക്കരികിൽ തന്നെ നിന്നു. ഈ ബിൽഡിങ്ങിൽ കുറച്ചധികം കുട്ടികൾ ഉണ്ടെന്നും അവരിലാരെങ്കിലുമൊക്കെ ഞാനുമായി കൂട്ടാവുമെന്നുമുള്ള ശുഭ പ്രതീക്ഷയിൽ സന്തോഷിക്കുമ്പോഴാണ് കാളിങ്ങ് ബെൽ ചിലച്ചത് !

വിശ്വേട്ടൻ ഉണ്ണാൻ വന്നതാണെന്ന തിരിച്ചറിവിൽ ഞാനുണ്ടാക്കിച്ചെ പച്ചരിച്ചോറും പരിപ്പുകറിയും എന്നെ നോക്കി ഗൂഢമായൊന്നു മന്ദഹസിച്ചു. "നീ വല്ലതും ഉണ്ടാക്കിയിരുന്നോ " എന്ന ആദ്യ ചോദ്യം എനിക്ക് തീരെ ഇഷ്ടമായില്ല. ഇത്രയും നേരം ഞാൻ അനുഭവിച്ച എല്ലാ സംഘർഷങ്ങളെയും റദ്ദു ചെയ്യുന്നതാണ് ആ ചോദ്യം എന്ന തോന്നലിൽ ഞാൻ "ഇവിടെ പച്ചക്കറികൾ  ഇല്ലായിരുന്നു " എന്ന് മറുപടി പറഞ്ഞു.

ഉച്ചയൂണിന്റെ വിഭവങ്ങൾ നിരത്തി. ചോറ് നല്ല കുട്ടപ്പനായി പ്ലേറ്റിൽ വീണു. പാകത്തിനുളള വേവുണ്ടെന്ന സർട്ടിഫിക്കറ്റോടെ കൂട്ടാനിൽ സ്പൂണിട്ടിളക്കി സംശയത്തോടെ അതും പാത്രത്തിലൊഴിച്ചു. അല്പം വെള്ളം കൂടിയാലും കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു , ആ പരിപ്പ് കറി. രുചിച്ച് നോക്കി ഉപ്പും എരിവുമൊക്കെ പാകമാണെന്ന് പറഞ്ഞ് അച്ചാറ് പാത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂപ്പർ ഊണ് കഴിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഞാനും ഉണ്ണാനിരുന്നു .
ഒരു ഉരുള വായിലിട്ടപ്പോഴാണ് ഇത്രയും മോശമായ ഒരു കറി ഞാൻ ജീവിതത്തിലിന്നു വരെ കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ് ഉണ്ടായത്. ദുബായിലെ യോഗർട്ടിന് കറിയുടെ രുചികേട്  മായ്ക്കാനുള്ള പ്രത്യേക സിദ്ധി ഉള്ളതു കൊണ്ട് മാത്രം ഞാൻ അല്പം ഊണ് കഴിച്ചു. വീട്ടിലെ തേങ്ങയരച്ചു വെച്ച മീൻ കറിയുടെ ഓർമ്മ വന്നപ്പോൾ ഞാൻ കരഞ്ഞു തുടങ്ങി.

ഉച്ച ഒരു മണി മുതൽ നാല് മണി വരെ ഫോണിന് ഓഫ് ടൈം ഉണ്ടെന്നും, വേണമെങ്കിൽ നാട്ടിലേക്ക് വിളിക്കാമെന്നും ദുബായിക്കാരൻ ഉദാരനായപ്പോൾ , ഡാഡിയുടെ ശബ്ദം കേട്ടാൽ കരഞ്ഞു പോവുമെന്നതു കൊണ്ട് ആ ഓഫർ ഞാൻ തള്ളിക്കളഞ്ഞു. പക്ഷേ അടുത്ത നിമിഷം ഫോൺ മണിയടിച്ചു, വിശ്വേട്ടൻ ഹലോ എന്ന് പറയുമ്പോഴേക്ക് "മിനിയോ" എന്ന ഡാഡിയുടെ വിളി എന്നെ തേടിയെത്തി. ഈ ഉച്ച സമയത്ത് കതിരൂർ വരെ നടന്ന് വന്ന് ഏതോ ഒരു ടെലിഫോൺ ബൂത്തിൽ നിന്നാണ് ഡാഡി വിളിക്കുന്നതെന്നറിയുന്നത് കൊണ്ട് എന്റെ സങ്കടം ഞാൻ മാറ്റി വെച്ചു. "നിനക്ക് സുഖമല്ലേ" എന്ന ചോദ്യത്തിന് , അതെയെന്ന് ഉത്തരം പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ട് ഞാൻ ഞാൻ വിശേഷങ്ങൾ പറഞ്ഞു. സംസാരിക്കുന്ന ഒരോ സെക്കന്റിനു മാണ് പൈസ എന്ന് മുന്നനുഭവങ്ങളിൽ നിന്ന് എനിക്കറിയാമായിരുന്നതു കൊണ്ട് സംസാരം അധികം നീട്ടിയില്ല.

രാത്രി ഭക്ഷണത്തിന് വേണു വിളിച്ചിട്ടുണ്ടെന്നത് കൊണ്ട് ഡിന്നർ ഉണ്ടാക്കണ്ട എന്ന് അതിനിടെ മൂപ്പർ പറഞ്ഞത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നാലു മണിക്ക് വീണ്ടും ഓഫീസിൽ പോവണമെന്നും എട്ടു മണിയോടെ തിരിച്ച് വരുമെന്നും അപ്പോഴേക്ക് ഒരുങ്ങി നിൽക്കണമെന്നും നിർദ്ദേശിച്ച് പുള്ളി ഉച്ച മയക്കത്തിലേക്ക് ആണ്ടു. 

വായിക്കാൻ തലേന്നത്തെ മലയാള പത്രവും അന്നത്തെ ഖലീജ് ടൈംസും ഉണ്ടായിരുന്നു. തണുത്തു മരവിച്ച മലയാള വാർത്തകളിലേക്ക് കണ്ണോടിച്ച് ഇരിക്കുമ്പോഴാണ് പുറത്ത് വലിയ ഒരു മഞ്ഞ ട്രക്ക് ശബ്ദത്തോടെ, ഞങ്ങളുടെ പുറം കാഴ്ചകളെ മറഞ്ഞ് പാർക്ക് ചെയ്തത്....

മറക്കാനാവാത്ത മറ്റൊരു ദുബായി അനുഭവത്തിന്റെ താക്കോലാണ് ആ ട്രക്ക് എന്നറിയാതെ ഞാൻ ആ ഇരുട്ടിൽ ഇരുന്നു ....

(തുടരും )

#karama_Articleby_Miniviswanathan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക