സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ സെന്റ് സേവ്യര്‍ പ്രൊപോസ്ഡ് മിഷനില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി. ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നടന്ന പെസഹാ തിരുന്നാള്‍, ദുഃഖവെള്ളി ശുശ്രൂഷ, ഉത്ഥാനത്തിരുന്നാള്‍ എന്നിവ പീഡാനുഭവ വാരത്തിന്റെ ഓര്‍മ്മ പുതുക്കലായി.
പെസഹ തിരുന്നാളിനോട് അനുബന്ധിച്ച് കാല് കഴുകല്‍ ശുശ്രുഷ, വിശുദ്ധ ബലി സ്ഥാപിച്ച അന്ത്യത്താഴ വിരുന്ന്, ദിവ്യകാരുണ്യ ആരാധന എന്നിവ നടന്നു. ദുഃഖവെള്ളി ശുശ്രുഷകളില്‍ കുരിശിന്റെ വഴി, യേശുവിന്റെ മേല്‍ ചാര്‍ത്തിയ കുറ്റാരോപണവും ശിക്ഷാ വിധിയും, കുരിശുമരണവും സംസ്കാരവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ നടന്നു. എന്നിവയും നടന്നു. തുടര്‍ന്ന് കയ്പുനീര് പാനവും നേര്‍ച്ചകഞ്ഞി വിതരണവും നടത്തി. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ഉത്ഥാനത്തിരുന്നാള്‍ നടത്തി. വിശുദ്ധവാര ശുശ്രുഷകള്‍ക്ക് ഫാ. അനീഷ് നെല്ലിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
സ്റ്റീവനേജിന് പുറമെ ലൂട്ടന്‍, എന്‍ഫീല്‍ഡ്, ഹാറ്റ്ഫീല്‍ഡടക്കം സ്ഥലങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിശുദ്ധവാര ശുശ്രുഷകളില്‍ ആത്മീയ സംഗീതസാന്ദ്രമായി ജെസ്ലിന്, ജോര്‍ജ്ജ്, സൂസന്, ഓമന എന്നിവര്‍ ഉള്‍പ്പെടുന്ന ജൂഡ് ടീം നയിച്ച ഗാന ശുശ്രുഷയും ക്യാറ്റകിസം അധ്യാപകരുടെ വായനയും ഉണ്ടായിരുന്നു. കൈക്കാരന് സാംസണ് ജോസഫ്, ലിറ്റര്‍ജി ബെന്നി ജോസഫ് എന്നിവര്‍ വിശുദ്ധവാരത്തിന്റെ ക്രമീകണരങ്ങള്‍ക്ക് നേതൃത്വം നല്കി.